പ്രശസ്ത ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് അന്തരിച്ചു

പ്രശസ്ത ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് അന്തരിച്ചു

ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡാണ് മരണം സ്ഥിരീകരിച്ചത്
Updated on
1 min read

ഇംഗ്ലണ്ടിന്റെ മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് അന്തരിച്ചു. 55 വയസായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡാണ് മരണം സ്ഥിരീകരിച്ചത്.

"അതിയായ ദുഃഖത്തോടെ ഗ്രഹാം തോർപ്പിന്റെ മരണവാർത്ത അറിയിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ വാക്കുകള്‍ക്കൊണ്ട് അറിയിക്കാനാകുന്നതിലും അപ്പുറമാണ്," ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയില്‍ പറയുന്നു.

"ഇംഗ്ലണ്ടിന്റെ എക്കാലത്തെ മികച്ച ബാറ്റർമാരിലൊരാള്‍ എന്നതിലുപരി ആഗോളതലത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ആരാധിച്ചിരുന്ന താരം കൂടിയായിരുന്നു. 13 വർഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ അദ്ദേഹത്തിന്റെ മികവ് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പരിശീലകനെന്ന നിലയില്‍ വിവിധ ഫോർമാറ്റുകളിലായി ഇംഗ്ലണ്ടിന് മികച്ച വിജയങ്ങള്‍ സമ്മാനിക്കാനും അദ്ദേഹത്തിനായി," പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലായി ഇടം കയ്യൻ ബാറ്റർ 182 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു.

1993ലായിരുന്നു അരങ്ങേറ്റം. ആഷസില്‍ സെഞ്ചുറി നേടിയായിരുന്നു കരിയറിന്റെ തുടക്കം. ടെസ്റ്റില്‍ 16 സെഞ്ചുറികള്‍ ഉള്‍പ്പെടെ 6,744 റണ്‍സ് നേടി. ഏകദിനത്തില്‍ 2,380 റണ്‍സാണ് സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21,937 റണ്‍സും നേടി. 49 സെഞ്ചുറികളും ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in