ഐതാന ബോന്‍മാറ്റി മുതല്‍ മാര്‍ത്ത വരെ; പാരീസ് ഒളിമ്പിക്സ് സോക്കര്‍ മൈതാനത്തെ പെണ്‍പുലികള്‍
ലോകം ഒളിമ്പിക്സ് ആരവങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ക്ക് ശേഷം ലോക കായിക മാമാങ്കത്തിന് തിരിതെളിയുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ഇനമാണ് വനിതാ ഫുട്‌ബോള്‍. ഒളിംപിക്‌സ് ചരിത്രത്തില്‍ വനിതാ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ചാംപ്യന്‍മാരായിട്ടുള്ളത് അമേരിക്കയാണ്. 2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണയും 1996 ലുമാണ് യുഎസ് സ്വര്‍ണം സ്വന്തമാക്കിയത്. കാനഡയായിരുന്നു 2020ല്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കള്‍. വനിത ഫുട്‌ബോള്‍ ഒളിംപിക്‌സ് ഇനമാക്കി ഉള്‍പ്പെടുത്തി എട്ട് ഒളിംപിക്‌സുകള്‍ മാത്രമാണ് പിന്നിട്ടിട്ടുള്ളത്.
ഒളിംപിക്‌സ് പാരീസിലെത്തുമ്പോള്‍ സ്വര്‍ണ നേട്ടത്തില്‍ കുറഞ്ഞൊന്നും അമേരിക്ക പ്രതീക്ഷിക്കുന്നില്ല. പാരിസ് ഒളിംപിക്‌സിന് തിരിതെളിയുമ്പോള്‍ വനിതാ ഫുട്‌ബോളിലെ അഞ്ച് നാല് താരങ്ങളിലേക്ക് ആയിരിക്കും ആരാധകരുടെ ശ്രദ്ധ സഞ്ചരിക്കുക. സ്പാനിഷ് താരം ഐതാന ബോന്‍മാറ്റി മുതല്‍ ബ്രസീല്‍ താരം മാര്‍ത്ത വരെയുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
മാര്‍ത്ത വിയേര ഡാ സില്‍വ
മാര്‍ത്ത വിയേര ഡാ സില്‍വയെന്ന 38കാരിയായ ബ്രസീലിയന്‍ താരം മികച്ച താരത്തിനുള്ള ആറ് ഫിഫ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ലോകോത്തര കിരീടവും സ്വന്തമാക്കാന്‍ മാര്‍ത്തയ്ക്ക് കഴിഞ്ഞിട്ടില്ല. 2004, 2008 ഒളിംപിക്‌സുകളില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപെടേണ്ടിവന്നു മാര്‍ത്തയ്ക്കും സംഘത്തിനും. 2007 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലും സമാനമായിരുന്നു വിധി.
ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബ്രസീലിയന്‍ താരം എന്ന റെക്കോര്‍ഡ് മാര്‍ത്തയുടെ പേരിലാണ്. 17 ഗോളുകളാണ് മാര്‍ത്തയുടെ പേരിലുള്ളത്. പാരിസ് ഒളിംപിക്‌സ് തന്റെ കരിയറിലെ അവസാനത്തെ ഒളിംപിക്‌സായിരിക്കുമെന്നും മാര്‍ത്ത പ്രഖ്യാപിച്ചിട്ടുണ്ട്.
റേച്ചല്‍ കുന്ദനന്‍ജി - സാംബിയ
ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ എല്ലാ പ്രതീക്ഷകളും പേറിയാണ് റേച്ചല്‍ കുന്ദനന്‍ജി ഇത്തവണ പാരീസിലെത്തുന്നത്. കഴിഞ്ഞ വനിതാ ലോകകപ്പില്‍ സാംബിയക്ക് വേണ്ടി കളിച്ചിട്ടുള്ള താരം 18 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയിട്ടുണ്ട്
ഐതാന ബോണ്‍മാറ്റി
2023 ലെ ബാലണ്‍ ഡി ഓര്‍ ജേതാവ്, ലോകകപ്പില്‍ സ്‌പെയിനിന്റെ കിരീട നേട്ടത്തിലെ പങ്കാളി. മികച്ച ഒരു സീസണ് പിന്നാലെയാണ് 26 കാരിയായ ഐതാന ബോണ്‍മാറ്റി പാരീസ് ഒളിംപിക്‌സിന് എത്തുന്നത്.
നേട്ടങ്ങളുടെ നെറുകിലാണ് ബോണ്‍മാറ്റിയുള്ളത്. വനിതാ ലോകകപ്പ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് ട്രോഫി കരസ്ഥമാക്കുന്നതിന് വഴിവച്ച ബാഴ്സലോണയ്ക്കായി ഫൈനലില്‍ വലകുലുക്കിയ മിഡ് ഫീല്‍ഡര്‍. ഇത്തവണ പാരീസ് കാത്തിരിക്കുന്നതും ഐതാനയുടെ മിന്നും പ്രകടനത്തിനാണ്.
ലിന്‍ഡ്‌സെ ഹൊറാന്‍
കിരീട പ്രതീക്ഷയുമായി പാരീസിലെത്തിയ അമേരിക്കയുടെ അമരക്കാരിയാണ് ലിന്‍ഡ്‌സെ ഹൊറാന്‍. 2020 ടോക്കിയോയില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ കാനഡയോട് തോല്‍വി ഏറ്റുവാങ്ങിയ ടീം അംഗം കൂടിയായിരുന്നു ഈ മുപ്പതുകാരി.