ഹാങ്ഷൂ വാതില്‍തുറന്നു; ഇനി ഏഷ്യന്‍ വന്‍കരയുടെ കായികമേളം
ഏഷ്യയിലെ കായിക മാമാങ്കത്തിന് ഹാങ്ഷൂവില്‍ വര്‍ണഭമായ തുടക്കം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ വെര്‍ച്വലായി തിരിതെളിയിച്ചതോടെ പത്തൊന്‍പതാമത് ഏഷ്യന്‍ഗെയിംസിന് ഔദ്യോഗിക തുടക്കമായി. വനിതാ ഹോക്കി ടീം നായിക ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോട്ടസ് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
ചൈനയുടെ ചരിത്രവും പാരമ്പര്യവും സൗന്ദര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ ചടങ്ങിന്റെ മോടികൂട്ടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളുള്‍പ്പെടെ അരലക്ഷത്തോളം ആളുകളാണ് ബിഗ് ലോട്ടസ് സ്‌റ്റേഡിയത്തില്‍ എത്തിയത്. ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നതെങ്കിലും ഇതിനകം മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
45 രാജ്യങ്ങളില്‍ നിന്നായി 12417 കായിക താരങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. 56 വേദികളിലായി 481 ഇനങ്ങളുണ്ട്. 655 കായികതാരങ്ങളടുങ്ങുന്ന ഏഷ്യാഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ചൈനയിലെത്തിയത്. 39 ഇനങ്ങളിലാണ് രാജ്യം മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകളാണ് നേടിയത്. ജക്കാര്‍ത്തയില്‍ എട്ട് സ്വര്‍ണമടക്കം 20 മെഡലുകള്‍ നേടിത്തന്ന അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഇത്തവണയും കണ്ണുവയ്ക്കുന്നത്.