ടെന്നീസ് കോര്‍ട്ടില്‍ സുവര്‍ണ എയ്‌സ്; പൊന്നണിഞ്ഞ് ബൊപ്പണ്ണ-ഋതുജ സഖ്യം, ഇന്ത്യക്ക് ഒമ്പതാം സ്വര്‍ണം

ടെന്നീസ് കോര്‍ട്ടില്‍ സുവര്‍ണ എയ്‌സ്; പൊന്നണിഞ്ഞ് ബൊപ്പണ്ണ-ഋതുജ സഖ്യം, ഇന്ത്യക്ക് ഒമ്പതാം സ്വര്‍ണം

രോഹന്‍ ബൊപ്പണ്ണ - റുതുജ ഭൊസാലെ സഖ്യമാണ് മെഡല്‍ സ്വന്തമാക്കിയത്
Updated on
1 min read

ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പതാം സ്വര്‍ണം നേടി ഇന്ത്യ. ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് നേട്ടം. രോഹന്‍ ബൊപ്പണ്ണ - ഋതുജ ഭൊസാലെ സഖ്യമാണ് മെഡല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.

പിന്നില്‍ നിന്ന് തിരിച്ചടിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് വെറും 28 മിനിറ്റിനുള്ള നഷ്ടപ്പെടുത്തിയ അവര്‍ പക്ഷേ രണ്ടാം സെറ്റില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. പൊരുതിക്കളിച്ച തായ്‌പെയ് സഖ്യത്തെ വീഴ്ത്തി 32 മിനിറ്റിനുള്ളില്‍ 6-3ന് രണ്ടാം സെറ്റ് ജയിച്ച ഇന്ത്യന്‍ സഖ്യം മത്സരം ടൈബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു. തുടര്‍ന്ന് 10-4 എന്ന സ്‌കോറില്‍ ടൈബ്രേക്കര്‍ ജയിച്ച ബൊപ്പണ്ണ-ഋതുജ ജോഡി സ്വര്‍ണം ഉറപ്പാക്കി.

ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. 2018-ല്‍ ജക്കാര്‍ത്ത ഗെയിംസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ യൂകി ഭാംബ്രിക്കൊപ്പം ബൊപ്പണ്ണ പൊന്നണിഞ്ഞിരുന്നു. അതേസമയം കരിയറിലെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണ് ഋതുജ സ്വന്തമാക്കിയത്. ഹാങ്ഷു ഗെയിംസ് ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ പുരുഷന്മാരുടെ ഡബിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യം വെള്ളി നേടിയിരുന്നു.

ബൊപ്പണ്ണ-ഋതുജ സഖ്യത്തിന്റെ സ്വര്‍ണനേട്ടത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 35 ആയി. ഒമ്പതു സ്വര്‍ണവും 13 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 107 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 28 ഉം ദക്ഷിണ കൊറിയ 27 ഉം ഉസ്‌ബെക്കിസ്ഥാന്‍ 10ഉം സ്വര്‍ണം നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in