ഏഷ്യന്‍ ഗെയിംസ്: പൊന്നണിഞ്ഞ് പരുള്‍; നേട്ടം  5000 മീറ്ററില്‍, 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ്  അഫ്‌സലിന് വെള്ളി

ഏഷ്യന്‍ ഗെയിംസ്: പൊന്നണിഞ്ഞ് പരുള്‍; നേട്ടം 5000 മീറ്ററില്‍, 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സലിന് വെള്ളി

പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ നിരാശപ്പെടുത്തി
Updated on
1 min read

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് സ്വര്‍ണം. ഗെയിംസിലെ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്. അവസാന 50 മീറ്ററിലായിരുന്നു ജപ്പാന്റെ രിരിക ഹിറോനകയെ പിന്തള്ളി പരുള്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. 15 മിനുറ്റ് 14.75 സെക്കന്‍ഡിലാണ് പരുള്‍ ഫിനിഷ് ചെയ്തത്. 3000 സ്റ്റീപ്പിൽ ചെയ്സിൽ പരുള്‍ ചൗധരി വെള്ളി നേടിയിരുന്നു.

അതേസമയം, ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സലിന് വെള്ളി. ഒരു മിനുറ്റ് 48.43 സെക്കന്‍ഡിലാണ് അഫ്സല്‍ ഫിനിഷ് ചെയ്തത്. സൗദി അറേബ്യയുടെ എസ അലി എസ് ക്സ്വാനിക്കാണ് സ്വര്‍ണം (ഒരു മിനുറ്റ് 48.05 സെക്കന്‍ഡ്). എന്നാല്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ നിരാശപ്പെടുത്തി. 16.62 മീറ്റര്‍ ചാടിയെങ്കിലും നാലാം സ്ഥാനത്ത് എത്താനെ താരത്തിന് കഴിഞ്ഞുള്ളു. അതേസമയം സഹതാരമായ പ്രവീണ്‍ ചിത്തരവേല്‍ വെങ്കലം നേടി.

നേരത്തെ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജ് വെങ്കലം നേടിയിരുന്നു. 55.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വിത്യ മെഡലുറപ്പിച്ചത്. ബഹറിന്റെ മുജിദത്ത് ഒലുവാക്കെമിക്കാണ് സ്വര്‍ണം. 54.45 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ മൊ ജിയാദിക്കാണ് വെള്ളി (55.01 സെക്കന്‍ഡ്)

നേരത്തെ പി ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തിയായിരുന്നു വിത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഉഷയുടെ 55.42 സെക്കൻഡ് എന്ന റെക്കോഡിന് ഒപ്പമാണ് വിത്യ എത്തിയത്. 1984ൽ ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒളിമ്പിക് ഗെയിംസിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ടപ്പോൾ സ്ഥാപിച്ച ദേശിയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്.

പരുളിന്റെ സ്വര്‍ണത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 66 ആയി ഉയര്‍ന്നു. 14 സ്വര്‍ണം, 25 വെള്ളി, 27 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന (150 സ്വര്‍ണം), ജപ്പാന്‍ (33 സ്വര്‍ണം), ദക്ഷിണ കൊറിയ (31 സ്വര്‍ണം) എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in