ഏഷ്യന്‍ ഗെയിംസ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് ടീം തുടങ്ങി

ഏഷ്യന്‍ ഗെയിംസ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് ടീം തുടങ്ങി

ജക്കാര്‍ത്തയില്‍ 2018-ല്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യ പുരുഷ വിഭാഗത്തില്‍ വെങ്കലവും വനിതാ വിഭാഗത്തില്‍ വെള്ളിയും നേടിയിരുന്നു.
Updated on
1 min read

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം തുടങ്ങി. അതേസമയം ഖത്തറിനും സിംഗപ്പൂരിനുമെതിരേ തുടരെ രണ്ടു ജയങ്ങളുമായി പുരുഷ ടീമും മെഡല്‍ ലക്ഷ്യമിട്ട് പോരാട്ടം ആരംഭിച്ചിട്ടുണ്ട്. വനിതകളുടെ മത്സരത്തില്‍ ജോഷ്‌ന ചിന്നപ്പ, അനാഹത് സിങ്, തന്‍വി ഖന്ന എന്നിവരടങ്ങിയ ടീമാണ് പാകിസ്താനെ ഏകപക്ഷീയമായി തകര്‍ത്തത്. സ്‌കോര്‍ 3-0.

അനാഹത് സിങ്ങാണ് ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ അവര്‍ പാക് താരം സാദിയ ഗുല്ലിനെ 11-6, 11-6, 11-3 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. പിന്നീട് തന്റെ ആറാം ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്ന ജോഷ്‌ന പാക് താരം നൂര്‍ ഉല്‍ ഹൂദയെ 11-2, 11-5, 11-7 എന്ന സ്‌കോറില്‍ തകര്‍ത്ത് ഇന്ത്യക്ക് അനിഷേധ്യ ലീഡ് ഉറപ്പാക്കി. പിന്നീട് അവസാന മത്സരത്തില്‍ പാക് താരം നൂര്‍ ഉല്‍ ഐനെ 11-3, 11-6, 11-2 എന്ന സ്‌കോറില്‍ തോല്‍പിച്ച് ഇന്ത്യയുടെ ജയം സമ്പൂര്‍ണമാക്കി.

ജയത്തോടെ പൂള്‍ ബിയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യക്കായി. പൂള്‍ എയില്‍ നിന്നും പൂള്‍ ബിയില്‍ നിന്നും ആദ്യ രണ്ടു ടീമുകളാണ് സെമിയിലേക്ക് മുന്നേറുക. നേപ്പാളിനെതിരേയാണ് ഇന്ത്യന്‍ വനിതകളുടെ അടുത്ത മത്സരം.

അതേസമയം പുരുഷ വിഭാഗത്തില്‍ സിംഗപ്പൂരിനെയും ഖത്തറിനെയും 3-0 എന്ന ഏകപക്ഷീയ സ്‌കോറില്‍ തോല്‍പിച്ചാണ് ഇന്ത്യ കരുത്തു കാട്ടിയത്. ഹരീന്ദര്‍ പാല്‍ സിങ് സന്ധു, സൗരവ് ഘോഷാല്‍, അഭയ് സിങ് എന്നിവരടങ്ങിയ ടീമാണ് തിളക്കമാര്‍ന്ന ജയം നേടിയത്. പൂള്‍ എയില്‍ തുടരെ രണ്ടു ജയങ്ങളുമായി തലപ്പത്തെത്താനും ഇന്ത്യന്‍ പുരുഷന്മാര്‍ക്കായി. കുവൈത്തിനും പാകിസ്താനുമെതിരേയാണ് ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങള്‍.

ജക്കാര്‍ത്തയില്‍ 2018-ല്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ വെങ്കലവും വനിതാ വിഭാഗത്തില്‍ വെള്ളിയും നേടിയിരുന്നു. ഇക്കുറി സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ഇരുവിഭാഗത്തില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. മികച്ച തുടക്കത്തോടെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്താണ് നീങ്ങുന്നതെന്നു താരങ്ങളും തെളിയിച്ചു കഴിഞ്ഞു.

logo
The Fourth
www.thefourthnews.in