ഏഷ്യൻ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, പുരുഷ സ്ക്വാഷില്‍ 'ഇനി സ്വർണ പോരാട്ടം'
ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതാ വിഭാഗം ഷോട് പുട്ടില്‍ കിരണ്‍ ബാലി വെങ്കലം നേടി. 17.36 മീറ്റര്‍ ദൂരം എറിഞ്ഞാണ് കിരണ്‍ ബാലി മെഡല്‍ നേടിയത്.
പുരുഷ സ്‌ക്വാഷില്‍ ഇന്ത്യന്‍ സംഘം ഫൈനലിലെത്തി. മലേഷ്യയ്‌ക്കെതിരെ 2-0 നാണ് ഇന്ത്യയുടെ ജയം. സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ സംഘം നാളെ പാകിസ്താനെ നേരിടും. ഇന്‍ യോ എന്‍ജിയുമായുള്ള ഏറ്റുമുട്ടലില്‍ പിഴവുകള്‍ കൂടാതെ പൊരുതിയ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ 11-3 ന് ആധികാരികമായി ജയമുറപ്പിച്ചു. ആദ്യ റൗണ്ടില്‍ അഭയ് സിങ് ഇന്ത്യന്‍ വിജയത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യ എതിരില്ലാതെ നിര്‍ണായകമായ രണ്ട് പോയിന്റുകള്‍ സ്വന്തമാക്കിയതോടെ മൂന്നാമനായ മഹേഷ് മങ്കോക്കറിന് സെമിയില്‍ ഇറങ്ങേണ്ടി വന്നില്ല.
രണ്ടാം റൗണ്ടില്‍ സൗരവ് ഘോഷാല്‍ 11-3 ന് ആധികാരികമായി ഇന്ത്യയുടെ ജയമുറപ്പിച്ചു
ഇത്തവണയും പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനമായിരുന്നു ഇന്ത്യന്‍ സ്‌ക്വാഷ് മാന്ത്രികന്‍ സൗരവ് ഘോഷാല്‍ പുറത്തെടുത്തത്. 3-1 നാണ് സൗരവിന്റെ വിജയം. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സൗരവ് മൂന്നാം സെറ്റിലും പൊരിഞ്ഞ പോരാട്ടം കാഴ്ച വച്ചെങ്കിലും പതറിപ്പോയി. എങ്കിലും നാലാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തി എതിരാളിയെ നിഷ്പ്രഭനാക്കി ജയമുറപ്പിക്കുകയായിരുന്നു. (സ്‌കോര്‍- 11-8, 11-6, 10-12, 11-3). അതോടെ 2018 ലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ ഫൈനല്‍ കാണാതെ പുറത്തായി. ഒരു മണിക്കൂറും ഒന്‍പത് മിനിറ്റും നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യയുടെ ജയം.
ആദ്യ റൗണ്ടില്‍ മലേഷ്യയുടെ മുഹമ്മദ് അദീനെതിരെ അഭയ് സിങിന്റെ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ സെറ്റില്‍ കണങ്കാലിന് പരുക്ക് പറ്റിയെങ്കിലും അതൊന്നും താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നില്ല. 3-1 നാണ് അഭയ് സിങ്ങിന്റെ ജയം. (സ്‌കോര്‍- 11-3, 12-10,9-11, 11-6). നാളെ ഉച്ചയ്ക്ക് 1.00 ക്കാണ് പാകിസ്താനെതിരായ ഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് സ്റ്റേജില്‍ പാകിസ്താനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. നേരത്തേ വനിതകളുടെ സ്‌ക്വാഷ് മത്സരത്തില്‍ ഇന്ത്യന്‍ സംഘത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.