ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 36-ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു
ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഇന്ത്യന്‍ ദേശീയ ഗെയിംസിന് പ്രൗഢ ഗംഭീരമായ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൂടാതെ ഒളിമ്പ്യന്മാരായ അഞ്ജു ബോബി ജോര്‍ജ്, പിവി സിന്ധു, നീരജ് ചോപ്ര, രവികുമാര്‍ ദഹിയ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ വിസില്‍ മുഴങ്ങിയിരുന്നു
സെപ്റ്റംബര്‍ 29 മുതല്‍ 2022 ഒക്ടോബര്‍ 12 വരെ ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗര്‍ എന്നിവയുള്‍പ്പെടെ ആറ് നഗരങ്ങളിലാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഗുജറാത്ത് ആദ്യമായാണ് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ വിസില്‍ മുഴങ്ങിയിരുന്നു.
2015 ല്‍ കേരളമാണ് അവസാനമായി ദേശീയ ഗെയിംസിന് വേദിയൊരുക്കിയത്. അന്ന് 54 സ്വര്‍ണവുമായി കേരളം രണ്ടാം സ്ഥാനത്തായിരുന്നു. ഇന്ത്യന്‍ സായുധ സേനയുടെ സര്‍വീസസ് സ്പോർട്സ് ടീം ആയിരുന്നു 91 സ്വര്‍ണവുമായി ഒന്നാമത്. സര്‍വീസസിനു വേണ്ടി അവിടെ നേട്ടം കൊയ്തവരില്‍ ഏറെയും മലയാളികളായിരുന്നു. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല.
നാല് സ്വര്‍ണവുമായി പശ്ചിമബംഗാളും മൂന്ന് സ്വര്‍ണവുമായി ഗുജറാത്തുമാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍
നിലവില്‍ നാല് സ്വര്‍ണവുമായി പശ്ചിമബംഗാളും മൂന്ന് സ്വര്‍ണവുമായി ഗുജറാത്തുമാണ് മുന്നിട്ട് നില്‍ക്കുന്നത്. 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സര്‍വീസസും ഉള്‍പ്പെടെ 36 ഇനങ്ങളിലായി 36 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്. മൈതാനത്ത് 7500-ലേറെ താരങ്ങള്‍ മാറ്റുരയ്ക്കുന്നുണ്ട്. ഭൂരിഭാഗം കായിക ഇനങ്ങളും 30നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 12 ന് ദേശീയ ഗെയിംസ് സമാപിക്കും.