സിന്ധുവിന്റെ ആദ്യ സ്വര്‍ണം, രാജ്യത്തിന്റെ ഇരുന്നൂറാമത്തേയും; കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ
പതിനൊന്ന് ദിവസം നീണ്ടുനിന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി. 72 കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി ലോകത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി സൗഹൃദവലയങ്ങള്‍ തീര്‍ത്തു ഇത്തവണത്തെ മേള. 1930 ല്‍ എംപെയര്‍ ഗെയിംസ് എന്ന പേരില്‍ തുടക്കമിട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 22 -ാം പതിപ്പാണ് 2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ ബര്‍മിങ്ഹാമില്‍ നടന്നത്.
സ്വര്‍ണ മെഡല്‍ വേട്ടയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹരിയാനയാണ് മുന്നില്‍
ബര്‍മിങ്ഹാമിലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു കോമണ്‍വെല്‍ത്തിലെ ആദ്യ സ്വര്‍ണം നേടിയപ്പോള്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ 200 -ാം സ്വര്‍ണമെഡലായി അത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു രാജ്യം നേടുന്ന മൊത്തം സ്വര്‍ണത്തിന്റെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയ (998), ഇംഗ്ലണ്ട് (769), കാനഡ (510) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുകളിലുള്ളത്.
സ്വര്‍ണ മെഡല്‍ വേട്ടയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹരിയാനയാണ് മുന്നില്‍. 46 സ്വര്‍ണമെഡലുകളാണ് ഹരിയാന താരങ്ങള്‍ നേടിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം മെഡലുകളും വ്യക്തിഗത മത്സരങ്ങളില്‍ നിന്നാണ്. 92 വര്‍ഷത്തെ ഗെയിംസ് പാരമ്പര്യത്തില്‍ കേരളത്തിന് നേടാന്‍ സാധിച്ചതാകട്ടെ നാല് സ്വര്‍ണം മാത്രം. അതില്‍ മൂന്നും ടീമിനത്തില്‍. ഒരു വ്യക്തിഗത സ്വര്‍ണമെന്ന കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായത് ഈ വര്‍ഷത്തെ ഗെയിംസില്‍ എല്‍ദോസ് പോളിലൂടെയണ്.
ബര്‍മിങ്ഹാമില്‍ പുരുഷ ട്രിപ്പിള്‍ ജമ്പ് വിഭാഗത്തിലാണ് എല്‍ദോസ് പോള്‍ സ്വര്‍ണം നേടിയത്. 2002 ല്‍ വനിത ഹോക്കിയില്‍ ഹെലന്‍ മേരി ഇന്നസെന്റ് ആണ് കേരളത്തിലേക്ക് ആദ്യ സ്വര്‍ണം എത്തിക്കുന്നത്. പിന്നീട് 2010ല്‍ 4*400 മീറ്റര്‍ റിലേ വനിതാ വിഭാഗത്തില്‍ സിനി ജോസ് സ്വര്‍ണം നേടി. 2018ല്‍ ബാഡ്മിന്റണ്‍ മിക്‌സഡ് വിഭാഗത്തില്‍ എച്ച് എസ് പ്രണോയിയും സ്വര്‍ണം കൊണ്ടുവന്നു. തൃപുര, ഗോവ, സിക്കിം എന്നിവയാണ് ഇതുവരെയായും മെഡലുകളൊന്നും നേടാത്ത സംസ്ഥാനങ്ങള്‍.
വ്യക്തികളില്‍ ഉത്തരാഖണ്ഡിന്റെ ജസ്പാല്‍ റാണയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത്. ഷൂട്ടിങില്‍ വ്യക്തിഗത ഇനങ്ങളില്‍ നാലും ടീം മത്സരങ്ങളില്‍ അഞ്ചും ഉള്‍പ്പെടെ ഒന്‍പത് സ്വര്‍ണമെഡലുകളാണ് ജസ്പാലിന്റെ പട്ടികയിലുള്ളത്. എട്ട് മെഡലുകളുമായി തെലങ്കാനയുടെ ഗഗന്‍ നരംഗാണ് രണ്ടാമത്. ഷൂട്ടിങില്‍ നാല് വ്യക്തിഗത മെഡലുകളും നാല് ടീം മെഡലുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഹിമാചല്‍ പ്രദേശിന്റെ സുമരേഷ് ജംഗിന് ഏഴ് സ്വര്‍ണമെഡലുകളാണ് ഷൂട്ടിങില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമായി ലഭിച്ചത്
വ്യക്തിഗത ഇനത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയവരില്‍ നാല് സ്വര്‍ണങ്ങളുമായി ജസ്പാല്‍ റാണയും ഗഗൻ നാരംഗും കുഞ്ചിറാണി ദേവിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഭാരോദ്വഹന താരമായ മണിപ്പൂരിന്റെ കുഞ്ചിറാണിയാണ് വനിതകളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത്. മണിപ്പൂരിന്റെ തന്നെ സനമച ചാനു ആണ് മൂന്ന് സ്വര്‍ണവുമായി രണ്ടാമതുള്ളത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് അതിന്റെ പരിസമാപ്തിയിലെത്തുമ്പോള്‍ ഓസ്‌ട്രേലിയ വീണ്ടും തങ്ങളുടെ കരുത്ത് തെളിയിച്ച് കുതിക്കുകയാണ്. 67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവുമായി 178 മെഡലുകളാണ് ഇത്തവണത്തെ മേളയില്‍ അവര്‍ നേടിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാവിഭാഗം ക്രിക്കറ്റിലും അവര്‍ സ്വര്‍ണം നേടി.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ആണ് 2026 കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കപ്പുറം സ്വന്തം നാട്ടില്‍ നടക്കുന്ന മേളയില്‍ ഇതിലും മികച്ച പ്രകടനമാകും ആതിഥേയരുടെ ലക്ഷ്യം.