'ഒളിമ്പിക് വേദിയാകാന്‍ ഇന്ത്യ'; ഗൗരവമായി പരിഗണിക്കുമെന്ന് ഐഒസി അധ്യക്ഷന്‍ തോമസ് ബാഹ്

'ഒളിമ്പിക് വേദിയാകാന്‍ ഇന്ത്യ'; ഗൗരവമായി പരിഗണിക്കുമെന്ന് ഐഒസി അധ്യക്ഷന്‍ തോമസ് ബാഹ്

അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഈ മാസം മുംബൈയിൽ നടക്കും, 40 വർഷത്തിന് ശേഷമാണ് ഐഒസി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്
Updated on
1 min read

ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഹ്. അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഈ മാസം മുംബൈയിൽ നടക്കാനിരിക്കെയാണ് ബാഹിന്റെ പ്രതികരണം. ഒളിമ്പിക്സിൽ അണിനിരക്കുന്ന കായിക ഇനങ്ങളിലേക്ക് ക്രിക്കറ്റിനെ വീണ്ടും അവതരിപ്പിക്കാൻ ഏറ്റവും ഉചിതമായ സമയമിതാണെന്നും തോമസ് ബാഹ് പറഞ്ഞു. വരാനിരിക്കുന്ന ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഫോർമാറ്റ് കൂടെ ഉൾപ്പെടുത്താനാണ് തീരുമാനം. ടി20 ഫോർമാറ്റിന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞ ബാഹ് അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ സെഷനിൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും പറഞ്ഞു.

മൾട്ടി സ്പോർട്സ് ഇനങ്ങളിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ട മറ്റൊരു ഘടകമാണെന്നും തോമസ് പറഞ്ഞു. “സമീപ വർഷങ്ങളിലെ ഇന്ത്യയുടെ വളർച്ച അഭിനന്ദനാർഹമാണ്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം പരിശോധിച്ചാൽ അത് പ്രകടമാണ്. ഇപ്രാവശ്യം ഷൂട്ടിംഗിൽ മാത്രമല്ല ഇന്ത്യ തിളങ്ങിയത്, വിവിധ ഇനങ്ങളിലും ഇന്ത്യ മെഡൽ നേട്ടം കൈവരിച്ചിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

'ഒളിമ്പിക് വേദിയാകാന്‍ ഇന്ത്യ'; ഗൗരവമായി പരിഗണിക്കുമെന്ന് ഐഒസി അധ്യക്ഷന്‍ തോമസ് ബാഹ്
ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും: ചരിത്രത്തിലെ തന്നെ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ നാലാമത്

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഒക്ടോബർ 15, 16, 17 തീയതികളിൽ മുംബൈയിൽ വെച്ചാണ് നടക്കുന്നത്. 40 വർഷത്തിന് ശേഷമാണ് ഐഒസി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. സെഷനു മുന്നോടിയായി നാളെയും മറ്റന്നാളും ഐഒസി എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ചേരും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് പരിപാടി, ഒക്ടോബർ 14ന് ഉദ്ഘാടന ചടങ്ങ് നടക്കും.

ആദ്യം മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐഒഎ) ചില ഭരണപ്രശ്നങ്ങൾ കാരണം ഒക്ടോബര് മാസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. 2010ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഐഒഎക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.

ഈ ആരോപണങ്ങൾ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിലുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് തടസ്സമാകുമോയെന്ന ചോദ്യത്തിന്, "ഇന്നത്തെ ഇന്ത്യയെ 2010 ലെ ഇന്ത്യയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഒളിമ്പിക് വേദിക്കായുള്ള കാര്യം വരുമ്പോൾ, ദേശീയ ഒളിമ്പിക് കമ്മിറ്റിയാണ് കരാറിൽ ഒപ്പ് വെയ്ക്കേണ്ടത്. അതുകൊണ്ടുതന്നെ, ഐ‌ഒ‌എയുടെ ഭരണത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് വിശ്വാസമുണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

logo
The Fourth
www.thefourthnews.in