ഹോക്കി ലോകകപ്പ്; ആദ്യ ജയം അര്‍ജന്റീനയ്ക്ക്

ഹോക്കി ലോകകപ്പ്; ആദ്യ ജയം അര്‍ജന്റീനയ്ക്ക്

മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ മൈക്കോണ്‍ കസിയസ് നേടിയ ഗോളാണ് അര്‍ജന്റീനയ്ക്കു തുണയായത്.
Updated on
1 min read

ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്നാരംഭിച്ച 15-ാമത് പുരുഷ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെയാണ് അവര്‍ തോല്‍പിച്ചത്.

മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ മൈക്കോണ്‍ കസിയസ് നേടിയ ഗോളാണ് അര്‍ജന്റീനയ്ക്കു തുണയായത്. ജത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുമായി തുടക്കത്തിലേ ലീഡ് നേടാനും അവര്‍ക്കായി. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് അര്‍ജന്റീനയുടെ സ്‌കോര്‍ നില ഒന്നിലൊതുങ്ങിയത്.

ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ നേരിടും. രാത്രി ഏഴിനു ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍.

ലോകകപ്പ് ചരിത്രത്തില്‍ 1975-ലാണ് അവസാനമായി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ഇതുവരെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് 1982-ലും 1994-ലും അഞ്ചാം സ്ഥാനത്ത് എത്താനായതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.

2018-ല്‍ ഒഡീഷയിലായിരുന്നു അവസാന ലോകകപ്പ് അരങ്ങേറിയത്. അത്തവണ ആറാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇത്തവണ ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കാതെയാണ് ടീം ഇന്ത്യയുടെ വരവ്. മലയാളി താരം പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ ഗോള്‍വലയം കാക്കുന്നത്. ശ്രീജേഷിന്റെ നാലാം ലോകകപ്പാണിത്.

ശ്രീജേഷിനൊപ്പം നായകന്‍ ഹര്‍മന്‍പ്രീത്, ഉപനായകന്‍ അമിത് രോഹിഡാസ്, മധ്യനിര താരങ്ങളായ മന്‍പ്രീത് സിങ്, ഹാര്‍ദ്ദിക് സിങ്, സ്‌ട്രൈക്കര്‍മാരായ ആകാഷ്ദീപ് സിങ്, മന്‍ദീപ് സിങ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. 2019-ല്‍ ഓസ്‌ട്രേലിയന്‍ മുന്‍താരം ഗ്രഹാം റീഡ് പരിശീലകനായി ചുമതലയേറ്റ ശേഷം മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവയ്ക്കുന്നത്.

ടോക്യോയില്‍ നടന്ന ഒളിമ്പിക്‌സ് ഹോക്കിയില്‍ മൂന്നാം സ്ഥാനം നേടാനും ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യന്‍ ഹോക്കിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു അത്. 41 വര്‍ഷത്തിനു ശേഷമായിരുന്നു അന്ന് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക് മെഡല്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് നേരിടാനുള്ളത്. 1971-ലും 88-ലും റണ്ണറപ്പുകളായ ടീമാണ് സ്‌പെയിന്‍. 2006-ല്‍ മൂന്നാം സ്ഥാനം നേടാനും അവര്‍ക്കായി. ഇതുവരെ സ്‌പെയിനുമായി 30 മത്സരങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടിയത്. അതില്‍ 13 ജയങ്ങളുമായി നേരിയ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. സ്‌പെയിന്‍ 11 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറു മത്സരങ്ങള്‍ സമനിലയിലായി.

logo
The Fourth
www.thefourthnews.in