ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-മലേഷ്യ ഫൈനല്‍
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയും മലേഷ്യയും ഏറ്റുമുട്ടും. ഇന്നു നടന്ന സെമിഫൈനലുകളും ഗോള്‍വര്‍ഷത്തോടെ ഇന്ത്യ ജപ്പാനെയും മലേഷ്യ ദക്ഷിണകൊറിയയെയും തുരത്തിയാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടിയത്. ചെന്നൈയില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. അതേസമയം ആദ്യ സെമിയില്‍ ദക്ഷിണകൊറിയയെ 6-2 എന്ന സ്‌കോറിന് തുരത്തിയാണ് മലേഷ്യയുടെ മുന്നേറ്റം.
മുന്‍ ക്യാപ്റ്റനും മലയാളി താരവുമായ പിആര്‍ ശ്രീജേഷിന്റെ 300-ാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്. ഇന്ന് ജപ്പാനെതിരേ കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ക്വാര്‍ട്ടറില്‍ ജാപ്പനീസ് പ്രതിരോധത്തിനു മുന്നില്‍ അല്‍പം പതറിയെതങ്കിലും പിന്നീട് പതിയെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ ക്വാര്‍ട്ടറിനു ശേഷമായിരുന്നു ഇന്ത്യയുടെ ഗോള്‍ വര്‍ഷം.
രണ്ടാം ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങിലൂടെയായിരുന്നു ഇന്ത്യ അക്കൗണ്ട് തുറന്നത്. ഹാര്‍ദ്ദിക് സിങ്ങും സുമിത്തും ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ ലഭിച്ച പന്ത് ആകാശ് പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
നാലു മിനിറ്റിനകം ഇന്ത്യ ലീഡ് ഉയര്‍ത്തി. ഇക്കുറി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങായിരുന്നു സ്‌കോറര്‍. തുടര്‍ന്നും ആക്രമിച്ചു കളിച്ച ഇന്ത്യ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്പേ തന്നെ ലീഡ് മൂന്നാക്കിയിരുന്നു. 30-ാം മിനിറ്റില്‍ മധ്യവരയില്‍ നിന്ന് പന്തുമായി ഒറ്റയ്ക്കു മുന്നേറിയ മന്‍പ്രീത് സിങ്ങാണ് ജപ്പാന്‍ പ്രതിരോധത്തെ കീറിമുറിച്ചു സ്‌കോര്‍ ചെയ്തത്.
ഇതോടെ പകുതിസമയത്ത് മൂന്നു ഗോള്‍ ലീഡില്‍ പിരിഞ്ഞ ഇന്ത്യ പിന്നീട് മൂന്നാം ക്വാര്‍ട്ടറില്‍ 39-ാം മിനിറ്റില്‍ സുമിത്തിലൂടെയും അഞ്ചാം ക്വാര്‍ട്ടറില്‍ 51-ാം മിനിറ്റില്‍ സെല്‍വന്‍ കാര്‍ത്തിയിലൂടെയും പട്ടിക തികച്ചു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടക്കുന്നത്. ഇതിനു മുമ്പ് മൂന്നു തവണ കിരീടം ചൂടിയ ഇന്ത്യ നാലാം കിരീടമാണ് ഇക്കുറി ലക്ഷ്യം വയ്ക്കുന്നത്.
നേരത്തെ നടന്ന ആദ്യ സെമിയില്‍ രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു മലേഷ്യയുടെ ഗംഭീര തിരിച്ചുവരവ്. അവര്‍ക്കു വേണ്ടി ഇരട്ട ഗോളുകള്‍ നേടിയ ഷെല്ലോ സില്‍വേരിയസും നജ്മി ജസ്ലാനുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അബു കമാല്‍ അസ്രായി, ഫൈസല്‍ സാരി എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. വൂ ഷിയോണ്‍, ജി, ജോങ് ഹ്യുന്‍ ജാങ് എന്നിവരാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്.