ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താന് ദയനീയ തോല്‍വി, ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താന് ദയനീയ തോല്‍വി, ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍

ചെന്നൈയില്‍ ഇന്നു നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പാക്പ്പടയെ തകര്‍ത്താണ് ഇന്ത്യ സെമിപ്രവേശനം ആഘോഷമാക്കിയത്
Updated on
1 min read

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ചിരവൈരികളായ പാകിസ്താനെ ഗോള്‍മഴയില്‍ മുക്കി പുറത്താക്കി ടീം ഇന്ത്യ. ചെന്നൈയില്‍ ഇന്നു നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പാക്പ്പടയെ തകര്‍ത്താണ് ഇന്ത്യ സെമിപ്രവേശനം ആഘോഷമാക്കി മാറ്റിയത്. അവസാന നാലില്‍ ഇടം ഉറപ്പാക്കാന്‍ കേവലം ഒരുപോയിന്റെങ്കിലും വേണമെന്ന നിലയില്‍ ഇറങ്ങിയ പാകിസ്താന്‍ ദയനീയ തോല്‍വിയോടെ സെമികാണാതെ പുറത്തായി.

ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 2-1ന് ചൈനയെ തോല്‍പിച്ചാണ് സെമിയിലേക്കുള്ള വാതില്‍പ്പടിയിലെത്തിയ ജപ്പാനെയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം തുണച്ചത്. ഇതോടെ ഗോള്‍ശരാശരിയില്‍ പാകിസ്താനെ മറികടന്ന് നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാന്‍ അവര്‍ക്കായി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്കു പിന്നില്‍ രണ്ടാമതുള്ള മലേഷ്യയും മൂന്നാമതുള്ള ദക്ഷിണകൊറിയയുമാണ് സെമിയില്‍ കടന്ന മറ്റു രണ്ടു ടീമുകള്‍.

ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങിയ പാകിസ്താന് ഇന്ത്യക്കെതിരേ പിടിച്ചുനില്‍ക്കാനേ കഴിഞ്ഞില്ല. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലീഡ് നേടാന്‍ ഇന്ത്യക്കായി. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഗോള്‍വേട്ട ആരംഭിച്ചത്. തകര്‍പ്പനൊരു ഡ്രാഗ് ഫ്‌ളിക്കിലൂടെയാണ് ഹര്‍മന്‍പ്രീത് പാകിസ്താന്‍ ഗോള്‍കീപ്പര്‍ അക്മല്‍ ഹുസൈനെ കീഴടക്കിയത്.

ലീഡ് നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ച ഇന്ത്യ പിന്നീട് നിരന്തര ആക്രമണങ്ങളിലൂടെ പാക്പ്പടയെ വെള്ളം കുടിപ്പിക്കുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 23-ാം മിനിറ്റിലായിരുന്നു ഗോള്‍.

രണ്ടുഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ഇന്ത്യക്കു വേണ്ടി പിന്നീട് മൂന്നാം ക്വാര്‍ട്ടറില്‍ ജുഗ്‌രാജ് സിങ് മൂന്നാം ഗോളും നാലാം ക്വാര്‍ട്ടറില്‍ ആകാശ്ദീപ് സിങ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. മത്സരത്തില്‍ മൂന്നു തവണ കൂടി പാക് വലയില്‍ ഇന്ത്യ പന്തെത്തിച്ചെങ്കിലും അനുവദിക്കപ്പെടാഞ്ഞത് പാകിസ്താനെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചു.

logo
The Fourth
www.thefourthnews.in