ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; കൊറിയയെയും തുരത്തി ഇന്ത്യ സെമിയില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; കൊറിയയെയും തുരത്തി ഇന്ത്യ സെമിയില്‍

ഇന്ത്യക്കു വേണ്ടി നിലകാന്ത് ശര്‍മ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. അതേസമയം സുങ് ഹ്യൂന്‍ കിം, ജി ഹുന്‍ യാങ് എന്നിവരാണ് കൊറിയയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്
Updated on
2 min read

തകര്‍പ്പന്‍ ജയവുമായി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്ന് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നു നടന്ന തങ്ങളുടെ നാലാം മത്സരത്തില്‍ കരുത്തരായ ദക്ഷിണകൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായാണ് ഇന്ത്യ ഒരു മത്സരം ബാക്കിനില്‍ക്കെ തന്നെ സെമിബെര്‍ത്ത് ഉറപ്പാക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബുധനാഴ്ച ഇന്ത്യ പാകിസ്താനെ നേരിടും. പാകിസ്താനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളാകാനാകും ഇനി ഇന്ത്യയുടെ ശ്രമം.

ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണകൊറിയയ്‌ക്കെതിരേ ആധികാരിക പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവച്ച കൊറിയയും കൈയടി നേടി. മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി നിലകാന്ത് ശര്‍മ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. അതേസമയം സുങ് ഹ്യൂന്‍ കിം, ജി ഹുന്‍ യാങ് എന്നിവരാണ് കൊറിയയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ച് സുഖ്ജീത് സിങ് നല്‍കിയ പാസില്‍ നിന്ന് നിലകാന്താണ് സ്‌കോറിങ് തുടങ്ങിയത്. എന്നാല്‍ ഇതിനു കൊറിയയുടെ മറുപടി വളരെ വേഗത്തിലായിരുന്നു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ 12-ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തി.

മാന്‍ജേ ജുങ്ങിന്റെ പാസ് സ്വീകരിച്ച് സുങ് ഹ്യൂന്‍ കിമ്മാണ് സ്മനില ഗോള്‍ നേടിയത്. ഇതിനു പിന്നാലെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു. രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും പിന്നീട് ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത്. 23-ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ലീഡ് സ്വന്തമാക്കി. ഇക്കുറി നായകന്‍ ഹര്‍മന്‍ പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. രണ്ടാം ക്വാര്‍ട്ടറിലെ ശേഷിച്ച മിനിറ്റുകളില്‍ ഈ ലീഡ് നിലനിര്‍ത്താനും ഇന്ത്യക്കായി.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ലീഡ് വര്‍ധിപ്പിച്ചാണ് ഇന്ത്യ ഇടവേളയ്ക്കു ശേഷം മത്സരം ആരംഭിച്ചത്. 33-ാം മിനിറ്റില്‍ രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഒരു ക്ലിനിക്കല്‍ ഷോട്ട് പായിച്ച് മന്‍ദീപ് സിങ്ങാണ് മൂന്നാം ഗോള്‍ നേടിയത്. ഇതോടെ തളര്‍ന്ന കൊറിയന്‍ പ്രതിരോധത്തെ പിന്നീട് പലകുറി പരീക്ഷിച്ചെങ്കിലും ഇന്ത്യക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല.

മൂന്നാം ക്വാര്‍ട്ടറിന്റെ ശേഷിച്ച മിനിറ്റുകളിലും അവസാന ക്വാര്‍ട്ടറിലും ഇന്ത്യ മികച്ച ആക്രമണം അഴിച്ചുവിട്ടെങ്കിലും കൊറിയന്‍ പ്രതിരോധം ഇളകാന്‍ കൂട്ടാക്കിയില്ല. പ്രത്യാക്രമണങ്ങളുമായി കൊറിയന്‍ മുന്നേറ്റനിരയും കളംനിറഞ്ഞതോടെ മത്സരം ആവേശകരമായി. നാലാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ ജി ഹുന്‍ യാങ്ങിലൂടെ ഒരു ഗോള്‍ മടക്കിയ കൊറിയ സമനിലയ്ക്കായി കിണഞ്ഞു പൊരുതി. എന്നാല്‍ ഇളകാതെ പിടിച്ചുനിന്ന ഇന്ത്യന്‍ പ്രതിരോധം ജയവും സെമിബെര്‍ത്തും പിടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയുടെ ഇന്നത്തെ ജയത്തോടെ മലേഷ്യയും സെമിബെര്‍ത്ത് ഉറപ്പിച്ചു. 10 പോയിന്റുള്ള ഇന്ത്യക്കു പിന്നില്‍ നാലു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അവര്‍. അഞ്ചു പോയിന്റുമായി ദക്ഷിണകൊറിയയും പാകിസ്താനും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. രണ്ടു പോയിന്റുള്ള ജപ്പാനും ഒരു പോയിന്റുമായി ചൈനയുമാണ് അഞ്ചും ആറും സ്ഥാനത്ത്. എല്ലാ ടീമുകള്‍ക്കും ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തുന്നവരാണ് സെമിയിലേക്ക് മുന്നേറുക.

logo
The Fourth
www.thefourthnews.in