ഹോക്കി റാങ്കിങ്; കൈവിട്ട സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പുരുഷ ടീം, വനിതകള്‍ ഏഴാം സ്ഥാനത്ത്
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. 2022 മേയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ടീമിന്റെ മടങ്ങിവരവ്. 2023 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ അപരാജിത കുതിപ്പും കിരീടനേട്ടവുമാണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. പുതിയ റാങ്കിങ് അനുസരിച്ച് ഇന്ത്യന്‍ വനിതകള്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി.
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 2771 പോയിന്റാണ് ഉള്ളത്
പുരുഷ റാങ്കിങ്ങില്‍ യുറോ ഹോക്കി ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ് (3112) ആധികാരികമായി തന്നെ ഒന്നാം സ്ഥാനത്തുണ്ട്. ബെല്‍ജിയമാണ് (2988) രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 2771 പോയിന്റാണ് ഉള്ളത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഒരു സമനിലയുമായിരുന്നു ഇന്ത്യയ്ക്ക്. യുറോഹോക്കി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റ ഇംഗ്ലണ്ടാണ് (2745) ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. ജര്‍മനി(2689), ഓസ്‌ട്രേലിയ (2544 എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചപ്പോള്‍ അര്‍ജന്റീന (2350) സ്‌പെയിനിനെ (2347) പിന്തള്ളി ഒരു സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തെത്തി.
വനിതാ റാങ്കിങ്ങിലും നെതര്‍ലന്‍ഡ്‌സ് (3422) ശക്തമായ ആധിപത്യം പുലര്‍ത്തി ഒന്നാമതുണ്ട്. ഓസ്‌ട്രേലിയ (2818), അര്‍ജന്റീന(2767) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. യൂറോഹോക്കി ടാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബെല്‍ജിയം നാലാമതെത്തി. ജെര്‍മനിയെ (2574) മറികടന്നാണ് ഇവരുടെ നേട്ടം.