16 ടീമുകള്‍, ഒറ്റ ലക്ഷ്യം; ഹോക്കി ലോകകപ്പ് ആവേശത്തിലേക്ക് ഇന്ത്യ
ലോകകപ്പ് ഹോക്കിയുടെ പതിനഞ്ചാം പതിപ്പിന് വെള്ളിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിത്തില്‍ തുടക്കമാകും. ആദ്യ മത്സരത്തിൽ ഉച്ചയ്ക്ക് ഒന്നിന് അർജന്റീന ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. നാല് മത്സരങ്ങളുള്ള ആദ്യ ദിനത്തിൽ ആതിഥേയരായ ഇന്ത്യ രാത്രി ഏഴിന് സ്പെയിനിനെ നേരിടും. ലോകകപ്പിനോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ റൂര്‍ക്കലയിലെ ബിര്‍സ മുണ്ട സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരം. മറ്റ് മത്സരങ്ങളിൽ ഉച്ചയ്ക്ക് മൂന്നിന് ഓസ്‌ട്രേലിയ ഫ്രാൻസുമായും (കലിംഗ), വൈകുന്നേരം അഞ്ചിന് ഇംഗ്ലണ്ട് വെയ്ൽസുമായും (റൂര്‍ക്കല) മത്സരിക്കും. മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്റ്റാർ നെറ്റ്‌വര്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നാല് ഗ്രൂപ്പുകളിലായി പതിനാറ് ടീമുകൾ പങ്കെടുക്കും. ഒഡിഷയിലെ കലിംഗ, ബിര്‍സ മുണ്ട സ്റ്റേഡിയത്തിലായാണ് മുഴുവൻ മത്സരങ്ങളും നടക്കുന്നത്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, അർജന്റീന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക ടീമുകൾ മത്സരിക്കുമ്പോൾ ഗ്രൂപ്പ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോടൊപ്പം ജർമനി, ദക്ഷിണകൊറിയ, ജപ്പാൻ ടീമുകളാണുള്ളത്. മൂന്ന് തവണ ജേതാക്കളായ നെതർലൻഡ്‌സ് ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ന്യൂസിലന്‍ഡ്, മലേഷ്യ, ചിലി ടീമുകൾ. ഗ്രൂപ്പ് ഡിയിൽ ആതിഥേയരായ ഇന്ത്യയോടൊപ്പം ഇംഗ്ലണ്ട്, സ്പെയിൻ, വെയ്ൽസ് ടീമുകൾ കളിക്കും.
പതിനാല് പതിപ്പുകളിൽനിന്നായി നാല് തവണ കിരീടമുയർത്തിയ പാകിസ്താനാണ് ലോകകപ്പ് ടൂർണമെന്റുകളിൽ ഏറ്റവും മികച്ച റെക്കോർഡ്. എന്നാൽ ഇത്തവണ യോഗ്യത നേടുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടു. ലോകകപ്പിന്റെ യോഗ്യത ടൂർണമെന്റായ ഏഷ്യാ കപ്പിൽ ആദ്യ നാലിൽ എത്താൻ സാധിക്കാതിരുന്നതാണ് അവർക്ക് തിരിച്ചടിയായത്. പാകിസ്താന് പിന്നിൽ മൂന്ന് കിരീടങ്ങളുമായുള്ളത് നെതർലൻഡ്‌സും, ഓസ്‌ട്രേലിയയുമാണ്. ജർമനി രണ്ട് കിരീടങ്ങൾ നേടിയപ്പോൾ, ഇന്ത്യയും ബെൽജിയവും ഓരോ തവണ കിരീടമുയർത്തി.
ഗ്രൂപ്പ് മത്സരങ്ങളിൽ ഓരോ ടീമിനും മൂന്ന് വീതം മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിൽ ജേതാക്കളാകുന്നവർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമ്പോൾ, ഓരോ ഗ്രൂപ്പിൽ രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവർക്ക് ക്രോസ്സ് ഓവേഴ്‌സ് (ഗ്രൂപ്പ് എ യിൽ രണ്ടാമത് എത്തിയവര്‍ ഗ്രൂപ്പ് ബിയിൽ മൂന്നാമത് എത്തിയവരെയും, ഗ്രൂപ്പ് ബിയിൽ രണ്ടാമത് എത്തിയവര്‍ ഗ്രൂപ്പ് എയിൽ മൂന്നാമത് എത്തിയവരെയും നേരിടുന്നത്, ഗ്രൂപ്പ് സിയിലും ഡിയിലും ഇങ്ങനെ തന്നെ) വഴി ക്വാർട്ടറിൽ ഇടം പിടിക്കാം. ജനുവരി 29ന് കലിംഗയിലാണ് കലാശ പോരാട്ടം.