ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയത്തുടക്കം; സ്പെയിനിനെ തോൽപ്പിച്ചു

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയത്തുടക്കം; സ്പെയിനിനെ തോൽപ്പിച്ചു

ഇന്ത്യൻ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
Updated on
2 min read

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീം ജയത്തോടെ തുടങ്ങി. റൂര്‍ക്കലയിലെ ബിര്‍സ മുണ്ട സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പെയിനിനെയാണ് തകർത്തത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം. ഇന്ത്യക്കായി അമിത് രോഹിദാസ്, ഹാർദിക് സിങ് എന്നിവരാണ് ഗോളുകൾ നേടിയത്. അമിത് രോഹിദാസാണ് കളിയിലെ താരം.

സ്പെയിനിന്റെ മികച്ച നീക്കങ്ങളോടെ ആയിരുന്നു മത്സരത്തിന്റെ ആരംഭം. പതുക്കെ കളിയുടെ ചൂടിലേക്കെത്തിയ ഇന്ത്യൻ താരങ്ങൾ പിന്നീട് മേധാവിത്വം നേടി. മത്സരത്തിന്റെ 12ാം മിനുറ്റിൽ പെനാൽറ്റി കോർണറാണ് ആദ്യ ഗോളിന് വഴിവെച്ചത്. മത്സരത്തിലെ ആദ്യ പെനാൽറ്റി കോർണർ ഗോളാക്കുന്നതിൽ നായകൻ ഹർമൻപ്രീത് സിങ്ങിന് പിഴച്ചെങ്കിലും അടുത്ത ഒരു പെനാൽറ്റി കോർണർ നേടി എടുക്കാൻ ഇന്ത്യൻ നിരക്കായി. ഹാർദിക് നൽകിയ പാസിൽ ഹർമൻപ്രീത് പായിച്ച ഷോട്ട് ലക്ഷ്യത്തിന് മുന്നിൽ വച്ച സ്പാനിഷ് ഭടന്മാർ തടഞ്ഞു. എങ്കിലും പന്ത് ലഭിച്ച അമിത് കൃത്യമായി വലയിലെത്തിച്ചു. ഗോൾ വീണതോടെ ഉണർന്ന് കളിച്ച ഇന്ത്യ തൊട്ടടുത്ത നിമിഷം ഒരു പെനാൽറ്റി കോർണർ കൂടെ നേടിയെടുത്തു, എന്നാൽ ഇത്തവണ ഷോട്ട് ലക്ഷ്യത്തിൽ നിന്ന് ഏറെ അകന്ന് പോയിരുന്നു.

രണ്ടാം ക്വാർട്ടറിൽ മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന് പകരം യുവതാരം കൃഷൻ പഥക്കിനായിരുന്നു വല കാക്കാൻ നിയോഗം. മത്സരത്തിന്റെ 25ാം മിനുറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ കൃഷന്റെ രക്ഷപെടുത്തലിൽ നിഷ്ഫലമായി. തൊട്ടടുത്ത നിമിഷം ഇന്ത്യ വീണ്ടും ഗോളടിച്ചു. ഇത്തവണ ഇടത് വിങ്ങിലൂടെ ലളിത് നടത്തിയ നീക്കം ഹാർദിക്കിലൂടെ ഗോളിൽ കലാശിക്കുകയായിരുന്നു. ഒന്നാംപകുതി അവസാനിക്കുന്നതിന് മുൻപ് ഒരു ഗോൾ മടക്കാൻ സ്പെയിനിന് അവസരം ലഭിച്ചെങ്കിലും സുരേന്ദർ കുമാർ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തി.

രണ്ടാം പകുതിയുടെ രണ്ടാമത്തെ മിനുറ്റിൽ ലീഡ് വർധിപ്പിക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചതാണ്. ഹർമൻപ്രീത് സിങ് എടുത്ത പെനാൽറ്റി സ്ട്രോക്ക് സ്പാനിഷ് കീപ്പർ രക്ഷപ്പെടുത്തി. ആകാശ്‌ദീപിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി സ്ട്രോക്ക് അനുവദിച്ചത്. വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾക്ക് ഗോൾ നില ഉയർത്താനായില്ല. സ്പെയിനിന് ലഭിച്ച അവസരങ്ങളും ലക്ഷ്യത്തിലെത്താതായതോടെ ഇന്ത്യൻ ജയം ഉറച്ചു. ഇതോടെ ഗ്രൂപ്പ് ഡിയിലെ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമതെത്തി ഇന്ത്യ. ഇരു ടീമുകൾക്കും മൂന്ന് പോയിന്റാണുള്ളതെങ്കിലും ഗോൾ വ്യത്യാസം ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുകയായിരുന്നു. ഞായറഴ്ച ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയത്തുടക്കം; സ്പെയിനിനെ തോൽപ്പിച്ചു
ഹോക്കി ലോകകപ്പ്; ആദ്യ ജയം അര്‍ജന്റീനയ്ക്ക്

ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ അർജന്റീന, ഓസ്ട്രേലിയ ഇംഗ്ലണ്ട് എന്നിവരും ജയം നേടി. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ, ഓസ്‌ട്രേലിയയുടെ ജയം എതിരില്ലാത്ത എട്ട് ഗോളുകൾക്കായിരുന്നു. ഫ്രാൻസിനെയാണ് ലോക ഒന്നാം റാങ്കുകാർ വീഴ്ത്തിയത്. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് അയൽക്കാരായ വെയ്ൽസിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

logo
The Fourth
www.thefourthnews.in