ഹോക്കി പ്രോ ലീഗ്; ബെല്‍ജിയത്തെ തകര്‍ത്ത് ഇന്ത്യ
ലണ്ടനിൽ നടക്കുന്ന ഹോക്കി പ്രോ ഒളിമ്പിക് ചാമ്പ്യന്‍മാരായ ബെല്‍ജിയത്തെ തോല്‍പിച്ച് ഇന്ത്യ. ലീഗിലെ തുടര്‍തോല്‍വികള്‍ക്കു ശേഷം 5-1 എന്ന സ്‌കോറിന് ബെല്‍ജിയത്തെ തകര്‍ത്ത ഇന്ത്യ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കളിയുടെ രണ്ടാം ക്വാര്‍ട്ടറില്‍ 20, 29 മിനിറ്റുകളില്‍ നായകന്‍ ഹർമൻപ്രീത് സിംഗ് നേടിയ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് തുണയായത്.
നാലാം ക്വാർട്ടറിന്റെ ആദ്യ മിനിറ്റിൽ വില്യം ഗിസ്ലെയ്നാണ് ബെൽജിയത്തിനായി ഏക ഗോൾ നേടിയത്. മുന്‍ മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട ഇന്ത്യക്കെതിരെ ആദ്യഘട്ടങ്ങളിലെല്ലാം ബെല്‍ജിയം പ്രതിരോധം തീര്‍ത്തെങ്കിലും ഇന്ത്യന്‍ മുന്‍നിര അതിനെ മറികടക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
തോല്‍വിയുടെ കാഠിന്യം കുറയ്ക്കാന്‍ ബെല്‍ജിയം പരമാവധി ശ്രമിച്ചെങ്കിലും ആദ്യ ക്വാര്‍ട്ടറിലെ ഇന്ത്യയുടെ ഗോള്‍ ബെല്‍ജിയത്തിന് തിരിച്ചടിയായി. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ വിവേക് സാഗർ പ്രസാദ് ഇന്ത്യക്ക് ലീഡ് നൽകിയിരുന്നു. വിവേക് സാഗറിനെ കൂടാതെ അമിത് രോഹിദാസ്,ദിൽപ്രീത് സിങ് എന്നിവരാണ് മറ്റ് ഇന്ത്യൻ ഗോൾ സ്‌കോറർമാർ. മെയ് 26 ന് യൂറോപ്യൻ ലെഗിന്റെ ആദ്യ മത്സരത്തിൽ ബെൽജിയത്തോട് 1-2 ന് പരാജയപ്പെട്ടിരുന്നു. ആ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യക്കായി. ശനിയാഴ്ച ഇന്ത്യ ബ്രിട്ടനെ നേരിടും.