നിര്‍ണായക പോരാട്ടം നാളെ; ഇന്ത്യന്‍ താരം പരുക്കേറ്റ് പുറത്ത്
ഒഡീഷയില്‍ നടക്കുന്ന 2023 ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ ലക്ഷ്യമിട്ട് നാളെ ന്യൂസിലന്‍ഡിനെതിരേ ക്രോസ്ഓവര്‍ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് മത്സരത്തിനു മുമ്പേ തിരിച്ചടി. മധ്യനിരയില്‍ മിന്നുന്ന ഫോമിലുള്ള യുവതാരം ഹാര്‍ദ്ദിക് സിങ് പരുക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്നു പുറത്തായി.
ഹാംസ്ട്രിങ്ങിനേറ്റ പരുക്കാണ് താരത്തിനും ടീം ഇന്ത്യക്കും തിരിച്ചടിയായത്. പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നും താരത്തിനു ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം നഷ്ടമാകുമെന്നും ടീമിന്റെ മുഖ്യപരിശീലകന്‍ ഗ്രഹാം റീഡ് പറഞ്ഞു. ഹാര്‍ദ്ദിക്കിനു പകരം രാജ്കുമാര്‍ പാലിനെ ടീമില്‍ ഉള്‍പ്പെടുത്തി.
''ക്ഷമയോടെ കാത്തിരുന്നിട്ടും വിഷമകരമായ ആ തീരുമാനം കൈക്കൊള്ളേണ്ടി വന്നു. ഹാര്‍ദ്ദിക് സിങ്ങിന്റെ പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. പകരം രാജ്കുമാര്‍ പാല്‍ നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരം മുതല്‍ ടീമിന്റെ ഭാഗമാകും''- റീഡ് പറഞ്ഞു.
ഗ്രൂപ്പ് റൗണ്ടില്‍ വെയ്ല്‍സിനെതിരായ മത്സരത്തിനിടെയാണ് ഹാര്‍ദ്ദിക്കിനു പരുക്കേറ്റത്. ഗുരുതരമായ പരുക്ക് അല്ലെങ്കില്‍ കൂടിയും അത് ഭേദമാകാന്‍ സമയമെടുക്കുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം കണക്കിലെടുത്താണ് താരത്തെ ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനം കൈക്കൊണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനെതിരേയും ഇംഗ്ലണ്ടിനെതിരേയും നടന്ന ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരമാണ് ഹാര്‍ദ്ദിക്.
പൂള്‍ ഡിയില്‍ രണ്ടു ജയവും ഒരു സമനിലയുമായി ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിപ്പോയതോടെയാണ് ഇന്ത്യക്ക് ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത ലഭിക്കാതെ പോയത്. നാളെ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ കിവീസിനെ കീഴ്‌പ്പെടുത്താനായാല്‍ ഇന്ത്യക്ക് അവസാന എട്ടില്‍ ഇടംപിടിക്കാം.