ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ഇന്ത്യയെ തളച്ച് ജപ്പാന്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ഇന്ത്യയെ തളച്ച് ജപ്പാന്‍

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയെ ജപ്പാന്‍ സമനിലയില്‍ തളച്ചത്
Updated on
1 min read

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സമനില. ഇന്നു ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജപ്പാനോടാണ് ഇന്ത്യ പോയിന്റ് പങ്കിട്ട് തുല്യതയില്‍ പിരിഞ്ഞത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയെ ജപ്പാന്‍ സമനിലയില്‍ തളച്ചത്.

തകര്‍പ്പന്‍ പ്രതിരോധവുമായി ഇന്ത്യയെ വരിഞ്ഞുകെട്ടുകയായിരുന്നു ജപ്പാന്‍. മുന്‍നിരയില്‍ തുടരെ അവസരങ്ങള്‍ പാഴാക്കിയ ഇന്ത്യയും ഇക്കാര്യത്തില്‍ എതിരാളികളെ സഹായിച്ചു. മത്സരത്തില്‍ നേടിയെടുത്ത 14 പെനാല്‍റ്റി കോര്‍ണറുകളില്‍ ഒന്നൊഴികെ 13 എണ്ണവും തുലച്ച ഇന്ത്യ വിജയം കൈവിട്ട് കളിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ചത് ഇന്ത്യയാണ്. എന്നാല്‍ ആദ്യം ലീഡ് നേടിയത് ജപ്പാനും. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളെ അതിജീവിച്ച ജപ്പാന്‍ രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റിലാണ് ലീഡ് നേടിയത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് കെന്‍ നഗായോഷിയാണ് ലക്ഷ്യം കണ്ടത്.

അപ്രതീക്ഷിത തിരച്ചടിയില്‍ പതറാതെ പൊരുതിയ ഇന്ത്യ മൂന്നാം ക്വാര്‍ട്ടറില്‍ ഒപ്പമെത്തി. 43-ാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ് തകര്‍പ്പനൊരു ഫ്‌ളിക്കിലൂടെയാണ് സമനില ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ പിന്നീട് വിജയഗോളിനായി ഇന്ത്യ കിണഞ്ഞു പൊരുതിയെങ്കിലും ജാപ്പനീസ് പ്രതിരോധം വഴങ്ങിയില്ല.

ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചൈനയെ ഗോള്‍മഴയില്‍ മുക്കിയാണ് ഇന്ത്യന്‍ തുടക്കം കുറിച്ചത്. രണ്ടിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു ചൈനയ്‌ക്കെതിരായ ജയം. എന്നാല്‍ ഇന്ന് ആ പ്രകടനത്തിന്റെ ഏഴയലത്ത് എത്താന്‍ ഇന്ത്യക്കായില്ല.

logo
The Fourth
www.thefourthnews.in