ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി; ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ ഇന്ന്‌

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി; ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ ഇന്ന്‌

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ചരിത്രത്തില്‍ ഇതു നാലാം തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ മൂന്നു തണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ ഇന്ത്യയും ഒരു തവണ പാകിസ്താനും കിരീടം നേടി.
Updated on
1 min read

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇന്ന് ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍ ഏറ്റുമുട്ടും. ഒമാനിലെ സലാലയില്‍ ഇന്ത്യന്‍ സമയം രാത്രി 9:30 മുതലാണ് കലാശപ്പോരാട്ടം. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാതെ മുന്നേറുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും പാകിസ്താനും.

ഇരുകൂട്ടരും തമ്മില്‍ നേതത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. പിന്നീട് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി പാകിസ്താനും നോക്കൗറ്റ് റൗണ്ടിലേക്ക് കടക്കുകയായിരുന്നു.

ചൈനീസ് തായ്‌പേയിയെ 18-0ന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിച്ചത്. പിന്നീട് ജപ്പാനെതിരേ 3-1 ജയം നേടിയ ശേഷം പാകിസ്താനുമായി സമനില പങ്കിട്ട ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തായ്‌ലന്‍ഡിനെ എതിരില്ലാത്ത 17 ഗോളുകള്‍ക്കു തുരത്തിയാണ് സെമിയില്‍ എത്തിയത്. സെമിയില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ ഒമ്പതു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

മറുവശത്ത് ചൈനീസ് തായ്‌പേയിലെ 15-1 എന്ന സ്‌കോറിന് തോല്‍പിച്ചു തുടങ്ങിയ പാകിസ്താന്‍ തായ്‌ലന്‍ഡിനെ 9-0നും ജപ്പാനെ 3-2നും കീഴടക്കിയാണ് സെമിയില്‍ കടന്നത്. അവിടെ മലേഷ്യയെ രണ്ടിനെതിരേ ആറു ഗോളുകള്‍ക്കു തോല്‍പിച്ചായിരുന്നു അവര്‍ ഫൈനലില്‍ കടന്നത്.

ടൂര്‍ണമെന്റിന്റെ ടോപ്‌സ്‌കോര്‍ പട്ടത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ഫൈനല്‍ മത്സരം. നിലവില്‍ ഒമ്പതു ഗോളുകളുമായി പാകിസ്താന്‍ താരം അബ്ദുള്‍ റഹ്മാനാണ് മുന്നില്‍. ഏഴു ഗോളുകളുമായി ഇന്ത്യന്‍ താരം അരിജീത് സിങ് ഹുന്‍ഡാല്‍ തൊട്ടുപിന്നിലുണ്ട്.

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ചരിത്രത്തില്‍ ഇതു നാലാം തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ മൂന്നു തണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ ഇന്ത്യയും ഒരു തവണ പാകിസ്താനും ജയിച്ചു കിരീടം നേടി. 1996-ലായിരുന്നു ആദ്യ ഫൈനല്‍. അന്ന് ജയം പാകിസ്താനൊപ്പമായിരുന്നു. പിന്നീട് 2004-ലും 2015-ലും പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു.

logo
The Fourth
www.thefourthnews.in