ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോൾ രഹിത സമനില

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോൾ രഹിത സമനില

ഇതോടെ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനം ഇംഗ്ലണ്ട് നിലനിർത്തി
Updated on
1 min read

സ്പെയിനിനെ തോൽപ്പിച്ച ആവേശത്തിലെത്തിയ ഇന്ത്യയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഹോക്കി ലോകകപ്പിലെ പൂൾ ഡിയിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരം സമനിലയിൽ. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനം ഇംഗ്ലണ്ട് നിലനിർത്തി. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകൾക്കും നാല് പോയിന്റാണുള്ളത്. ആദ്യ മത്സരത്തിലെ എതിരില്ലാത്ത അഞ്ച് ഗോൾ ജയം ഇംഗ്ലണ്ടിന് തുണയായി.

ഇന്ത്യൻ ജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടുത്തികൊണ്ടാണ്‌ ഇംഗ്ലണ്ട് തുടങ്ങിയത്. മത്സരം തുടങ്ങി ആറാം മിനുറ്റിൽ തന്നെ പെനാൽറ്റി കോർണർ നേടിയടുത്ത ഇംഗ്ലണ്ട് പിന്നെ തുടരെ തുടരെ ഇന്ത്യൻ പകുതിയിലേക്ക് ആക്രമണങ്ങൾ സൃഷ്ടിച്ചു. മത്സരം തുടങ്ങി പതിനെട്ട് മിനുറ്റ് പൂർത്തിയായപ്പോൾ തന്നെ ആറ് തവണയാണ് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി കോർണർ ലഭിച്ചത്. എന്നാൽ ഇന്ത്യൻ പ്രതിരോധം ഉറച്ച് നിന്നതോടെ ഇംഗ്ലണ്ട് താരങ്ങൾ ഗോളിൽ നിന്ന് അകന്നു. ടാക്റ്റിക്സിലും സാങ്കേതികതയിലും ഇന്ത്യൻ താരങ്ങളേക്കാൽ മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് നിര മധ്യനിരയിൽ നിന്ന് കളി തുറന്നെടുക്കാൻ ഇന്ത്യയെ അനുവദിച്ചില്ല.

ആദ്യ പകുതിക്ക് ശേഷം കാര്യങ്ങൾ മാറി. ഇന്ത്യയുടെ നീക്കത്തോടെയാണ് മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ചത്. കഴിഞ്ഞ കളിയിലെ കേമൻ അമിത് രോഹിദാസിനെ ലക്ഷ്യമാക്കിയുള്ള മൻദീപ് സിങ്ങിന്റെ ക്രോസ്സ് ലക്ഷ്യം കാണാതെ പോയി. ആറ് മിനിറ്റുകൾക്ക് ശേഷം ആകാശ്‌ദീപിന്റെ രണ്ട് ശ്രമങ്ങളാണ് ഇംഗ്ലണ്ട് കീപ്പർ ഒലിവർ പെയ്ൻ രക്ഷപെടുത്തിയത് അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടിരുന്നത്. മൂന്നാം ക്വാർട്ടർ അവസാനിക്കുന്നതിന് മുൻപ് ഇംഗ്ലണ്ട് വലയിൽ ഇന്ത്യ പന്തെത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. റഫറിയുടെ തീരുമാനം പുനഃപരിശോധിക്കാൻ റിവ്യൂ ഇല്ലാഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാക്കം പോയ ആദ്യ ക്വാർട്ടറിന് ശേഷം കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ ജയവും പോയിന്റ് പട്ടികയിൽ മുന്നിലെത്താനുള്ള അവസരവും നിഷേധിച്ചു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സ്പെയിൻ വെയിൽസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. വ്യാഴാഴ്ച വെയിൽസുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

logo
The Fourth
www.thefourthnews.in