49 കിലോയുള്ള ചാനു എങ്ങനെ 113 കിലോ ഉയര്‍ത്തി?

49 കിലോയുള്ള ചാനു എങ്ങനെ 113 കിലോ ഉയര്‍ത്തി?

49 കിലോഭാരമുള്ള മീരാഭായ് ചാനു 113 കിലോയും 66 കിലോ ഭാരമുള്ള ജെറമി ലാല്‍റിന്നുംഗ 140 കിലോയും ഉയര്‍ത്തിയതെങ്ങനെയെന്ന് ആലോചിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം നിലയ്ക്കും.
Updated on
3 min read

ശ്വാസകോശം സ്‌പോഞ്ചുപോലെയാണെന്നു പരസ്യത്തില്‍ കേട്ടു നമ്മള്‍ ചിരിച്ചിട്ടുണ്ടാകും. എന്നാല്‍ ആ സ്‌പോഞ്ചിന്റെ കനവും കാഠിന്യവും അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ച് അറിഞ്ഞവര്‍ക്കേ ആ മുന്നറിയിപ്പിന്റെ 'കാഠിന്യം' മനസിലാക്കാനാകൂ.

''നിങ്ങള്‍ക്കു ശ്വാസം പോലും കിട്ടില്ല. ചിന്തിക്കാനോ, പ്രതികരിക്കാനോ സാധിക്കില്ല... ഒരൊറ്റ നിമിഷത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ ഈരേഴ് പതിനാലു ലോകവും കണ്ടുപോകും''- മുന്നറിയിപ്പല്ല, ഒരു അനുഭവസാക്ഷ്യമാണിത്. പറഞ്ഞത് മറ്റാരുമല്ല, 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഭാരോദ്വഹന താരമാണ്.

'ഒരു ഇരുമ്പ് കമ്പിയില്‍ ആറേഴ് ലോഹവളയങ്ങള്‍ ഉയര്‍ത്തണം' ഇതില്‍ക്കൂടുതല്‍ എന്ത്?' എന്നായിരിക്കും ഭാരോദ്വഹന മത്സരം കാണുന്ന പലരും ചിന്തിക്കുക. എന്നാല്‍ ഭാരം ഉയര്‍ത്തുക അത്ര അനായാസമല്ലെന്നും അതിനു പിന്നിലെ കഠിനാധ്വാനവും മേല്‍പ്പറഞ്ഞ അത്‌ലറ്റിന്റെ വാക്കുകളില്‍ നിന്നു മനസിലാകും. പക്ഷേ, ബിര്‍മിങ്ഹാമില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 'ഇതിലൊന്നും വലിയ കാര്യമില്ലെന്ന്' തെളിയിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍.

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാരോദ്വഹന വേദിയില്‍ നിന്ന് ഇതുവരെ ഇന്ത്യ കൊയ്തത് 10 മെഡലുകളാണ്. ഇതില്‍ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടും. അത് മെഡല്‍പ്പട്ടികയിലെ കണക്കുകള്‍ മാത്രം.

49 കിലോഭാരമുള്ള മീരാഭായ് ചാനു 113 കിലോയും 66 കിലോ ഭാരമുള്ള ജെറമി ലാല്‍റിന്നുംഗ 140 കിലോയും ഉയര്‍ത്തിയതെങ്ങനെയെന്ന് ആലോചിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം നിലയ്ക്കും. പക്ഷേ അവര്‍ക്ക് അത് അനായാസകരമായ ഒരു പതിവ് ചിട്ടമാത്രമായിരുന്നു.

എങ്ങനെയായിരിക്കും തങ്ങളുടെ ശരീരഭാരത്തിന്റെ ഇരട്ടിയിലേറെ ഭാരം ഇത്രകണ്ട് അനായാസമായി ഇവര്‍ ഉയര്‍ത്തുക? ഈ ചോദ്യത്തിന് 'മികച്ച ടെക്‌നിക്കിലൂടെ' എന്ന ഉത്തരം മാത്രമേ ലഭിക്കൂ. അതെ, ഭാരോദ്വഹനമെന്ന ഗെയിം ടെക്‌നിക്കിന്റെ ഗെയിം കൂടിയാണ്. വെറുതേയങ്ങു വന്ന് ഭാരമുയര്‍ത്തിപ്പോകാനാകില്ലല്ലോ. അതിന് അതിന്റേതായ ചില രീതികളുണ്ട്. അതെന്തൊക്കെയെന്നു നമുക്കൊന്നു പരിശോധിക്കാം.

സ്‌നാച്ച്, ക്ലീന്‍, ജെര്‍ക്ക് എന്നീ മൂന്നു രീതിയിലാണ് ഭാരോദ്വഹന മത്സരങ്ങളില്‍ പോയിന്റ് കണക്കാക്കുന്നത്. പറയുമ്പോള്‍ എളുപ്പമെങ്കിലും അത് അത്ര എളുപ്പമല്ല. സ്‌നാച്ച് എന്നു വിളിക്കുന്ന ആദ്യ റൗണ്ടില്‍ നിന്ന നില്‍പ്പിലാണ് ഭാരം ഉയര്‍ത്തേണ്ടത്. എത്ര കരുത്തനായാലും അത്ര 'ഈസി' അല്ലത്.

ഒറ്റശ്രമത്തില്‍(ഫസ്റ്റ് പുള്‍) ശരീരഭാരത്തിന്റെ ഇരട്ടിയോളം ഭാരം തുടയുടെ മധ്യഭാഗത്തോളം ഉയര്‍ത്തണം. അതാണ് ആദ്യ ടെക്‌നിക്. ഇത്രയും ഉയര്‍ത്തിയ ശേഷം നിമിഷാര്‍ദ്ധത്തില്‍ അടുത്ത ടെക്‌നിക്ക് പ്രയോഗിക്കണം. അടുത്തതായി ചെയ്യേണ്ടത് ആ ഭാരം ഒരൊറ്റ ശ്രമത്തില്‍(സെക്കന്‍ഡ് പുള്‍) നെഞ്ചളവിന് ഒപ്പമെത്തിക്കണം. അതിന് കൈക്കരുത്തിനു പുറമേ 'കാല്‍ക്കരുത്ത്' കൂടി വേണം. കാരണം ഭാരം ഉയര്‍ത്തുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്താനും ഭാരം താങ്ങാനുമായി തുട മസിലുകളെയാണ് താരങ്ങള്‍ ആശ്രയിക്കുക.

രണ്ടാം 'പുള്‍' വഴി ഭാരം നെഞ്ചളവ് വരെ ഉയര്‍ത്തുന്ന താരങ്ങള്‍ക്ക് പിന്നെ അടുത്ത ടെക്‌നിക് പ്രയോഗിക്കാന്‍ സെക്കന്‍ഡിലൊരംശം പോലും കാണില്ല. പക്ഷേ അതാണ് ഏറ്റവും നിര്‍ണായക നീക്കവും. അതിവേഗതയിലുള്ള അടുത്ത നീക്കത്തില്‍ ആ ഭാരമത്രയും തങ്ങളുടെ തലയ്ക്കു മുകളിലാക്കി ബാറിനു കീഴില്‍ 'ഇരിക്കുന്ന' തരത്തില്‍ ശരീരമെത്തിക്കണം. അവിടെ തീരുന്നില്ല അത്. നിമിഷാര്‍ദ്ധ സമയത്തില്‍ ഭാരം തലയ്ക്കു മുകളില്‍ എത്തിക്കുമ്പോള്‍ അതു കൈകളില്‍ നിന്നു വഴുതി അപകടമുണ്ടാകാതിരിക്കാന്‍ അസാമാന്യ ബാലന്‍സും വേണം.

ഈ റൗണ്ടില്‍ രണ്ട് 'പുള്‍' ശ്രമവും അതീവ ജാഗ്രതയും സൂക്ഷ്മതയും വേണ്ടതാണ്. ''ആദ്യ പുള്‍ ചെയ്യുമ്പോള്‍ ഇരുമ്പ് ബാര്‍ കൃത്യമായും 90 ഡിഗ്രി ചരിവിലായിരിക്കണം. ഒന്നിങ്ങോട്ടോ ഇങ്ങോട്ടോ അതു മാറിയാല്‍ ബാലന്‍സ് തെറ്റി ഭാരവുമായി നിലത്തു വീഴുമെന്നത് 100 ശതമാനമുറപ്പ്. ഇനി അതു 90 ഡിഗ്രി ചരിവില്‍ കൂടുതലായാലും ശരി കുറവായാലും ശരി''- പറയുനനത് ഇന്ത്യന്‍ ഭാരോദ്വഹന ടീം പരിശീലകന്‍ തന്നെ.

ഇതിനു പുറമേ ഭാരമുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ പൊസിഷനിങ്ങും ഏറെ നിര്‍ണായകമാണ്. തീരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ഭാരമേന്തിക്കൊണ്ട് ശരീരത്തെ കൃത്യമായ പൊസിഷനിലേക്കു മാറ്റുക അതീവ ആയാസകരമായ കാര്യമാണ്.

അടുത്ത റൗണ്ട് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കാണ്. ഇത് പ്രത്യക്ഷത്തില്‍ ഒറ്റ റൗണ്ടായി കണക്കാക്കുമെങ്കിലും രണ്ടുതരം ടെക്‌നിക്കുകള്‍ പ്രയോഗിക്കേണ്ട അതികഠിനമായ റൗണ്ടാണ്. ഇതിന്റെ ആദ്യ ഭാഗം കൃത്യമായി പറഞ്ഞാല്‍ സ്‌നാച്ച് തന്നെയാണ്. സ്‌നാച്ചിലെ പോലെ നിന്ന നില്‍പ്പില്‍ ഭാരമുയര്‍ത്തി തുടയോളം എത്തിച്ച ശേഷം പിന്നീട് നെഞ്ചളവിലേക്കും അവിടെ നിന്ന് ഒറ്റ ശ്രമത്തില്‍ തലയ്ക്കു മുകളിലേക്കും ഉയര്‍ത്തണം.

ഇത്രയും ചെയ്തു കഴിയുമ്പോള്‍ സ്‌നാച്ച് റൗണ്ട് തീരുമെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ അത് 'ക്ലീന്‍' മാത്രമേ ആകുന്നുളളു. ഇനിയാണ് ജെര്‍ക്ക്. ഭാരോദ്വഹന മത്സരത്തിലെ ഏറ്റവും പ്രയാസമേറിയ റൗണ്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.

സ്‌നാച്ചിന്റെ അല്ലെങ്കില്‍ 'ക്ലീന്‍' റൗണ്ടിന്റെ അവസാനം തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഭാരവുമായി നിവര്‍ന്നു നില്‍ക്കുകയാണ് ജെര്‍ക്കിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് കാല്‍മുട്ടില്‍ ശരീരഭാരം ഊന്നിയ ശേഷം ബാര്‍ബെല്‍ മുഖത്തിനു മുന്നില്‍ എത്തിക്കണം. ഇനിയാണ് നിര്‍ണായക ടെക്‌നിക് പ്രയോഗിക്കേണ്ട സമയതം. ബാര്‍ബെല്‍ ഒന്നു താഴ്ത്തിയ ശേഷം ഒറ്റ ശ്രമത്തില്‍ അത് തലയ്ക്കു മുകളില്‍ ഉയര്‍ത്തണം. ഊന്നല്‍ ഇരുകാലിലുമായി വരത്തക്ക വിധം ഇരുകാലുകളും മുന്നിലും പിന്നിലുമായി കൊണ്ടുവരണം. ഇതെല്ലാം നിമിഷാര്‍ധത്തില്‍ വേണം താനും.

അവിടെയാണ് ചാനുവിന്റയും ജെറമിയുടെയുമൊക്കെ ഉയരക്കുറവും ഭാരക്കുറവുമൊക്കെ ശ്രദ്ധ നേടുന്നത്. ഉയരക്കൂടുതല്‍ ഉള്ള താരത്തിനെക്കാള്‍ ബാലന്‍സ് നിലനിര്‍നിര്‍ത്താന്‍ ഉയരക്കുറവുള്ള താരങ്ങള്‍ക്ക് സാധിക്കും. പക്ഷേ ടെക്‌നിക്കുകളില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പാലിച്ചേ മതിയാകൂ.

ടെക്‌നിക്കുകള്‍ എന്നു പറയുമ്പോള്‍ ലിഫ്റ്റിലും പുള്ളിലും മാത്രമല്ല. ശ്വാസം നിയന്ത്രിക്കുന്നതു മുതലുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധവേണം. ശരീര ഭാരത്തക്കാള്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുമ്പോള്‍ മുഴുവന്‍ മസിലുകള്‍ക്കും ആയാസമുണ്ടാകും. ഇടുപ്പിനും മസിലുകള്‍ക്കും പരുക്കേല്‍ക്കാന്‍ സാധ്യത ഏറെ.

ഇതിനെയെല്ലാം തരണം ചെയ്യാന്‍ തക്കവിധമുള്ള ടെക്‌നിക്കുകളാണ് താരങ്ങള്‍ സ്വായത്തമാക്കേണ്ടത്. ശ്വാസഗതി നിയന്ത്രിക്കുന്നത് ഇതിനായാണ്. ഭാരമുയര്‍ത്തുമ്പോള്‍ താരങ്ങള്‍ ആദ്യം തോല്‍പിക്കേണ്ടത് ഗുരുത്വാകര്‍ഷണ ബലത്തെയാണെന്നും പരിശീലകര്‍ ഓര്‍മിപ്പിക്കുന്നു. ഇതിനായാണ് ശ്വാസഗതി നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

ടെക്‌നിക്കിന് ഏറ്റവും അധികം പ്രാധാന്യം കല്‍പിക്കുന്നതും ഇക്കാരണത്താലാണ്. ഒരു ബാര്‍ബെല്‍ നിലത്തു നിന്നു തോളൊപ്പം ഉയര്‍ത്തി ഏതാനും സെക്കന്‍ഡുകള്‍ നില്‍ക്കണം. ആ സമയം ശരീരം നിവര്‍ന്നായിരിക്കും സ്ഥിതി ചെയ്യുക. തുടര്‍ന്ന് പരമാവധി ശ്വാസം ഉള്ളിലേക്ക് ആവാഹിച്ച ശേഷമാകും ബാര്‍ബെല്‍ തലയ്ക്കു മുകളിലേക്ക് ഉയര്‍ത്തുന്നത്.

ശ്വാസമെടുക്കുന്ന അളവില്‍ ചെറിയ ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍പ്പോലും കൈയിലിരിക്കുന്നത് 170 കിലോ ഭാരമാണെങ്കില്‍ അതിന് 250 കിലോയിലേറെ ഭാരം അനുഭവപ്പെട്ടേക്കാം. അതുവഴി ബാലന്‍സ് നഷ്ടമാകാനും ഗുരുതര പരുക്കേല്‍ക്കാനും സാധ്യതയുണ്ട്.

ഗുരുത്വാകര്‍ഷണത്തെ തോല്‍പിക്കാന്‍ വേണ്ടിയാണ് ശ്വാസകോശത്തെ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ അതിനു സാധിച്ചില്ലെങ്കില്‍ പ്രയോഗിക്കാവുന്ന തന്ത്രത്തെക്കുറിച്ചും പരിശീലകര്‍ താരങ്ങള്‍ക്ക് പരിചയം നല്‍കും. ''ഭാരം ഉയര്‍ത്തിപ്പിടിക്കാന്‍ ആയാസപ്പെടുമ്പോള്‍ അതിനായി ശ്രമിക്കാതെ കാല്‍മുട്ട് ഒരല്‍പ്പം വളച്ച് സര്‍വകരുത്തുമെടുത്ത് ഒരിക്കല്‍ക്കൂടി ഉയര്‍ത്തുകയാണ് എളുപ്പവഴി'' -ടീം ഇന്ത്യ കോച്ച് വിജയ് ശര്‍മ പറഞ്ഞു.

പക്ഷേ ഇതിനും ശ്വാസക്രമീകരണവും മെയ്‌വഴക്കവും സുപ്രധാനമാണ്. ചുരുക്കത്തില്‍ ഭാരോദ്വഹനമെന്നാണ് ഗെയിമിന്റെ പേരെങ്കിലും കൈക്കരുത്തിനേക്കാള്‍ 'സ്‌പോഞ്ച് പോലുള്ള' ശ്വാസകോശത്തിന്റെ കരുത്താണ് ചാനുവിനെയും ജെറമിയെപ്പോലെയുമുള്ള 'ചെറിയ' താരങ്ങളെ വലിയ ഭാരമുയര്‍ത്താന്‍ സഹായിക്കുന്നത്.

logo
The Fourth
www.thefourthnews.in