ചെപ്പോക്കില്‍ ബംഗ്ലാദേശ് പൊരുതുന്നു; ആറ് വിക്കറ്റ് അകലെ ഇന്ത്യയ്ക്ക് ജയം
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ആതിഥേയർ ഉയർത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 158-4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ 357 റണ്‍സാണ് ബംഗ്ലാദേശിന് വിജയിക്കാൻ ആവശ്യം. മോശം വെളിച്ചം മൂലമാണ് ഇന്നത്തെ കളി നേരത്തെ അവസാനിപ്പിച്ചിരിക്കുന്നത്. നജ്‍മുള്‍ ഷാന്റോയും (51) ഷാക്കിബ് അല്‍ ഹസനുമാണ് ക്രീസില്‍ (5).
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാരായ സക്കീർ ഹസനും ഷദ്മാൻ ഇസ്‌ലാമും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സാണ് സഖ്യം ചേർത്തത്. ജസ്പ്രിത് ബുംറയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിന്റെ അത്യുഗ്രൻ ക്യാച്ചിലായിരുന്നു സക്കീർ (33) മടങ്ങിയത്. വൈകാതെ അശ്വിന്റെ പന്തില്‍ ഗില്ലിന്റെ കൈകളില്‍ ഷദ്മാന്റെ (35) ഇന്നിങ്സും അവസാനിച്ചു.
പിന്നീട് സ്പിന്നിന് വഴിമാറുന്ന പിച്ചില്‍ അശ്വിൻ തന്റെ മികവ് തെളിയിക്കുകയായിരുന്നു. മൊനിമുള്‍ ഹഖിന്റെ (5) പ്രതിരോധം തകർത്ത് ബൗള്‍ഡാക്കിയായിരുന്നു മൂന്നാം വിക്കറ്റ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കാൻ ശ്രമിച്ച മുഷ്‍ഫിഖുർ റഹീം (13) രാഹുലിന്റെ ക്യാച്ചിലും പുറത്താവുകയായിരുന്നു. അശ്വിനായിരുന്നു റഹീമിന്റെ വിക്കറ്റും ലഭിച്ചത്.
ചെപ്പോക്കില്‍ 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 287-4 എന്ന നിലയില്‍ ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലിന്റേയും (119*) ഋഷഭ് പന്തിന്റേയും (109) മികവിലായിരുന്നു മൂന്നാം ദിനം ആധിപത്യം സ്ഥാപിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 167 റണ്‍സാണ് ചേർത്തത്.
നേരത്തെ, ഇന്ത്യ ഉയർത്തിയ 376 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ പിന്തുടർന്ന ബംഗ്ലാദേശ് 149 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും രണ്ട് വീതം വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, അകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
ഒന്നാം ഇന്നിങ്സില്‍ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയുടേയും രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയുടേയും മികവിലാണ് ഇന്ത്യ 376 റണ്‍സ് നേടിയത്. 144-6 എന്ന നിലയില്‍ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റിയത്. 199 റണ്‍സായിരുന്നു ഏഴാം വിക്കറ്റില്‍ സഖ്യം നേടിയത്.