ഈഡനില്‍ ജഡ്ഡു ഷോ; അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്കയെ തകർത്തത് 243 റൺസിന്
ലോകകപ്പ് പോരാട്ടത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ ഏറ്റുമുട്ടിയപ്പോൾ, ദക്ഷിണാഫ്രിക്കൻ പടയുടെ അടിവേരിളക്കി അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റൺസിന് ഓള്‍ ഔട്ടായി. സ്പിന്നർമാരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്തിയത്. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് എടുത്തപ്പോൾ കുൽദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
14 റൺസെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ്പ് സ്കോറർ. മില്ലറും ജാൻസെനുമുൾപ്പടെ നാലു പേര്‍ക്ക് മാത്രമാണ് രണ്ട് അക്കം തികയ്ക്കാനായത്.
243 റണ്‍സ് ജയത്തോടെ പോയിന്‌റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ മുംബൈയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരെ നേരിടും.
സ്ലോ പിച്ചില്‍ തുടങ്ങിയ കളിയിൽ കോഹ്ലിയുടെ ചരിത്ര സെഞ്ചുറിയുടെ പിൻബലത്തിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തിയ ഇന്ത്യക്കു മുൻപിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ അടി പതറി. ഒന്നിനു പുറകെ ഒന്നായി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ ഇന്ത്യൻ ബൗളർമാർ മൈതാനത്തുനിന്നു തിരിച്ചയച്ചു. ലോകകപ്പ് തുടക്കം മുതൽ മികച്ച ഫോമിലുള്ള ക്വിന്‍റണ്‍ ഡി കോക്കിനെ സിറാജ് രണ്ടാം ഓവറില്‍ ബൗൾഡ് ആക്കിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് തകർച്ച ആരംഭിച്ചു. തൊട്ടു പിന്നാലെ നായകൻ ടെംബാ ബാവുമയെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിലെ കരുത്തരായ റാസി വാന്‍ഡെര്‍ ഡസനെയും ഏയ്ഡന്‍ മാര്‍ക്രത്തെയും ഷമിയും ഗാലറിയിലേക്ക് തിരിച്ചയച്ചതോടെ ഇന്ത്യയ്ക്ക് എട്ടാം വിജയം സുഗമമായി.
വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിലാണ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 326 റണ്‍സടിച്ച് കൂട്ടിയത്. 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ചരിത്രത്തിൽ ഇടം നേടി. 77 റണ്‍സടിച്ച ശ്രേയസ് അയ്യരും 40 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ.