SPORT
ഏഷ്യൻ ഗെയിംസ്: സ്വര്‍ണം അമ്പെയ്ത് വീഴ്ത്തി ഇന്ത്യ; ജ്യോതി-ഓജസ് സഖ്യത്തിന് മിക്‌സഡ് ഡബിള്‍സില്‍ കിരീടം
കോമ്പൗണ്ട് മിക്‌സഡ് ടീം അമ്പെയ്ത്ത് ഇനത്തിലാണ് ജ്യോതി സുരേഖ വെണ്ണവും ഓജസ് പ്രവീൺ ഡിയോട്ടേലും മെഡല്‍ നേടിയത്
ഏഷ്യൻ ഗെയിംസിൽ 16-ാം സ്വർണവുമായി ഇന്ത്യൻ കുതിപ്പ്. അമ്പെയ്ത്തിലാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ സ്വർണം കൊയ്‌തത്. ഫൈനൽ റൗണ്ടിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ഓജസ് ഡിയോട്ടാലെ സഖ്യം ദക്ഷിണ കൊറിയയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 71ലെത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കരസ്ഥമാക്കുന്ന എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണിത്.
ഇന്ന് രാവിലെ നടന്ന കോമ്പൗണ്ട് മിക്‌സഡ് ടീം അമ്പെയ്ത്ത് ഇനത്തിലാണ് ജ്യോതി സുരേഖ വെണ്ണവും ഓജസ് പ്രവീൺ ഡിയോട്ടേലും മെഡല്‍ നേടിയത്. ഫുയാങ് യിൻഹു സ്‌പോർട്‌സ് സെന്ററിൽ നടന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയൻ സഖ്യമായ സോ ചേവോൺ- ജൂ ജെഹൂൺ എന്നിവരെ 159-158 നാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 70 മെഡലുകൾ നേടിയിരുന്നു. നാല് വർഷം മുമ്പ് നേടിയ 16 സ്വർണ മെഡൽ നേട്ടത്തിനൊപ്പമാണ് നിലവിൽ ഇന്ത്യ.