ചരിത്രം കുറിച്ച് കൗമാരപ്പട; പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട. പ്രഥമ അണ്ടര്‍-19 വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടമുയര്‍ത്തി ഇന്ത്യ. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 36 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ലോക വേദിയിലെ ഇന്ത്യന്‍ വനിതകളുടെ ആദ്യ കിരീടമാണ് ഇത്. സീനിയര്‍ ടീമിന് അപ്രാപ്യമായ കിരീടനേട്ടം വമ്പന്‍ ജയത്തോടെയാണ് ഇന്ത്യയുടെ കൗമാരക്കാര്‍ കൈക്കലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 17.1 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് 68 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു. ചെറിയ വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് അനായാസം സ്‌കോര്‍ മറികടക്കാന്‍ കഴിഞ്ഞു.
ഇന്ത്യന്‍ ബൗളര്‍മാരുടെ വിക്കറ്റ് വേട്ടയില്‍ ഇംഗ്ലണ്ട് തകര്‍ന്നതോടെ ബാറ്റര്‍മാര്‍ക്ക് റണ്‍ചേസ് എളുപ്പമായി. 29 പന്തില്‍ 24 റണ്‍സ് എടുത്ത ഗൊംഗാദി തൃഷയും 37 പന്തില്‍ 24 റണ്‍സ് എടുത്ത സൗമ്യ തിവാരിയുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. നായിക ഷഫാലി വര്‍മ 15 റണ്‍സ് എടുത്ത് ഹന്ന ബെക്കറുടെ പന്തില്‍ പുറത്താവുകയായിരുന്നു.
തുടക്കം മുതല്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിന് അതില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഓപ്പണാറായി ഇറങ്ങിയ ഇംഗ്ലണ്ട് നായിക ഗ്രേസ് സ്‌ക്രിവെന്‍സ് നാല് റണ്‍സ് എടുത്ത് പുറത്തായി. ലിബര്‍ട്ടി ഹീപ്പിന് ഒരു റണ്‍ പോലും നേടാനായില്ല. പിന്നീട് കളത്തിലിറങ്ങിയ ഓരോരുത്തരും ക്രീസില്‍ പിടിച്ചു നില്‍ക്കാനാവാതെ കൂടാരം കയറി. ഇന്ത്യയ്ക്ക് വേണ്ടി നാല് ഓവര്‍ എറിഞ്ഞ ടിറ്റാസ് സാധു ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്പിന്നറായ പാര്‍ഷാവി ചോപ്രയും അര്‍ച്ചനാ ദേവിയും രണ്ട് വിക്കറ്റ് വീതം വീഴത്തി ഇംഗ്ലണ്ടിന്റെ കിരീടസ്വപ്‌നത്തെ എറിഞ്ഞിട്ടു. ഷഫാലി വര്‍മ, സോനം യാദവ്, മന്നത് കശ്യപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.