അടുത്ത വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും

അടുത്ത വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും

2006ലും 2018ലും ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച ന്യൂഡൽഹി തന്നെ വേദിയാകാനാണ് സാധ്യത
Updated on
1 min read

അടുത്തവർഷത്തെ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും. മൂന്നാം തവണയാണ് മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകുന്നത്. 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഹേമന്ത കലിതയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി നഷ്ടമായതിന്റെ ക്ഷീണത്തിലായിരുന്നു ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ. കഴിഞ്ഞ വർഷം സെർബിയയിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനാണ് ഇന്ത്യ ശ്രമിച്ചിരുന്നത്. എന്നാൽ അപേക്ഷയോടൊപ്പം നൽകാനുള്ള തുക അന്താരാഷ്ട്ര ഭരണസമിതിയിൽ കെട്ടിവെയ്ക്കാൻ കഴിയാതിരുന്നതിനാല്‍ അവസരം നഷ്ടപ്പെടുകയായിരുന്നു. മികച്ച രീതിയിൽ മത്സരം സംഘടിപ്പിച്ച്‌ രണ്ട് വർഷങ്ങൾക്കിപ്പുറം അന്നത്തെ നാണക്കേട് മാറ്റാനുള്ള അവസരമാണ് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് കൈ വന്നിരിക്കുന്നത്.

അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് ഉമര്‍ ക്രെംലെവിന്റെ ഇന്ത്യൻ സന്ദർശനത്തോടെയാകും തീയതിയും സ്ഥലവും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. 2006ലും 2018ലും ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച ന്യൂഡൽഹിക്കാണ് വേദിയുടെ നറുക്ക് വീഴാൻ സാധ്യത.

ഏറ്റവുമൊടുവില്‍ തുര്‍ക്കിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. അന്ന് ഇന്ത്യ നാലാമതെത്തിയിരുന്നു. ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ നിഖാത് സരീൻ നേടിയ സ്വർണവും രണ്ട് വെങ്കലമടക്കം മൂന്ന് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in