ചെസ്സ് ഒളിമ്പ്യാഡ് ലോഗോ
ചെസ്സ് ഒളിമ്പ്യാഡ് ലോഗോ

ലോക ചെസ്സ് ഒളിമ്പ്യാഡിന് ഇന്നു തുടക്കം

ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി ആറ് ടീമുകളെയാണ് ഇന്ത്യ ഇത്തവണ മത്സരിപ്പിക്കുന്നത്.
Updated on
2 min read

നാല്പത്തിനാലാമത് ലോക ചെസ്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. ഇന്നു ചെന്നൈ ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദഘാടനം നിർവഹിക്കും. നാളെ മുതലാണ്‌ മത്സരങ്ങൾ ആരംഭിക്കുന്നത്. ഓഗസ്റ്റ് 10-ന് സമാപിക്കും. ഇന്ത്യ, അമേരിക്ക, നോർവേ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 1400 പേരാണ് ഒളിമ്പ്യാഡിൽ പങ്കെടുക്കുക. ഓപ്പൺ വിഭാഗത്തിൽ 188 ടീമും വനിതാ വിഭാഗത്തിൽ 162 ടീമും ഇത്തവണ മത്സരിക്കും. ഒളിമ്പ്യാഡ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പങ്കാളിത്തമാണിത്.

റഷ്യയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പ്യാഡ്, റഷ്യ - യുക്രെയ്ന്‍ യുദ്ധത്തെ തുടർന്നാണ് ഇന്ത്യയിലേക്കു മാറ്റിയത്. ആദ്യമായാണ് ഇന്ത്യ ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്നത്. റഷ്യ, ചൈന, ബെലാറസ് എന്നീ രാജ്യങ്ങൾ ഇത്തവണ മത്സരിക്കുന്നില്ല. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെയും, ബെലാറസിനേയും അന്താരാഷ്ട്ര ചെസ്സ് സംഘടന വിലക്കിയപ്പോൾ ചൈനയുടെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി ആറ് ടീമുകളെയാണ് ഇന്ത്യ ഇത്തവണ മത്സരിപ്പിക്കുന്നത്. ആതിഥേയർ എന്ന ആനുകൂല്യത്തിൽ ഇന്ത്യക്ക് രണ്ട് ടീമിനെ ഇറക്കാം. ചെസ്സ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദാണ് ഇന്ത്യയുടെ മുഖ്യ ഉപദേഷ്ട്ടാവ്. 2014-ൽ വെങ്കലവും, 2020-ൽ റഷ്യയ്‌ക്കൊപ്പം സ്വർണവും, 2021-ൽ വെങ്കലവും നേടിയിരുന്നു ഇന്ത്യ. ഓപ്പൺ വിഭാഗത്തിൽ രണ്ടാം സീഡും വനിതാ വിഭാഗത്തിൽ ഒന്നാം സീഡുമാണ് ഇന്ത്യയുടെ എ ടീം.

ഫാബിയോ കരുവാന, വെസ്ലി സോ, ലെവോൺ ആരോണിയൻ, സാം ഷങ്ക്ലാൻഡ്, ലെയ്‌നിയര്‍ ഡൊമിനിഗസ് എന്നിവരടങ്ങിയ അമേരിക്ക കിരീട സാധ്യത കല്പിക്കപെടുന്നവരിൽ മുൻപന്തിയിലാണ്. ലോകചാമ്പ്യൻ മാഗ്നസ് കാൾസന്റെ നോർവേ ശക്തമായ മത്സരം പുറത്തെടുക്കാൻ പ്രാപ്തരാണെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ ഒളിമ്പ്യാഡിലെ കറുത്ത കുതിരകളാകാൻ സാധ്യത കൽപ്പിക്കുന്നത് നിഹാൽ സരിൻ, ആർ പ്രഗ്നാനന്ദ എന്നിവരടങ്ങിയ ഇന്ത്യൻ ബി ടീമിനെയാണ്. ആർബി രമേശാണ് ഇന്ത്യൻ ബി ടീമിന്റെ പരിശീലകൻ.

ഗതാഗത സൗകര്യത്തിനായി ഒരുക്കിയിട്ടുള്ള ബസ്‌
ഗതാഗത സൗകര്യത്തിനായി ഒരുക്കിയിട്ടുള്ള ബസ്‌

ഒളിമ്പ്യാഡിനെ വരവേൽക്കാൻ മഹാബലിപുരം

യുദ്ധത്തെ തുടർന്ന് അവസാന നിമിഷമാണ് ഇന്ത്യയ്ക്ക് മത്സരം സംഘടിപ്പിക്കാനുള്ള നറുക്ക് വീണത്. നാലുമാസത്തെ സമയത്തിൽ അതിഗംഭീരമായാണ് തമിഴ്‌നാട് ഒളിമ്പ്യാഡിനെ വരവേൽക്കാൻ തയ്യാറെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന താരങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും റഫറിമാർക്കുമായി താമസ സൗകര്യം, ഗതാഗതത്തിനായി 125 ബസ്, 100 എസ്.യു.വി, ആറ് ആഡംബര കാറുകൾ എന്നിവ സജ്ജമാണ്‌. എല്ലാവിധ സേവനങ്ങൾക്കും ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, മലായ്, ജർമൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ടോൾഫ്രീ സേവനം ലഭിക്കും.

പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിൽ തമ്പിയും കുടുംബവും
പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിൽ തമ്പിയും കുടുംബവും

ഭാഗ്യ ചിഹ്നമായി 'തമ്പി'

തമിഴ്‌നാടിന്റെ പരമ്പരാഗത വേഷമായ വേഷ്ടിയും മുണ്ടും ധരിച്ച കുതിരയാണ് തമ്പി. സഹോദരൻ എന്ന അർഥം വരുന്ന 'തമ്പി' അതിഥികളെ വണങ്ങുന്ന തരത്തിൽ കൈ കൂപ്പിയാണ് നിൽക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിൽ തമ്പിയും കുടുംബവും നിൽക്കുന്ന പ്രതിമകളും സംഘാടകർ സ്ഥാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in