ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം സ്‌പെയിനെതിരേ

ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം സ്‌പെയിനെതിരേ

രാത്രി ഏഴിന് ബിര്‍സാമുണ്ട സ്‌റ്റേഡിയത്തില്‍ യൂറോപ്യന്‍ കരുത്തരായ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍.
Updated on
1 min read

അമ്പത്തിരണ്ടു വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച് ഹോക്കി ലോകകപ്പ് കിരീടത്തില്‍ മുത്തമിടാമെന്ന പ്രതീക്ഷയോടെ ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് ഇറങ്ങും. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 15-ാമത് പുരുഷ ഹോക്കി ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഒഡീഷയില്‍ തുടക്കമാകും.

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്കു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. തുടര്‍ന്ന് മൂന്നു മണിക്ക് അതേ വേദിയില്‍ ഓസ്‌ട്രേലിത ഫ്രാന്‍സിനെയും വൈകിട്ട് അഞ്ചു മണിക്ക് റൂര്‍ക്കേല ബിര്‍സാമുണ്ട സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട്് വെയില്‍സിനെയും നേരിടും.

ഇന്നു നടക്കുന്ന നാലാം മത്സരത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാത്രി ഏഴിന് ബിര്‍സാമുണ്ട സ്‌റ്റേഡിയത്തില്‍ യൂറോപ്യന്‍ കരുത്തരായ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍. സ്വന്തം മണ്ണില്‍ ലോകകപ്പ് പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യ ജയത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോകകപ്പ് ചരിത്രത്തില്‍ 1975-ലാണ് അവസാനമായി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ഇതുവരെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് 1982-ലും 1994-ലും അഞ്ചാം സ്ഥാനത്ത് എത്താനായതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.

2018-ല്‍ ഒഡീഷയിലായിരുന്നു അവസാന ലോകകപ്പ് അരങ്ങേറിയത്. അത്തവണ ആറാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇത്തവണ ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കാതെയാണ് ടീം ഇന്ത്യയുടെ വരവ്. മലയാളി താരം പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ ഗോള്‍വലയം കാക്കുന്നത്. ശ്രീജേഷിന്റെ നാലാം ലോകകപ്പാണിത്.

ശ്രീജേഷിനൊപ്പം നായകന്‍ ഹര്‍മന്‍പ്രീത്, ഉപനായകന്‍ അമിത് രോഹിഡാസ്, മധ്യനിര താരങ്ങളായ മന്‍പ്രീത് സിങ്, ഹാര്‍ദ്ദിക് സിങ്, സ്‌ട്രൈക്കര്‍മാരായ ആകാഷ്ദീപ് സിങ്, മന്‍ദീപ് സിങ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. 2019-ല്‍ ഓസ്‌ട്രേലിയന്‍ മുന്‍താരം ഗ്രഹാം റീഡ് പരിശീലകനായി ചുമതലയേറ്റ ശേഷം മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവയ്ക്കുന്നത്.

ടോക്യോയില്‍ നടന്ന ഒളിമ്പിക്‌സ് ഹോക്കിയില്‍ മൂന്നാം സ്ഥാനം നേടാനും ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യന്‍ ഹോക്കിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു അത്. 41 വര്‍ഷത്തിനു ശേഷമായിരുന്നു അന്ന് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക് മെഡല്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് നേരിടാനുള്ളത്. 1971-ലും 88-ലും റണ്ണറപ്പുകളായ ടീമാണ് സ്‌പെയിന്‍. 2006-ല്‍ മൂന്നാം സ്ഥാനം നേടാനും അവര്‍ക്കായി. ഇതുവരെ സ്‌പെയിനുമായി 30 മത്സരങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടിയത്. അതില്‍ 13 ജയങ്ങളുമായി നേരിയ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. സ്‌പെയിന്‍ 11 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറു മത്സരങ്ങള്‍ സമനിലയിലായി.

പൂള്‍ ഡിയില്‍ കരുത്തരായ ഇംഗ്ലണ്ടും വെയ്ല്‍സുമാണ് ഇന്ത്യക്കും സ്‌പെയിനിനുമൊപ്പമുള്ളത്. അതിനാല്‍ത്തന്നെ ആദ്യ മത്സരം ജയിച്ച് തുടങ്ങാനാണ് ഇന്ത്യയും സ്‌പെയിനും ശ്രമിക്കുന്നത്.

ഇതു നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാകുന്നത്. ഇതിനു മുമ്പ് 1982-ല്‍ മുംബൈയിലും 2010-ല്‍ ഡല്‍ഹിയിലും 2018-ല്‍ ഒഡീഷയിലുമാണ് ഇന്ത്യന്‍ മണ്ണില്‍ ഹോക്കി ലോകകപ്പ് അരങ്ങേറിയത്.

logo
The Fourth
www.thefourthnews.in