മൂന്നാം ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
മൂന്നാം ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ; ഇന്ത്യക്ക് രണ്ടാം ജയം

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി, അവസാന രണ്ട് മത്സരങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം
Updated on
1 min read

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. രണ്ടാം മത്സരത്തിലേറ്റ പരാജയത്തിന് പകരം വീട്ടി അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

44 പന്തില്‍ 76 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 26 പന്തില്‍ 33 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്താകാതെ നിന്നു. 27 പന്തില്‍ 24 റണ്‍സെടുത്ത് ശ്രേയസ് അയ്യരും ബാറ്റിങ്ങില്‍ ഭേദപ്പെട്ട സംഭാവന നല്‍കിപ്പോള്‍ നായകന്‍ രോഹിത് ശര്‍മ 11 റണ്‍സെടുത്തു നില്‍ക്കെ പരിക്ക് മൂലം കളംവിട്ടു.

ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിന്‌, ഓപ്പണര്‍ കൈല്‍ മയേഴ്‌സിന്റെ ബാറ്റിങാണ് ഭേദപ്പെട്ട ടോട്ടലില്‍ എത്തിച്ചത്. 50 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പടെ 73 റണ്‍സാണ് താരം നേടിയത്‌. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 22), റൊവ്മാന്‍ പവല്‍ (14 പന്തില്‍ 23), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 പന്തില്‍ 20), ബ്രണ്ടന്‍ കിങ് (20 പന്തില്‍ 20) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ടും, അര്‍ഷദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

വെസ്റ്റ് ഇന്‍ഡീസാണ് ടി-20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നതെങ്കിലും അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍ വെച്ച് നടത്താനായിരുന്നു തീരുമാനം. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്കില്‍ നടക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ടി20ക്ക് നാല് ദിവസം മാത്രം ശേഷിക്കെ, വിസയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ നിന്ന് ഇരു ടീമുകളിലെയും നിരവധി കളിക്കാര്‍ക്ക് ഇതുവരെയും വിസ അംഗീകാരം ലഭിച്ചിട്ടില്ല. വിസ നടപടികള്‍ക്കായി താരങ്ങള്‍ ഗയാനയിലേക്ക് പോകാനൊരുങ്ങുകയാണ്. ഇതോടെ അവസാന രണ്ട് മത്സരങ്ങളുടെ വേദി സംബന്ധിച്ച് അനശ്ചിതത്വം തുടരുകയാണ്. എല്ലാ കളിക്കാര്‍ക്കും വിസ ലഭിച്ചില്ലെങ്കില്‍ മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടത്തുമുന്നും സൂചനയുണ്ട്.

logo
The Fourth
www.thefourthnews.in