ടേബിള്‍ ടെന്നീസിലും സ്വര്‍ണം; ഇന്ത്യ കുതിപ്പ് തുടരുന്നു

ടേബിള്‍ ടെന്നീസിലും സ്വര്‍ണം; ഇന്ത്യ കുതിപ്പ് തുടരുന്നു

ശരത് കമാല്‍, ജി. സത്യന്‍, ഹര്‍മീത് ദേശായി എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്.
Updated on
1 min read

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു. അഞ്ചാം ദിനമായ ഇന്ന് രണ്ടാം സ്വര്‍ണം സ്വനതമാക്കിയ ഇന്ത്യ ആകെ മെഡല്‍ നേട്ടം 11 ആക്കി ഉയര്‍ത്തി മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.

ഇന്നു നടന്ന ടേബിള്‍ ടെന്നീസ് പുരുഷന്മാരുടെ ടീം ഇനം ഫൈനലില്‍ സിംപ്പൂരിനെ തോല്‍പിച്ച് ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞു. ബിര്‍മിങ്ഹാമില്‍ ഇന്ത്യ നേടുന്ന അഞ്ചാം സ്വര്‍ണമാണിത്. ശരത് കമാല്‍, ജി. സത്യന്‍, ഹര്‍മീത് ദേശായി എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്. 3-1 എന്ന സ്‌കോറിനായിരുന്നു ജയം.

ഡബിള്‍സ് മത്സരത്തില്‍ ഹര്‍മീത്-സത്യന്‍ സഖ്യം 13-11, 11-7, 11-5 എന്ന സ്‌കോറില്‍ യോങ് ക്വക്-യൂ എന്‍ കോയന്‍ സഖ്യത്തെ തോല്‍പിച്ചുകൊണ്ട് തുടക്കത്തിലേ ഇന്ത്യക്ക് മുന്‍തൂക്കം സമ്മാനിച്ചു. എന്നാല്‍ പിന്നീട് നടന്ന സിംഗിള്‍സ് പോരാട്ടത്തില്‍ ശരത് കമാല്‍ സിംഗപ്പൂരിന്റെ സെ യൂ ക്ലാരന്‍സിനോടു 11-7, 12-14, 11-3, 11-9 എന്ന സ്‌കോറിന് തോറ്റതോടെ സിംഗപ്പൂര്‍ ഒപ്പമെത്തി.

എന്നാല്‍ റിട്ടേണ്‍ സിംഗിള്‍സില്‍ യൂ എന്‍ കോയനെ 12-10, 7-11, 11-7, 11-4 എന്ന സ്‌കോറില്‍ സത്യനും ക്ലാരന്‍സിനെ 11-8, 11-5, 11-6 എന്ന സ്‌കോറില്‍ ഹര്‍മീതും തോല്‍പിച്ചതോടെ ഒരു സിംഗിള്‍സ് റൗണ്ട് ബാക്കിനില്‍ക്കെ ഇന്ത്യ സ്വര്‍ണമണിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in