ഏഷ്യന്‍ ഗെയിംസ്; ഇടിക്കൂട്ടില്‍ ഇടിമിന്നലാകാന്‍ ഇന്ത്യന്‍ ടീം റെഡി

ഏഷ്യന്‍ ഗെയിംസ്; ഇടിക്കൂട്ടില്‍ ഇടിമിന്നലാകാന്‍ ഇന്ത്യന്‍ ടീം റെഡി

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ ബോക്‌സറായ അമിത് പങ്കലിന് ടീമില്‍ സ്ഥാനം നേടാന്‍ കഴിയാതെ പോയത് ആരാധകരെ അമ്പരപ്പിച്ചു.
Updated on
1 min read

ആറു തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടി റെക്കോഡ് സൃഷ്ടിച്ച ശിവ ഥാപ്പയെയും ടോക്യോ ഒളിമ്പിക് വെങ്കല മെഡലിസ്റ്റ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, രണ്ടു തവണ ലോക ചാമ്പ്യനായ നിഖാത് സരീന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബോക്‌സിങ് ടീമിനെ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ എട്ടു വരെ ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ടീം സുസജ്ജമായെന്നും മികച്ച നേട്ടം കൊയ്യാന്‍ ടീമിന് സാധിക്കുമെന്നും ബോക്‌സിങ് ഫെഡറേഷന്‍ വ്യക്തമാക്കി.

അതേസമയം 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ ബോക്‌സറായ അമിത് പങ്കലിന് ടീമില്‍ സ്ഥാനം നേടാന്‍ കഴിയാതെ പോയത് ആരാധകരെ അമ്പരപ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ദീപക് ഭോരിയയെയാണ് അമിതിനു പകരം 51 കിലോഗ്രാം വിഭാഗത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

പുരുഷന്മാരുടെ 63.5 കിലോഗ്രാം വിഭാഗത്തിലാണ് ശിവ ഥാപ്പ മത്സരിക്കുന്നത്. തന്റെ കരിയറിലെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണ് താരം ഹാങ്ഷുവില്‍ ലക്ഷ്യമിടുന്നത്. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന ഇറങ്ങുക. ടോക്യോ ഒളിമ്പിക്‌സില്‍ കാഴ്ചവച്ച മിന്നും പ്രകടനം ആവര്‍ത്തിക്കാനാണ് താരത്തിന്റെ ലക്ഷ്യം.

അടുത്തിടെ തന്റെ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടി ചരിത്രം കുറിച്ച നിഖാത് സരീന്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷകളാണ് മൂവരുമെന്നും ടീം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ് പറഞ്ഞു.

logo
The Fourth
www.thefourthnews.in