'രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന നടപടി'; സമരം നടത്തുന്ന ഗുസ്തി  താരങ്ങൾക്കെതിരെ പി ടി ഉഷ

'രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന നടപടി'; സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ പി ടി ഉഷ

ഒരു സ്ത്രീയായിട്ട് പോലും തങ്ങളെ കേൾക്കാൻ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക്
Updated on
2 min read

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങൾ നടത്താൻ താത്കാലിക സമിതി രൂപീകരിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൂന്നംഗ അഡ്ഹോക് സമിതിയെ നിയോഗിച്ചത്. അതേസമയം താരങ്ങളുടെ സമരത്തിനെതിരെ ഐഒഎ പ്രസിഡന്റ് പി ടി ഉഷ രംഗത്തെത്തി. തെരുവിലെ സമരം അച്ചടക്ക രാഹിത്യമെന്നാണ് കുറ്റപ്പെടുത്തൽ. പി ടി ഉഷയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് താത്കാലിക സമിതി രൂപീകരിക്കാൻ തീരുമാനമുണ്ടായത്. ഡബ്ല്യു എഫ് ഐ തലവന്‍ ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ശക്തമായ നടപടി എടുക്കണമെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐഒഎയുടെ ഇടപെടൽ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് താരങ്ങൾ പി ടി ഉഷയ്ക്ക് കത്തയച്ചിരുന്നു. മുന്‍ ഷൂട്ടര്‍ സുമ ശിരൂര്‍, വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഭൂപേന്ദ്രസിങ് ബജ്വ എന്നിവരെ കൂടാതെ വിരമിച്ച ഹൈക്കോടതി ജഡ്ജിയും സമിതിയില്‍ ഉള്‍പ്പെടുന്നത്.

ഗുസ്തിക്കാര്‍ തെരുവില്‍ സമരം നടത്തുന്നത് അച്ചടക്ക രാഹിത്യമാണെന്നും തെരുവിലെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു

അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചെങ്കിലും സമരത്തിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് പി ടി ഉഷ നടത്തിയത്. ഗുസ്തിക്കാര്‍ തെരുവില്‍ സമരം നടത്തുന്നത് അച്ചടക്ക രാഹിത്യമാണെന്നും തെരുവിലെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും പിടി ഉഷ പറഞ്ഞു. ''താരങ്ങള്‍ തെരുവില്‍ സമരം ചെയ്യാന്‍ പാടില്ലായിരുന്നു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും അവര്‍ കാത്തിരിക്കണമായിരുന്നു. ഗെയിമിനും രാജ്യത്തിനും നല്ലതല്ല അവരുടെ പ്രവൃത്തി. ഇതൊരു നെഗറ്റീവ് സമീപനമാണ്.''പി ടി ഉഷ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഐഒഎ അധ്യക്ഷയിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് താരങ്ങളുടെ മറുപടി. ഒരു സ്ത്രീയായിട്ട് പോലും തങ്ങളെ കേൾക്കാൻ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് കുറ്റപ്പെടുത്തി.

'രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന നടപടി'; സമരം നടത്തുന്ന ഗുസ്തി  താരങ്ങൾക്കെതിരെ പി ടി ഉഷ
'ബബിത ഫോഗാട്ട് കൂടെ നിന്ന് വഞ്ചിച്ചു'; ഫെഡറേഷന്‍ അധ്യക്ഷനെതിരായ സമരത്തിൽ ആരോപണവുമായി ഗുസ്തിതാരങ്ങൾ

ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ മൂന്ന് മാസത്തിന് ശേഷം സമരം പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ കൂടി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഇതിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ രാജ്യ തലസ്ഥാനത്തെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.

താരങ്ങള്‍ തെരുവില്‍ സമരം ചെയ്യാന്‍ പാടില്ലായിരുന്നു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും അവര്‍ കാത്തിരിക്കണമായിരുന്നു. ഗെയിമിനും രാജ്യത്തിനും നല്ലതല്ല അവരുടെ പ്രവൃത്തി.
പി ടി ഉഷ

ആദ്യഘട്ട സമരത്തിന് പിന്നാലെ പരാതി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ മേരി കോമിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിരുന്നു. ഏപ്രിൽ അഞ്ചിനാണ് സമിതി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കായിക മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടില്ല. ബ്രിജ് ഭൂഷണ് ക്ലീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്ടെന്നാണ് മാധ്യമ വാർത്തകൾ. ഇതാണ് സമരം പുനരാരംഭിക്കാനുള്ള പ്രധാന കാരണം.

logo
The Fourth
www.thefourthnews.in