അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെവിൻ ഒബ്രയന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രയന്‍ , ചൊവ്വാഴ്ച ട്വിറ്ററിലുടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 16 വര്‍ഷം അയര്‍ലന്‍ഡ് ക്രിക്കറ്റിലെ നിറസാന്നിദ്ധ്യമായിരുന്ന താരം മൂന്ന് ഫോര്‍മാറ്റുകളിലായി 9,048 റണ്‍സ് നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് ടീമില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
2006 ലാണ് താരം അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 2011 ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സ് പിന്‍തുടര്‍ന്ന് അയര്‍ലന്‍ഡ് ഐതിഹാസിക വിജയം കൈവരിച്ച മത്സരത്തില്‍ വെറും 63 പന്തില്‍ നിന്ന് 113 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് കെവിന്‍ ഒബ്രയനായിരുന്നു. 50 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരത്തിന്റെ പ്രകടനം ഏകദിന ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണ്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് കെവിന്‍ ഒബ്രയന്‍. മൂന്ന് ഫോര്‍മാറ്റുകളിലായി 9,048 റണ്‍സാണ് താരത്തിന്റെ സംഭാവന.അയര്‍ലന്‍ഡിനായി ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ താരവും കെവിന്‍ ഒബ്രയനാണ്.
152 ഏകദിന മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളുമടക്കം 3619 റണ്‍സും 114 വിക്കറ്റുകളുമാണ് 38 കാരനായ താരത്തിന്റെ സംഭാവന. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് കെവിന്‍. 109 ട്വന്റി 20 മത്സരങ്ങള്‍ ടീമിനായി കളിച്ച അദ്ദേഹം ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 1973 റണ്‍സ് നേടി. 58 വിക്കറ്റുകളാണ് ട്വന്റി 20-യിലെ സമ്പാദ്യം. കരിയറില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.2021ല്‍ യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി അയര്‍ലന്‍ഡിനു വേണ്ടി പാഡണിഞ്ഞത്.
'16 വര്‍ഷവും 389 മത്സരങ്ങളും എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച ശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു' എന്ന് തുടങ്ങുന്ന താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ടീം സെലക്ടര്‍മാരോടുള്ള അമര്‍ഷവും താരം മറച്ചുവെക്കുന്നില്ല. 'ഓസ്‌ട്രേലിയയില്‍ വെച്ചു നടക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കാനായിരുന്നു തന്റെ തീരുമാനം. എന്നാൽ ടീമിലേക്ക് തന്നെ പരിഗണിക്കാത്ത സാഹചര്യത്തിൽ സെലക്ടർമാർ മറ്റ് സാധ്യതകൾ തേടുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്'. അയര്‍ലന്‍ഡിനു വേണ്ടി കളിച്ച മത്സരങ്ങളൊക്കെയും ഏറെ ആസ്വദിച്ചിരുന്നുവെന്ന് പറഞ്ഞ താരം ആരാധകര്‍ക്കും കുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് വിടവാങ്ങല്‍ കുറിപ്പ് അവസാനിപ്പിച്ചത്