ISL 2024-25| ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബിന്റെ ഓണത്തല്ല്; പരാജയം ഒന്നിനെതിരെ രണ്ട് ഗോളിന്
ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത് (90+2) ജിമെനസിലൂടെ മഞ്ഞപ്പട തിരിച്ചടിക്കുകയായിരുന്നു. മൂന്ന് മിനുറ്റുകള്‍ക്ക് ശേഷം ഫിലിപ് മിഴ്‌സ്‌ലാക്കിലൂടെ പഞ്ചാബ് വിജയഗോള്‍ കണ്ടെത്തി.
പഞ്ചാബിന്റെ വിനീത് റായിയുടെ ഗോള്‍ശ്രമത്തോടെയായിരുന്നു കലൂരിലെ മത്സരത്തിന് താളം കൈവന്നത്. മധ്യനിരകേന്ദ്രീകരിച്ചായിരുന്നു ഇരുടീമുകളും ആദ്യ നിമിഷങ്ങളില്‍ പന്തുതട്ടിയത്. രാഹുല്‍ കെപിയും നോഹ സദൗയിയും ബ്ലാസ്റ്റേഴ്‌സിനായി ഒന്ന്, രണ്ട് അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നീക്കങ്ങള്‍ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല.
37-ാം മിനുറ്റിലായിരുന്നു മഞ്ഞപ്പടയ്ക്ക് സുവർണാവസരം ഒരുങ്ങിയത്. നോഹ ബോക്സിലേക്ക് തൊടുത്ത ക്രോസില്‍ തലവെക്കാൻ ഐമനായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ ലീഡുനേടി മടങ്ങാൻ ബ്ലാസ്റ്റേഴ്സിനാകുമായിരുന്നു. ഒത്തിണക്കമില്ലാതെ വിരസതനിറഞ്ഞ കളിയായിരുന്നു ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തതെന്ന് പറയാം.
പെപ്രയേയും ഐമനേയും തിരിച്ചുവിളിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലേക്ക് കടന്നത്. 59-ാം മിനുറ്റില്‍ നോഹയുടെ ഗോള്‍ശ്രമം പഞ്ചാബ് ഗോളി രവി കുമാർ തടഞ്ഞു. വിപിന്റെ പാസില്‍ നിന്നായിരുന്നു നോഹയുടെ ഷോട്ട്. 67-ാം മിനുറ്റില്‍ പ്രീതം കോട്ടാലിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടും ലക്ഷ്യം കണ്ടില്ല. പേപ്പറിലെ നിലവാരത്തിനൊത്ത് പന്തുതട്ടാനാകാത്ത ബ്ലാസ്റ്റേഴ്‌സിനെയായിരുന്നു മൈതാനത്ത് കണ്ടത്.
കളി അവസാന പത്തുമിനുറ്റിലേക്ക് കടന്നതോടെ ഒരു ത്രില്ലർ സിനിമയുടേതുപോലെ ട്വിസ്റ്റും ടേണും സംഭവിക്കുകയായിരുന്നു. 85-ാം മിനുറ്റില്‍ ലിയോണ്‍ അഗസ്റ്റിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി ബ്ലാസ്റ്റേഴ്‌സിനെതിരായി പെനാലിറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ലൂക്ക മജ്‌സെന്നിന് പിഴച്ചില്ല. സച്ചിൻ സുരേഷിനെ കാഴ്ച്ചക്കാരനാക്കി ലൂക്ക പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അധികസമയത്ത് (90+2) ജിമെനസിലൂടെ മഞ്ഞപ്പട തിരിച്ചടിക്കുകയായിരുന്നു. പ്രീതം കോട്ടാലിന്റെ ക്രോസില്‍ നിന്നായിരുന്നു ജിമെനസിന്റെ ഹെഡർ പിറന്നത്. പക്ഷേ മൂന്ന് മിനുറ്റ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമനില നിലനിന്നത്. പ്രതിരോധ പിഴവില്‍ നിന്ന് ഫിലിപ് മിഴ്‌സ്‌ലാക്ക് ഗോള്‍ നേടി, പഞ്ചാബിന്റെ ജയം ഉറപ്പിച്ചു