ജെറമി മാറിലണിഞ്ഞത് 'വാള്‍പേപ്പറായി' കൊണ്ടുനടന്ന സ്വപ്നം

ജെറമി മാറിലണിഞ്ഞത് 'വാള്‍പേപ്പറായി' കൊണ്ടുനടന്ന സ്വപ്നം

നാളുകള്‍ക്കു മുമ്പേ ജെറമി ഈ സ്വര്‍ണനേട്ടം സ്വപ്‌നം കണ്ടിരുന്നു, ഒപ്പം ഈ യുവതാരത്തെ അറിയുന്ന ഏവരും.
Updated on
2 min read

കഴിഞ്ഞ മേയ് നാലിനാണ് തന്റെ മൊബൈല്‍ ഫോണിന്റെ വാള്‍പേപ്പര്‍ ജെറമി ലാല്‍റിന്നുംഗയെന്ന 19-കാരന്‍ മാറ്റിയത്. ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിജയികളാകുന്നവര്‍ക്കു നല്‍കുന്ന സ്വര്‍ണമെഡലിന്റെ ചിത്രമാണ് പകരം വാള്‍പേപ്പറാക്കിയത്. ഇന്ന് അതേ മെഡലണിഞ്ഞു പോഡിയത്തില്‍ ദേശീയ ഗാനത്തിനു കാതോര്‍ക്കുമ്പോള്‍ ജെറമി അത് ഓര്‍ത്തുകാണുമോ?

മിസോറമില്‍ നിന്നുള്ള പത്തൊമ്പതുകാരന്‍ ആ നിമിഷം അതിനേക്കുറിച്ച് ചിന്തിച്ചിരുന്നില്ലെങ്കിലും അനുജന്‍ ജെറിക്കും സുഹൃത്തുക്കള്‍ക്കും അക്കാര്യം നല്ല ഓര്‍മയുണ്ട്. ഒപ്പം വാള്‍പേപ്പറിലെ ആ മെഡല്‍ ഒരു നാള്‍ വീട്ടിലെത്തിക്കുമെന്ന സഹോദരന്റെ പ്രതിജ്ഞയും.

ജെറമിയുടെ ഫോണിലെ വാള്‍പേപ്പര്‍.
ജെറമിയുടെ ഫോണിലെ വാള്‍പേപ്പര്‍.

ബിര്‍മിങ്ഹാമിലെ ദേശീയ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ന് ഒരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ജെറമിക്ക്. നാളുകള്‍ക്കു മുമ്പേ ജെറമി ഈ സ്വര്‍ണനേട്ടം സ്വപ്‌നം കണ്ടിരുന്നു, ഒപ്പം ഈ യുവതാരത്തെ അറിയുന്ന ഏവരും. നാലു വര്‍ഷം മുമ്പാണ് യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണമണിഞ്ഞ് ജെറമി ചരിത്രം കുറിച്ചത്.

തിളങ്ങുന്ന വസ്തുക്കളോട് എന്നും ജെറമിക്കു ഒരു പ്രത്യേക ഇഷ്ടമാണ്. മിസോറം തലസ്ഥാനമായ ഐസ്വാളിലെ ബാല്യകാലത്ത് തിളക്കമുള്ള ഏതാനും 'കളിപ്പാട്ട'ങ്ങളുണ്ടായിരുന്നു അവന്. എല്ലാം നല്ല തിളക്കമുള്ള മെഡലുകള്‍!!! ബോക്‌സിങ് റിങ്ങില്‍ നിന്ന് അച്ഛന്‍ ലാല്‍നെയ്തുലാംഗ ഇടിച്ചു നേടിയ സ്വര്‍ണമെഡലുകള്‍.

ചെറുപ്രായത്തിലേ ഉറപ്പായിരുന്നു... ഈ കുഞ്ഞുപയ്യന്‍ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണെന്ന്. പരിശീലനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും 2011-ല്‍ തന്റെ ഒമ്പതാം വയസില്‍ പുനെയിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സെലക്ഷന്‍ സമ്പാദിച്ചു. ജെറമിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു അത്.

ജെറമി കുടുംബാംഗങ്ങള്‍ക്കൊപ്പം.
ജെറമി കുടുംബാംഗങ്ങള്‍ക്കൊപ്പം.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിട്ടയായ പരിശീലനത്തിലൂടെ മികവ് തേച്ചുമിനുക്കിയ ജെറമി അഞ്ചു വര്‍ഷത്തിനു ശേഷം 13-ാം വയസില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ വെള്ളി ജെറമിയെ ഇന്ത്യയുടെ ഭാവി വാഗ്ദാനമാക്കി മാറ്റി.

തീര്‍ന്നില്ല 15-ാം വയസില്‍ 2018-ലെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ജെറമി വെള്ളിയും വെങ്കലവും നേടിയ ജെറമി അതേവര്‍ഷം അര്‍ജന്റീന തലസ്ഥാനമായ ബ്യൂണേഴ്‌സ് ഐറിസില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ പൊന്നണിഞ്ഞ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി.

കരിയറിന്റെ തുടക്കകാലമായിരുന്നു അതെന്നു ഓര്‍ക്കണം. അപ്പോഴേക്കും തന്റേതായ ഇരിപ്പിടം ഉണ്ടാക്കിയെടുക്കാന്‍ ജെറമിക്കായി. തൊട്ടടുത്ത വര്‍ഷം 306 കിലോ ഭാരമുയര്‍ത്തി ദേശീയ റെക്കോഡിട്ട ജെറമിക്കു പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ പരുക്കുകളോടായിരുന്നു പോരാടേണ്ടി വന്നത്.

പരുക്കിനെത്തുടര്‍ന്ന് 2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും 2021 കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പും നഷ്ടമായ അതില്‍ നിന്നു മുക്താനായി എത്തിയാണ് ബിര്‍മിങ്ഹാമില്‍ പൊന്നണിഞ്ഞത്. ആ യാത്രയില്‍ ജെറമിയെ എന്നും പ്രചോദിപ്പിച്ചിരുന്ന ചിത്രമാണ് ഫോണിലെ വാള്‍പേപ്പറില്‍ ഉണ്ടായിരുന്നത്. ഇനി ആ ചിത്രം മാറും... പകരം ഒളിമ്പിക് വളയങ്ങളുടെ ചിത്രമാകും അടുത്തത്. 2024 പാരീസ് ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ടുള്ള ജെറമിയുടെ യാത്ര ഇന്നു ബിര്‍മിങ്ഹാമില്‍ ആരംഭിക്കുകയാണ്...

logo
The Fourth
www.thefourthnews.in