വൈദ്യുതിപോലുമില്ലാത്ത  ഗ്രാമത്തില്‍ നിന്നും ഹോക്കി ലോകകപ്പിലേയ്ക്ക്; നീലം സെസിന്റെ വിജയ ഗാഥ

വൈദ്യുതിപോലുമില്ലാത്ത ഗ്രാമത്തില്‍ നിന്നും ഹോക്കി ലോകകപ്പിലേയ്ക്ക്; നീലം സെസിന്റെ വിജയ ഗാഥ

ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ എല്ലാ കണ്ണുകളും നാളെ ഉറ്റുനോക്കുന്നത് നീലത്തിലേക്കാണ്
Updated on
2 min read

വൈദ്യുതി പോലുമെത്താത്ത ഒഡീഷയിലെ ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന നീലം സെസ്സ് നാളെ ഹോക്കി ലോകകപ്പില്‍ സ്‌പെയിനെതിരെ അരങ്ങേറുകയാണ്. ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ എല്ലാ കണ്ണുകളും നാളെ ഉറ്റുനോക്കുന്നത് നീലത്തിലേക്കാണ്. റൂര്‍ക്കേല ബിര്‍സ മുണ്ടാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വിറ്റുപോയത്. ഹോക്കിയോടുള്ള അഭിനിവേശം മാത്രമല്ല, നാടിന്റെ പ്രിയ പുത്രന്റെ കളി കാണാനുള്ള മോഹം കൂടിയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

നീലം സെസിന്റെ കഥയാരംഭിക്കുന്നത് റൂര്‍ക്കേലയിലെ കഡോബാല്‍ ഗ്രാമത്തിലെ പൊടിപിടിച്ച വയലുകളിലാണ്. ബിര്‍സ മുണ്ട സ്റ്റേഡിയത്തിന്റെ ശേഷിയേക്കാള്‍ കുറഞ്ഞ ജനസംഖ്യ മാത്രമുള്ള ഈ വരണ്ട ഗ്രാമത്തിലെ മൈതാനത്തായിരുന്നു നീലം സെസ്സ് കളിച്ചു തുടങ്ങിയത്. കീറിയ വലകളുള്ള രണ്ട് ജീര്‍ണിച്ച ഗോള്‍പോസ്റ്റുകളും, തൊട്ടടുത്ത റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ പന്ത് ഇടിക്കാതിരിക്കാന്‍ രണ്ട് മുളങ്കമ്പുകള്‍ക്കിടയില്‍ ഒരു കീറിയ വലയുമുള്ള മൈതാനമായിരുന്നു അത്.

'സ്‌കൂളിലെ ഇടവേളകളില്‍ നീലം സഹോദരനോടൊപ്പം കളിച്ചു. വീട്ടില്‍ വന്ന ശേഷം, മാതാപിതാക്കളെ ഫാമില്‍ സഹായിക്കും, വൈകുന്നേരം ഗ്രാമത്തിലുള്ളവര്‍ ഹോക്കി കളിക്കാന്‍ ഒത്തുകൂടുമ്പോള്‍ അവരോടൊപ്പം ചേരും. സമയം പോക്കാന്‍ വേണ്ടി മാത്രമാണ് നീലം ഹോക്കി കളിച്ചു തുടങ്ങിയത്. മൈക്കല്‍ കിന്‌ഡോ, ദിലീപ് ടിര്‍ക്കി, ലാസറസ് ബര്‍ല, പ്രബോധ് ടിര്‍ക്കി എന്നിവരുടെ ചുവടുപിടിച്ച് മറ്റെല്ലാവരും ഫോര്‍വേഡായി കളിച്ച് ഗോള്‍ നേടാന്‍ ആഗ്രഹിച്ചപ്പോള്‍ നീലം ഒരു ഡിഫന്‍ഡറായി

വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്ന ഇടമായിരുന്നില്ല കടോബഹാല്‍. വൈദ്യുതി പോലുമെത്താത്ത ഒരു ഗ്രാമത്തിലിരുന്ന് എന്ത് സ്വപ്നം കാണാന്‍? ലോകത്തെന്നല്ല, റൂര്‍ക്കേലയില്‍ എന്തു സംഭവിക്കുന്നുവെന്ന് പോലും തനിക്കറിയുമായിരുന്നില്ല. ഗ്രാമത്തില്‍ പവര്‍കട്ട് ഉണ്ടാവാറുണ്ട് എന്നല്ല, അവിടെ വൈദ്യുതിയേ ഇല്ലായിരുന്നു എന്ന് നീലം സെസ്സിന്റെ അച്ഛന്‍ ബിപിന്‍. 2017 ല്‍ മാത്രമാണ് അവിടെ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നത്.

ഒരു വിളക്ക് വാങ്ങാന്‍ പോലുമുള്ള സാമ്പത്തിക സാഹചര്യം കുടുംബത്തിന് ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ചെറിയ പാത്രങ്ങള്‍ കഴുകി ഉണക്കി അതിന് ചുറ്റും മണ്ണ് പുരട്ടി ഉണക്കി. അതില്‍ മണ്ണെണ്ണ ഒഴിച്ചായിരുന്നു ഞങ്ങള്‍ വിളക്ക് കത്തിച്ചിരുന്നത്. അന്ന് നീലം സെസ്സിന്റെ സ്വപ്‌നം ഒരു ജോലി ലഭിക്കുക എന്നതു മാത്രമായിരുന്നെന്നും അച്ഛന്‍ ബിപിന്‍ പറഞ്ഞു.

എന്നാല്‍ 2010-ല്‍ സുന്ദര്‍ഗഡിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ എല്ലാം മാറി. അപ്പോഴാണ് ഹോക്കി കളിച്ച് ബഹുമാനവും പണവും നേടാമെന്ന് ഞാന്‍ അറിഞ്ഞത്, നീലം പറഞ്ഞു. അങ്ങനെ ഒരു കളിക്കാരനാകാന്‍ നീലം കഠിനാധ്വാനം ചെയ്തു. തുടര്‍ന്ന്, 2012 ലെ ലണ്ടന്‍ ഒളിമ്പിക്സ് കണ്ടപ്പോള്‍, ഞാന്‍ ഒരു ലക്ഷ്യമുറപ്പിച്ചു 'ഇന്ത്യയ്ക്കായി കളിക്കുക'. ഹോക്കി സ്റ്റിക്കുകള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാതാപിതാക്കള്‍ കടം വാങ്ങേണ്ടി വന്നു.

പ്രതിരോധത്തിന്റെ കല പഠിപ്പിച്ചത് പരിശീലകന്‍ തേജ് കുമാറാണ്. ആദ്യത്തെ ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മറ്റൊരു ഹോക്കി താരം ബീരേന്ദ്ര ലക്ര കൂടെ കൂട്ടി. 'അദ്ദേഹം എന്നെ ഒരു സഹോദരനായി കാണുകയും ടാക്ലിംഗ്, പൊസിഷനിംഗ്, ഫീല്‍ഡിലെ സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. തന്ത്ര ശാലികളായ സ്‌പെയിനിനെതിരെയുള്ള ആദ്യ ലോകകപ്പ് മത്സരത്തില്‍ ഈ ഗുണങ്ങള്‍ എങ്ങനെ സഹായിക്കുമെന്ന് കാണാനാണ് ഏവരും കാത്തിരിക്കുന്നത്.

ജനുവരി 13 മുതല്‍ 29 വരെ നടക്കുന്ന ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നാണ് റൂര്‍ക്കേലയിലെ പുതിയ സ്റ്റേഡിയം. വെള്ളിയാഴ്ച റൂര്‍ക്കേല സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കാണികള്‍ക്കിടയില്‍ സെസിന്റെ മാതാപിതാക്കളും ഉണ്ടാകും.

logo
The Fourth
www.thefourthnews.in