കോമണ്‍വെല്‍ത്ത്: ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ശരത് കമല്‍- ശ്രീജ അകുല സഖ്യത്തിന് സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ഇതിഹാസം അചന്ത ശരത് കമല്‍, യുവതാരം ശ്രീജ അകുല സഖ്യം സ്വര്‍ണം നേടി. രണ്ടാം ഗെയിമിലെ ഒരു തോല്‍വി ഒഴികെ ഫൈനല്‍ മത്സരം പൂര്‍ണമായും ശരത്-അകുല സഖ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണ മെഡലിനായുള്ള പോരാട്ടത്തില്‍ മലേഷ്യയുടെ ദാവെന്‍ ചൂങ്- കരെന്‍ ലൈന്‍ സഖ്യത്തെ 11-4, 9-11, 11-5, 11-6 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
ശരത് കമലിന്റെ മിക്‌സ്ഡ് ഡബിള്‍സ് വിഭാഗത്തിലെ ആദ്യ സ്വര്‍ണമാണ്. പുരുഷന്മാരുടെ ടീം ഇനത്തില്‍ സ്വര്‍ണത്തിനും സത്യന്‍ ജ്ഞാനശേഖരനൊപ്പം പുരുഷ ഡബിള്‍സില്‍ വെള്ളിക്കും ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ശരത് കമലിന്റെ മൂന്നാമത്തെ മെഡല്‍ കൂടിയാണിത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഫൈനലില്‍ കടന്ന ശരത് കമല്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം തവണയാണ് ശരത് കമല്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടക്കുന്നത്. ശരത് കമലിന്റെ 13-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ കൂടിയാണ് ഇതോടെ ഉറപ്പായിരിക്കുന്നത്. സെമിയില്‍ 4-2ന് ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ഹാളിനെയാണ് ശരത് കമല്‍ പരാജയപ്പെടുത്തിയത്. പുരുഷ ഡബിള്‍സില്‍ ശരത് കമല്‍- സത്യന്‍ സഖ്യത്തെ ഡ്രിങ്ഹാള്‍ ലിയാം പിച്‌ഫോര്‍ഡുമായിച്ചേര്‍ന്ന് പരാജയപ്പെടുത്തിയിരുന്നു.
ശ്രീജ അകുലയുടെ കന്നി കോമണ്‍വെല്‍ത്ത് മെഡലാണ് ഇത്. നേരത്തെ വെങ്കലമെഡല്‍ പ്ലേ ഓഫില്‍ ഓസ്‌ട്രേലിയയുടെ യാങ്‌സി ലിയുവിനോട് 3-4 തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 11-3, 6-11, 2-11, 11-7, 13-15, 11-9, 7-11 എന്ന സ്‌കോറിനാണ് ശ്രീജ പരാജയപ്പെട്ടത്.