മലയാളം തിളങ്ങിയ ഏഷ്യാഡ്; 2023-ല്‍ ട്രാക്കും ഫീല്‍ഡും കീഴടക്കിയവർ
ചൈനയിലെ ഹാങ്ഷു നഗരം ഈ വർഷം ആതിഥേയത്വം വഹിച്ച 2022 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ഗെയിംസിന്റെ 19-ാം പതിപ്പില്‍ 655 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തിയത്. 28 സ്വർണം, 38 വെള്ളി, 41 വെങ്കലം എന്നിവയുള്‍പ്പടെ 107 മെഡലുകളാണ് നേട്ടം. മെഡല്‍പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഗെയിംസ് അവസാനിപ്പിച്ചത്. 2018-ല്‍ ജക്കാർത്ത ഏഷ്യന്‍ ഗെയിംസില്‍ സ്ഥാപിച്ച 70 മെഡലെന്ന റെക്കോഡ് മറികടന്നായിരുന്നു ചരിത്രനേട്ടം.
മെഡല്‍പട്ടികയില്‍ മൂന്നക്കം കടന്നപ്പോള്‍ അതില്‍ മലയാളി ടച്ചുമുണ്ടായിരുന്നു. മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, പി ആർ ശ്രീജേഷ്, മിന്നു മണി, എച്ച് എസ് പ്രണോയി, എം ആർ അർജുന്‍, മുഹമ്മദ് അഫ്സല്‍, എം ശ്രീശങ്കർ, ആന്‍സി സോജന്‍, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരായിരുന്നു ഏഷ്യാഡില്‍ മെഡല്‍ കൊയ്ത മലയാളികള്‍.
തങ്കമണിഞ്ഞവർ
മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ് (4X400 മീറ്റർ റിലെ)
ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും ആവേശം നിറഞ്ഞ ഇനങ്ങളിലൊന്നായ 4x400 മീറ്റർ റിലെയില്‍ സ്വർണമണിഞ്ഞ ടീമിലെ അംഗങ്ങളായിരുന്നു മുഹമ്മദ് അനസ് യാഹിയയും മുഹമ്മദ് അജ്മലും. അമോജ് ജേക്കബ്, രാജേഷ് രമേശ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍. മൂന്ന് മിനുറ്റും 01.58 സെക്കന്‍ഡുമെടുത്തായിരുന്നു ടീം അന്ന് ഫിനിഷ് ചെയ്തത്. ഒന്നാം ഹീറ്റ്സില്‍ മൂന്ന് മിനുറ്റ് 03.81 സെക്കന്‍ഡിലായിരുന്നു ടീം ഓട്ടം അവസാനിപ്പിച്ചത്.
പി ആർ ശ്രീജേഷ് (ഹോക്കി)
2014-ന് ശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സ്വർണത്തിലേക്ക് എത്തിയ ഏഷ്യാഡ് കൂടിയായിരുന്നു കഴിഞ്ഞ് പോയത്. തോല്‍വി അറിയാതെ സമ്പൂർണ ആധിപത്യത്തോടെയായിരുന്നു സ്വർണ നേട്ടം. ഇത്തവണയും ഇന്ത്യയുടെ ഗോള്‍വല കാത്തത് പി ആർ ശ്രീജേഷ് തന്നെ. ഏഴ് കളികളില്‍ നിന്ന് ഒന്‍പത് തവണ മാത്രമാണ് ശ്രീജേഷിനെ മറികടക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞത്.
മിന്നു മണി (ക്രിക്കറ്റ്)
ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റ് എത്തിയപ്പോള്‍ സ്വർണം ചൂടാന്‍ ഇന്ത്യന്‍ വനിത ടീമിനായി. 2023 ജൂലൈയില്‍ ട്വന്റി20യില്‍ അരങ്ങേറിയ മിന്നും ഏഷ്യന്‍ ഗെയിംസിനുള്ള വനിത ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം ഒരു മത്സരത്തിലും മിന്നുവിന് അന്തിമ ഇലവനില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു വനിത ടീം സ്വർണം നേടിയത്.
വെള്ളിത്തിളക്കം
എച്ച് എസ് പ്രണോയ്, എം ആർ അർജുന്‍ (ബാഡ്മിന്റണ്‍ ടീം)
എച്ച് എസ് പ്രണോയ്, കിടമ്പി ശ്രീകാന്ത്, ലക്ഷ്യ സെന്‍, മിഥുന്‍ മഞ്ജുനാഥ്, സാത്വിക്‌സായ്‌രാജ് രെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, ദ്രുവ് കപില, എംആർ അർജുന്‍, രോഹന്‍ കപൂർ, സായ് പ്രതീക് എന്നിവരടങ്ങിയ ടീമായിരുന്നു വെള്ളി നേടിയത്. ഫൈനലില്‍ 3-2നായിരുന്നു ചൈനയോട് പരാജയപ്പെട്ടത്. ഫൈനലില്‍ പരുക്കിനെ തുടർന്ന് പ്രണോയിയും എം ആർ അർജുനും കളിച്ചിരുന്നില്ല.
മുഹമ്മദ് അഫ്സല്‍ (800 മീറ്റർ)
800 മീറ്റർ ഫൈനലില്‍ ഒരു മിനുറ്റ് 48.50 സെക്കന്‍ഡിലായിരുന്നു മുഹമ്മദ് അഫ്സല്‍ ഫിനിഷ് ചെയ്ത് വെള്ളിയുറപ്പിച്ചത്. 1.48.05 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സൗദി അറേബ്യയുടെ എസ അലി എസ് ക്സ്വാനിക്കായിരുന്നു സ്വർണം.
മുഹമ്മദ് അജ്മല്‍ (4x400 മീറ്റർ മിക്സഡ് റിലെ)
മുഹമ്മദ് അജ്മലിനൊപ്പം വിത്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന്‍ എന്നിവരായിരുന്നു മിക്സഡ് റിലെ ടീമിലുണ്ടായിരുന്നത്. ഏഷ്യന്‍ ചാമ്പ്യന്മാരായി ഹാങ്ഷൂവിലെത്തിയ ഇന്ത്യക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാമതായി ഫിനിഷ് ചെയ്ത ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് ഒന്നാമതെത്തിയ ശ്രീലങ്കന്‍ ടീം ആയോഗ്യരാക്കപ്പെട്ടതിനെ തുടർന്നായിരുന്നു. അജ്മലായിരുന്നു നാല് പേരില്‍ ഏറ്റവും മികച്ച സമയം കണ്ടെത്തിയത് (43.14 സെക്കന്‍ഡ്). മൂന്ന് മിനുറ്റ് 14.34 സെക്കന്‍ഡിലായിരുന്നു ടീമിന്റെ ഫിനിഷ്, പുതിയ ദേശീയ റെക്കോഡ് കുറിക്കാനും കഴിഞ്ഞു.
എം ശ്രീശങ്കർ (ലോങ് ജമ്പ്)
പുരുഷന്മാരുടെ ലോങ് ജമ്പില്‍ കേവലം 0.04 മീറ്റർ വ്യത്യാസത്തിലായിരുന്നു ശ്രീശങ്കറിന് സ്വർണം നഷ്ടമായത്. 8.19 മീറ്റർ ദൂരമായിരുന്നു ഫൈനലില്‍ താരം കണ്ടെത്തിയത്. 8.22 മീറ്റർ ദൂരം താണ്ടിയ ചൈനയുടെ വാങ് ജിയാനനായിരുന്നു സ്വർണം.
ആന്‍സി സോജന്‍ (ലോങ് ജമ്പ്)
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തായിരുന്നു ആന്‍സി സോജന്‍ ഹാങ്ഷൂവില്‍ വെള്ളിയണിഞ്ഞത്. 6.63 മീറ്റർ ദൂരമാണ് ആന്‍സി താണ്ടിയത്. ചൈനയുടെ ഷിഖി ഷിയോങ്ങിനായിരുന്നു സ്വർണം. 6.73 മീറ്റർ ദൂരമാണ് ചൈനീസ് താരം തൊട്ടത്.
വെങ്കല വിജയികള്‍
എച്ച് എസ് പ്രണോയ് (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ്)
പരുക്കിനെ അതിജീവിച്ചായിരുന്നു ഹാങ്ഷൂവിലെ പ്രണോയിയുടെ യാത്ര. പുരുഷ സിംഗിള്‍സില്‍ നാല് പതിറ്റാണ്ടിലധികം നീണ്ടുനിന്ന മെഡല്‍ വരള്‍ച്ചയ്ക്ക് വെങ്കലത്തിലൂടെ അവസാനം കുറിക്കാനും പ്രണോയ്ക്കായി. സെമി ഫൈനലില്‍ ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം.
ജിന്‍സണ്‍ ജോണ്‍സണ്‍ (1500 മീറ്റർ)
പുരുഷന്മാരുടെ 1500 മീറ്ററില്‍ മൂന്ന് മിനുറ്റ് 39.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ജിന്‍സണ്‍ വെങ്കലം നേടിയത്. സഹതാരമായ അജോയ് കുമാർ സരോജിനായിരുന്നു വെള്ളി. മൂന്ന് മിനുറ്റ് 38.94 സെക്കന്‍ഡിലായിരുന്നു അജോയ് ഫിനിഷ് ചെയ്തത്.