കേരളത്തിന്റെ ഗ്രൗണ്ടുകളിലേക്ക് 'ക്യൂബന്‍ മോഡല്‍'; വിദഗ്ധ പരിശീലകരെ എത്തിക്കും

കേരളത്തിന്റെ ഗ്രൗണ്ടുകളിലേക്ക് 'ക്യൂബന്‍ മോഡല്‍'; വിദഗ്ധ പരിശീലകരെ എത്തിക്കും

ആദ്യ ഘട്ടത്തില്‍ ജൂഡോ, വോളിബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ മലയാളി കായിക താരങ്ങള്‍ക്ക്‌ ക്യുബയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുടെ പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
Updated on
1 min read

കായികരംഗത്ത് ക്യൂബന്‍ മോഡല്‍ കൊണ്ടുവരാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അത്‌ലറ്റിക്‌സ് - ഗെയിംസ് ഇനങ്ങളില്‍ ക്യുബയില്‍ നിന്നു വിദേശ പരിശീലകരെ എത്തിച്ചു കായികതാരങ്ങള്‍ പരിശീലനം നല്‍കാനും കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ ക്യൂബയുടെ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കാനും ധാരണ ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ക്യൂബ സന്ദര്‍ശനത്തിനിടെ ക്യൂബന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കന്‍ എഡ്യൂക്കേഷന്‍ ആന്റ റിക്രിയേഷന്‍ വൈസ് പ്രസിഡന്റ് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ സഹകരണം സംബനധിച്ച് ധാരണയായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ ജൂഡോ, വോളിബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ മലയാളി കായിക താരങ്ങള്‍ക്ക്‌ ക്യുബയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുടെ പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യൂബയില്‍ നിന്നു പരിശീലകരെ എത്രയും വേഗം സംസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഇതിനു പുറമേ പ്രകടനത്തില്‍ മികവ് പുലര്‍ത്തുന്ന മലയാളി താരങ്ങളെ ക്യൂബയിലേക്ക് അയച്ച് വിദഗ്ധ പരിശീലനം നല്‍കാനുള്ള താല്‍പര്യവും വലെന്‍സ്യാനോയെ അറിയിച്ചു. ഇതിന് ക്യൂബന്‍ അധികൃതരില്‍ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചതെന്നും കായികമേഖലയിലെ മികവ് ഉയര്‍ത്താന്‍ കേരളവുമായി സഹകരിക്കാന്‍ ക്യൂബ സന്നദ്ധമാണെന്നും വലെന്‍സ്യാനോ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഔട്ട്‌ഡോര്‍ ഗെയിംസ്-അത്‌ലറ്റിക്‌സ് രംഗത്തെ സഹകരണത്തിനു പുറമേ ഇന്‍ഡോര്‍ ഗെയിംസിലും സഹകരണത്തിന് നീക്കമുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം കേരളാ താരങ്ങളും ക്യൂബന്‍ താരങ്ങളും തമ്മിലുള്ള ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും സംസ്ഥാനം ആരാഞ്ഞിട്ടുണ്ട്.

രാജ്യാന്തര തലത്തില്‍ കായികരംഗത്ത് മികച്ച മേല്‍വിലാസമുള്ള രാജ്യങ്ങളിലൊന്നാണ് ക്യൂബ. ബേസബോളാണ് അവിടെ ഏറെ പ്രചാരമുള്ള കായിക വിനോദം. ഇതിനു പുറമേ വോളിബോള്‍, ഗുസ്തി, ബാസ്‌കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ്, സൈക്ലിങ്, ബോക്‌സിങ് എന്നിവയിലും രാജ്യന്തര തലത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ ക്യൂബന്‍ താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് ഫുട്‌ബോളിനു ക്യൂബ നല്‍കുന്ന പ്രചാരവും ഏറെ ശ്രദ്ധേ നേടിയിട്ടുണ്ട്. കായികസാങ്കേതിക രംഗത്തും ഏറെ മുന്നിലാണ് അവര്‍. ഇത് സംസ്ഥാനത്തിന്റെ കായികരംഗത്തിനു മുതല്‍ക്കൂട്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in