വെറും ഏഴാം ക്ലാസല്ല, ഇത് കരാട്ടെ കിഡ് ഈശ്വരി
കൊല്‍ക്കത്തയില്‍ നടന്ന ഐ സി എസ് സി ദേശീയ സകൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മിടുക്കികൂടിയുണ്ട്. ഏഴാംക്ലാസുകാരിയായ ഈശ്വരി. അണ്ടര്‍ 14 കുമിത്ത 26-30 കിലോഗ്രം വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടിയാണ് ഈശ്വരി കേരളത്തിന് അഭിമാനമായത്. പത്തോളം എതിരാളികളെ നേരിട്ടാണ് ഈശ്വരി സെമിഫൈനലിലെത്തിയത്. സെമിയ്ക്കിടെ ചെറുതായി പരുക്കേല്‍ക്കുകയും ചെയ്തതോടെ ഫൈനലിലെത്താന്‍ കഴിയാതെ പോവുകയായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കരാട്ടെ കിഡിന്റെ രണ്ടാമത്തെ മെഡലാണ് ഇത്.
പത്തോളം എതിരാളികളെ നേരിട്ടാണ് ഈശ്വരി സെമിഫൈനലിലെത്തിയത്
കൊല്ലം ആലുംമൂട് സ്വദേശികളായ സാജന്റെയും അനുവിന്റെയും ഇളയമകളാണ് ഈശ്വരി. നാലു വയസുകാരിയുടെ ഒരു കുസൃതി നിറഞ്ഞ ആഗ്രഹത്തില്‍ നിന്നാണ് മകള്‍ വലിയ നേട്ടങ്ങളിലേക്ക് ഇടിച്ചുകയറിയതെന്ന് അമ്മ അനു പറയുന്നു. എല്‍ കെ ജിയില്‍ പഠിക്കുമ്പോള്‍ നിരന്തരം കളിയാക്കുന്ന കൂട്ടുകാരന് ഒരിടി കൊടുക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പറഞ്ഞാണ് ഈശ്വരി അച്ഛനെയും അമ്മയേയും സമീപിച്ചത്. പക്ഷേ ആ കുറുമ്പിനെ മുഴുവനായി തള്ളിക്കളയേണ്ടതല്ലെന്ന് അവര്‍ക്കും തോന്നി. അങ്ങനെയാണ് സെന്‍സായ് വിനീത് എന്ന കരാട്ടെ മാസ്റ്ററുടെ അടുത്തേക്ക് ഈശ്വരി എത്തുന്നത്. ''അവള്‍ക്ക് സ്വയം പ്രതിരോധത്തിനായി കരാട്ടെ പഠിപ്പിക്കാൻ മാത്രമായിരുന്നു ഉദ്ദേശിച്ചത്, പിന്നെ അത് കുറച്ച് വെറൈറ്റിയായി തോന്നി, അവിടെ പഠിക്കുന്നവരില്‍ അന്ന് ഏറ്റവും ചെറുത് അവളായിരുന്നു'' അനു പറയുന്നു. പിന്നീട് ഈശ്വരിയുടെ ശ്രദ്ധ അതിലേക്ക് തിരിയുകയായിരുന്നു. അതിനായി കഠിനാധ്വാനം ചെയ്യാനും അവള്‍ക്ക് മടിയുണ്ടായില്ല.
വളരെ താല്പര്യത്തോടെയാണ് ഈശ്വരി കരാട്ടെ പരിശീലിക്കുന്നത്. പരുക്കുകള്‍ പോലും വകവയ്ക്കാതെ ഇടിക്കൂട്ടിലേക്കിറങ്ങുന്ന ഈശ്വരിയ്ക്ക് ഇതിനിടെ രണ്ടു തവണയാണ് കൈകള്‍ക്ക് പൊട്ടലുണ്ടായത്. ആ സമയത്തും അവള്‍ കരാട്ടെ പഠിക്കാന്‍ പോകുമായിരുന്നു എന്ന് അമ്മ. പരുക്ക് പറ്റിയത് വീട്ടില്‍ പറയാതെ ദിവസങ്ങളോളം ഒളിപ്പിച്ചു വച്ച കഥയും ഈശ്വരിയെക്കുറിച്ച് അമ്മയ്ക്ക് പറയാനുണ്ട്. സ്‌കേറ്റിങ് പഠിക്കണമെന്നത് ഈശ്വരിയുടെ വലിയ ആഗ്രഹമായിരുന്നു, അതിനായി സ്‌കേറ്റിങ് ബോര്‍ഡ് വാങ്ങുകയും സ്വന്തമായി പഠിക്കാന്‍ തുടങ്ങുകയും ചെയ്തു. ''ഇതിനിടെ ഒരു ദിവസം സ്‌കേറ്റിങ് ബോര്‍ഡില്‍ നിന്ന് വീണു, അത് അവള്‍ അത് ആരോടും പറഞ്ഞില്ല, കുറച്ചു ദിവസം കഴിഞ്ഞ് കൈയിലെ നീരും അനക്കാനുള്ള ബുദ്ധിമുട്ടും കണ്ടാണ് ഡോക്ടറെ കാണിച്ചത്. അപ്പോഴാണ് കൈയിലെ എല്ലുപൊട്ടിയ വിവരം അറിയുന്നതും'' അമ്മ പറഞ്ഞു.
കരാട്ടെയില്‍ മാത്രമല്ല ഡാന്‍സിലും പാട്ടിലും കായിക ഇനങ്ങളില്‍ മിക്കതിലും കഴിവുതെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. അത്‌ലറ്റിക്‌സില്‍ 600 മീറ്ററിലും റിലേ മത്സരങ്ങളിലുമെല്ലാം പങ്കെടുക്കാറുമുണ്ട്. കൈപൊട്ടിയാലും സാരമില്ലെന്ന് പറഞ്ഞ് അതിനിടെ സ്‌കേറ്റിങ്ങും സ്വായക്തമാക്കി. പിന്നെ നീന്തല്‍, ബാഡ്മിന്‍ഡണ്‍ അങ്ങനെ പല വിദ്യകളും ഈശ്വരിയുടെ കൈവശമുണ്ട്. എല്ലാത്തിലും മുന്നില്‍ നില്‍ക്കുന്ന മിടുക്കിയെക്കുറിച്ച് ഈശ്വരിയുടെ തങ്കശ്ശേരി ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപകര്‍ക്കും അഭിമാനം തന്നെ.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 22-24 കിലോഗ്രാം കാറ്റഗറിയില്‍ ഈശ്വരി വെള്ളി സ്വന്തമാക്കിയിരുന്നു. അവിടെ ഈശ്വരിക്ക് മൂന്ന് എതിരാളികളെയാണ് നേരിടേണ്ടി വന്നത്. ഈ വര്‍ഷം വെങ്കലമായിപ്പോയതില്‍ മകള്‍ക്ക് നിരാശയുണ്ടെങ്കിലും പരുക്കുകളെപോലും വകവയ്ക്കാതെ ഇടിക്കൂട്ടില്‍ പൊരുതിയ മകളുടെ നേട്ടത്തില്‍ മാതാപിതാക്കള്‍ക്ക് അഭിമാനം വാനോളമാണ്. അടുത്തവര്‍ഷം മകള്‍ സ്വര്‍ണം തന്നെ നേടുമെന്നുള്ള പ്രതീക്ഷയിലാണ് അനുവും സാജനും.
പരിശീലകനായ വിനീതിന്റെ വലിയ പിന്തുണയും ഈശ്വരിക്കുണ്ട്. കുഞ്ഞുപ്രായത്തില്‍ തന്നെ തന്റെ കൈയില്‍ കിട്ടിയ ഈശ്വരിയുടെ മിടുക്ക് തിരിച്ചറിഞ്ഞതും അദ്ദേഹം തന്നെ. കാത്ത, കുമിത്ത വിഭാഗങ്ങളിലാണ് ആദ്യം പരിശീലനം ആരംഭിച്ചത്. പിന്നീട് ഈശ്വരിയുടെ പഞ്ചിങ്ങിലുള്ള മികവ് മനസിലാക്കിയ വിനീത് അവളെ ഇടിക്കൂട്ടിലേക്ക് കയറ്റുകയായിരുന്നു. മിക്കവാറും മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. പന്ത്രണ്ടുകാരിയായ ഈശ്വരി സംസ്ഥാന തലത്തില്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവുമടക്കം ഇതിനകം നിരവധി മെഡലുകളാണ് സ്വന്തമാക്കിയത്. ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കിയ ഈ കൊച്ചുമിടുക്കി ഇടിക്കൂട്ടില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ്.