ബിയൻവെനീദൊ എംബാപെ; ഫ്രഞ്ച് സൂപ്പർ താരത്തെ അവതരിപ്പിച്ച് റയല്‍
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപെയെ അവതരിപ്പിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. സാന്റിയാഗൊ ബെർണബ്യൂ സ്റ്റേഡിയത്തില്‍വച്ച് നടന്ന പ്രത്യേക പരിപാടിയിലായിരുന്നു റയലും ആരാധകരും എംബാപെയെ സ്വീകരിച്ചത്. എണ്‍പതിനായിരത്തിലധികം കാണികളാണ് ഗ്യാലറികളില്‍ അണിനിരന്നത്. റയലിന്റെ തൂവെള്ള ജഴ്‌സിയില്‍ ഒൻപതാം നമ്പറിലായിരിക്കും താരം പന്തുതട്ടുക.
റയലുമായി അഞ്ച് വർഷത്തെ കരാറിലാണ് എംബാപെ ഒപ്പുവെച്ചിരിക്കുന്നത്. പാരിസ് സെന്റ് ജർമനുമായുള്ള (പിഎസ്‌ജി) കരാർ അവസാനിച്ചതിനെ തുടർന്ന് ഫ്രീ ഏജന്റായാണ് എംബാപെ റയലിലെത്തിയിരിക്കുന്നത്. പിഎസ്‌ജിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായായാണ് എംബാപെയുടെ പടിയിറക്കം. 255 ഗോളുകളാണ് പിഎസ്‌ജിക്കായി നേടിയത്.
ഫ്രഞ്ച് ലീഗില്‍ കളിച്ച ഏഴ് സീസണുകളിലായി ആറ് കിരീടങ്ങള്‍ നേടാൻ എംബാപെയ്ക്കായി. എന്നാല്‍ പിഎസ്‍ജിക്കൊപ്പം ഒരും ചാമ്പ്യൻസ് ലീഗ് പോലും താരത്തിന് സ്വന്തമാക്കാനായില്ല. 15-ാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെയായിരുന്നു റയല്‍ എംബാപെയുമായുള്ള കരാർ അന്തിമമാക്കിയത്. ബൊറൂസിയ ഡോർട്ടുമുണ്ടിനെ ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയല്‍ കീഴടക്കിയത്.
മൊണോക്കൊയായിരുന്നു എംബാപെയുടെ ആദ്യ ക്ലബ്ബ്. മൊണോക്കോയില്‍ 41 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. പിന്നീടാണ് പിഎസ്‌ജിയിലേക്കുള്ള കൂടുമാറ്റം സംഭവിച്ചത്. എന്നാല്‍ റയല്‍ മാഡ്രിഡ് തന്റെ സ്വപ്ന ക്ലബ്ബാണെന്ന് പലതവണ തുറന്നു പറഞ്ഞ താരമാണ് എംബാപെ. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ കാരണം കരാറിലെത്താനാകാതെ പോകുകയായിരുന്നു.