ലോങ് ജംപിൽ കരിയർ ബെസ്റ്റ് പ്രകടനവുമായി ശ്രീശങ്കർ; ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കർ. ലോങ്ജംപിൽ പാരീസ് ഡയമണ്ട് ലീഗിലെ ചരിത്ര നേട്ടത്തിന് പിന്നാലെയാണ് ശ്രീശങ്കറിന്റെ മിന്നും പ്രകടനം. അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനുമുള്ള ബെർത്ത് ഉറപ്പിച്ചത്.
ജെസ്വിൻ ആൽഡ്രിന്റെ 8.42 മീറ്ററെന്ന ദേശീയ റെക്കോർഡിന് തൊട്ടടുത്ത പ്രകടനമാണ് ഭുവനേശ്വറിൽ ഈ ഇരുപത്തിനാലുകാരൻ കാഴ്ചവച്ചത്. ശ്രീശങ്കറിന്റെ കരിയർബെസ്റ്റ് പ്രകടനമാണ് ഇത്.
"ഏകദേശം 1.5 മീ/സെക്കൻഡ് വേഗതയിലായിരുന്നു കാറ്റ്. ദേശീയ റെക്കോർഡിന് തൊട്ടുപിറകിൽ മാത്രമാണ് ഫിനിഷ് ചെയ്യാനായത്. എങ്കിലും ഈ പ്രകടനത്തിൽ താൻ സന്തോഷവാനാണ്," മത്സര ശേഷം ശ്രീശങ്കർ പറഞ്ഞു.
നാളെ നടക്കുന്ന ഫൈനലിലേക്ക് 12 പേരാണ് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ ശ്രീശങ്കര്‍ ഒന്നാമതായപ്പോള്‍, 7.83 മീറ്റര്‍ ദൂരം ചാടി ആഡ്രിന്‍ രണ്ടാമതായി. മലയാളി താരം മുഹമ്മദ് അനീസാണ് മൂന്നാമത് ഫിനിഷ് ചെയ്തത്. 7.71 മീറ്ററാണ് അനീസിന്‌റെ ദൂരം. 8.25 മീറ്ററാണ് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക്. ഏഷ്യൻ ഗെയിംസിന് 7.95 മീറ്ററും.
ഈ മാസമാദ്യം പാരീസ് ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ചാടി ശ്രീശങ്കർ വെങ്കലമെഡൽ നേടിയിരുന്നു. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്കും ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയ്ക്കും ശേഷം പാരീസ് ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ഇതോടെ ശ്രീശങ്കർ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഓഗസ്റ്റിലാണ് ലോക ചാമ്പ്യൻപ്പ് നടക്കുന്നത്