സൂര്യനമസ്‌കാരത്തിനും യോഗയ്ക്കും ഫുട്ബോളിലെ പങ്ക്; മലയാളി യുവാവിന്റെ ഗവേഷണ പ്രബന്ധം ഖേല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍
കേരളത്തിന് അഭിമാനമായി 24 കാരന്റെ ഗവേഷണ പ്രബന്ധം ഖേല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍. നിലമ്പൂരുകാരന്‍ ഷാഹിന്‍ ഷായുടെ ഗവേഷണ പ്രബന്ധമാണ് ഫിസിക്കല്‍ എഡ്യുക്കേഷന്റെയും സ്‌പോര്‍ട്‌സിന്റെയും ഹെല്‍ത്തിന്റെയും ഇന്റര്‍നാഷണല്‍ ജേര്‍ണലായ ഖേല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു വന്നത്. കേരളത്തിന് മാത്രമല്ല, ഇന്ത്യയുടെ കായിക ശാസ്ത്രലോകത്തിന് പോലും അഭിമാനമാനമാണ് ഷാഹിന്‍ഷായുടെ ഈ നേട്ടം.
സൂര്യനമസ്‌കാരവും യോഗയും പരിശീലിക്കുന്നതിലൂടെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് കാര്യക്ഷമതയും ചടുലതയും ലഭിക്കുന്നു (The impact of Surya Namaskar exercise on agility performance among residential junior football players) എന്നാണ് ഗവേഷണത്തിന്റെ ഭാഗമായി ഷാഹിന്‍ഷാ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലാണ് ഖേല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ (khel journal international) പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എട്ടാംക്ലാസില്‍ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്ന് തുടങ്ങിയ ഷാഹിന്‍ഷായുടെ പ്രയാണം ഇന്ന് എത്തി നില്‍ക്കുന്നത് ദേശീയ തലത്തില്‍ തന്നെ എണ്ണം പറഞ്ഞ സ്‌പോര്‍ട്‌സ് സയന്റിസ്റ്റുകളില്‍ ഒരാളായി ഐഎന്‍എസ്‌സി ബെഗംളൂരിവില്‍ ആണ് . ആ കരിയറിന് മുതല്‍ക്കൂട്ടായതാകട്ടെ ഇന്ത്യയിലെ ഒരേ ഒരു സ്‌പോര്‍ട്ട്‌സ് യൂണിവേഴ്‌സിറ്റിയായ മണിപ്പൂര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ ബിഎസ്‌സി സ്‌പോര്‍ട്‌സ് കോച്ചിങ് ബിരുദവും. പഠനം ഇപ്പോഴും തുടരുകയാണ് ഷാഹിന്‍ഷാ. അമൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംബിഎ ചെയ്തു കൊണ്ടിരിക്കുകയാണ് ഷാഹിന്‍ഷാ.
ലണ്ടനിലെ വെന്‍ലോക്ക് ആസ്ഥാനമായി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്ന സ്‌പോര്‍ട്‌സ് മാനുഫാക്ചറിങ് കമ്പനിയായ സ്‌പോട്ടോ സ്‌പോര്‍ട്ട്‌സ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമാണ് ഷാഹിന്‍ഷാ. പഞ്ചാബിലെ ജലന്ധറില്‍ ഇതിനകം ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഫുട്‌ബോള്‍ പാഷനായ രാജ്യമെങ്ങുമുള്ള കുട്ടികള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി തീര്‍ത്തും വ്യത്യസ്തമായ പരിശീലനം നല്‍കുന്ന ഇടമാണ് വയനാട്ടിലുള്ള റെസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയായ സ്‌പോര്‍ട്ടോ സോക്കര്‍ അക്കാദമി. ഇതിന്റെ തലപ്പത്തും ഷാഹിന്‍ഷായാണ്. തീര്‍ത്തും ശാസ്ത്രീയമാണ് ട്രെയിനിങ്. മെഡിക്കല്‍, ആയുര്‍വേദിക്, ഫിസിയോ സപ്പോര്‍ട്ടോടു കൂടിയാണ് ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്. 2034 ലെ ലോകകപ്പ് ബാച്ചിലേക്കുള്ള ടീമിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അക്കാദമിയില്‍ പരീശീലനം ലഭിച്ച വിദ്യാര്‍ത്ഥികളിലൊരാള്‍ ഇതിനകം 2023 അണ്ടര്‍ 17 ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു കഴിഞ്ഞു. രണ്ട് കുട്ടികള്‍ക്ക് രാജസ്ഥാന്‍ യുണൈറ്റഡിലും, നാലു കുട്ടികള്‍ക്ക് വീതം Fuenlabrada എഫ് സി സ്‌പെയിന്‍, യംഗ് ബ്ലാസ്റ്റേഴ്‌സ് എന്നിവിടങ്ങളിലും ഒരു വിദ്യാര്‍ത്ഥിക്ക് ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്.