ഇടിയേറ്റ് ടൈസൻ; 27കാരൻ ജേക്ക് പോളിനോട് തോറ്റ് ബോക്സിങ് ഇതിഹാസം

ഇടിയേറ്റ് ടൈസൻ; 27കാരൻ ജേക്ക് പോളിനോട് തോറ്റ് ബോക്സിങ് ഇതിഹാസം

വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്
Updated on
1 min read

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്. എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.

ടെക്സസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരം നെറ്റ്ഫ്ലിക്സാണ് തത്സമയം സംപ്രേഷണം ചെയ്തത്. ജൂലൈ 20ന് നടക്കുമെന്ന് പറഞ്ഞിരുന്ന മത്സരം ടൈസന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

27കാരനാണ് ടൈസന്റെ എതിരാളി ജേക്ക് പോൾ. നേരത്തെ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്ന ജേക്ക് പോളിന് പ്രോബ്ലം ചൈൽഡ് എന്നൊരു അപരനാമവുമുണ്ട്. 2018ലാണ് ബോക്സിങ് പ്രൊഫഷനിലേക്ക് ജേക്ക് പോൾ എത്തുന്നത്.

മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റി.

ടൈസന് പൂർണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകിയിരുന്നെങ്കിലും യുഎസിൽ വേദികൾ അനുവദിക്കുന്നതിൽ പ്രതിസന്ധിയുണ്ടായിരുന്നു. ടെക്സാസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അനുമതി നൽകിയിരുന്നില്ല. മത്സരത്തിന് ഏതാനും ഇളവുകളും നൽകിയിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള മത്സരം എട്ടാക്കി ചുരുക്കി. ഓരോ റൗണ്ടും മൂന്ന് മിനിറ്റിന് പകരം രണ്ട് മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാനാകുന്ന വിധത്തിലുള്ള ഗ്ലൗസുകളും നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in