അറിയുമോ 'ഗോളടിക്കുന്ന' മിഥുൻ ചക്രവർത്തിയെ?

അറിയുമോ 'ഗോളടിക്കുന്ന' മിഥുൻ ചക്രവർത്തിയെ?

പദ്മഭൂഷൺ ബഹുമതി നേടിയ മിഥുൻ ചക്രവർത്തിയെ കുറിച്ച് ഒരോർമ്മ
Updated on
3 min read

പൊരിച്ച മീൻ കഴിക്കാൻ അരികിലിരുന്ന് സ്നേഹപൂർവ്വം നിർബന്ധിക്കുന്നത് സാക്ഷാൽ മിഥുൻ ചക്രവർത്തി; വിളമ്പിത്തരുന്നത് ബോളിവുഡിലെ സ്വപ്നറാണിയായിരുന്ന യോഗീതാ ബാലിയും. ആനന്ദലബ്ധിക്കിനിയെന്തുവേണം?

പദ്‌മഭൂഷൺ ജേതാക്കളുടെ പട്ടികയിൽ മിഥുന്റെ പേര് കണ്ടപ്പോൾ ഓർമ്മവന്നത് ഹിന്ദി സിനിമയിലെ പഴയ സൂപ്പർ താരവുമൊത്ത് ചെലവഴിച്ച ആ അപൂർവ നിമിഷങ്ങൾ. ബോളിവുഡ് സെലബ്രിറ്റികളുടെ പതിവ് വേഷഭൂഷാദികളും തലക്കനവും ഗ്ലാമർ പരിവേഷവും മറ്റ് ആർഭാടങ്ങളൊന്നുമില്ലാതെ ഊട്ടി ഹാവ്ലോക്ക് റോഡിലെ മൊണാർക്ക് ഹോട്ടലിന്റെ ലോബിയിൽ കേരളത്തിൽ നിന്നെത്തിയ സ്പോർട്ട്സ് ലേഖകനെ ക്ഷമയോടെ കാത്തിരുന്ന മിഥുൻ ഒരത്ഭുതമായിരുന്നു എനിക്ക്. ഇന്നും അതെ.

മിഥുൻ ചക്രവർത്തിയുടെ കടുത്ത പന്തുകളി പ്രേമത്തെക്കുറിച്ചറിഞ്ഞത് അന്നാണ്. ഏത് ബംഗാളിയെയും പോലെ ഫുട്ബോൾ രക്തത്തിൽ അലിഞ്ഞ ജന്മം

സിനിമയല്ല ഫുട്‍ബോൾ ആണ് ആ കൂടിക്കാഴ്ചക്ക് നിമിത്തമായത് എന്നു കൂടി അറിയുക. പരസ്പരം പരിചയപ്പെടുത്തിയത് ഐ എം വിജയൻ. 1999ലെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് തല മത്സരങ്ങൾ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനു സമീപമുള്ള ബ്രീക്ക്സ് സ്റ്റേഡിയത്തിൽ നടക്കുന്നു. മത്സരം ഇന്ത്യൻ എക്സ്പ്രസിന് വേണ്ടി റിപ്പോർട്ട് ചെയ്യാൻ ചെന്നപ്പോഴാണ് വിജയൻ ആ വിവരം പങ്കുവെച്ചത്. മിഥുൻ ദാ പുതിയൊരു ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചിരിക്കുന്നു.

മിഥുൻ ചക്രവർത്തിയുടെ കടുത്ത പന്തുകളി പ്രേമത്തെക്കുറിച്ചറിഞ്ഞത് അന്നാണ്. ഏത് ബംഗാളിയെയും പോലെ ഫുട്ബോൾ രക്തത്തിൽ അലിഞ്ഞ ജന്മം. കൊൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജിന് വേണ്ടി യൂണിവേഴ്സിറ്റി തലത്തിൽ കളിച്ചുകൊണ്ടാണ് തുടക്കം. ചില ലോവർ ഡിവിഷൻ ക്ലബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ട്. "പതിവായി ഗോളുകൾ സ്കോർ ചെയ്തിരുന്നു അന്നൊക്കെ," മിഥുന്റെ വാക്കുകൾ.

അറിയുമോ 'ഗോളടിക്കുന്ന' മിഥുൻ ചക്രവർത്തിയെ?
നെവിൽ ഡിസൂസ ഓസ്ട്രേലിയയെ നാണം കെടുത്തിയ ദിവസം

മോഹൻ ബഗാന്റെ പച്ചയും മെറൂണും ഇടകലർന്ന ജേഴ്‌സിയായിരുന്നു അന്നത്തെ സ്വപ്നം. പക്ഷേ അത് സഫലമാകും മുൻപേ സിനിമ മിഥുനെ കൊത്തിക്കൊണ്ടു പോയി. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം അല്പകാലം നക്സലിസത്തിൽ ആകൃഷ്ടനായെങ്കിലും മൃണാൾ സെൻ ചിത്രമായ "മൃഗയ"യിലൂടെ മിഥുൻ ഒടുവിൽ നടനാകുന്നു. ആദ്യ ചിത്രത്തിൽ തന്നെ ഏറ്റവും മികച്ച അഭിനേതാവിനുള്ള ദേശീയ അവാർഡ്. അതു കഴിഞ്ഞു ഡിസ്കോ ഡാൻസർ (1982) പോലുള്ള ബോക്സോഫീസ് ഹിറ്റുകൾ. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല മിഥുന്.

കളി മുഴുവൻ അഭ്രപാളികളിലായിരുന്നെങ്കിലും പന്തുകളിയെ മറന്നില്ല മിഥുൻ. "ഇന്ത്യൻ ഫുട്‍ബോളിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. അത് വീണ്ടെടുക്കുകയാണ് എന്റെ ലക്ഷ്യം. വിജയനെയും ബൈച്ചുങ് ബൂട്ടിയയെയും പോലുള്ള ലോക നിലവാരമുള്ള താരങ്ങൾ നമുക്കുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം? കുരുന്നു പ്രതിഭകളെ വാർത്തെടുക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളൊന്നും നമുക്കില്ല. എന്റെ അക്കാദമിയുടെ ലക്‌ഷ്യം ആ പോരായ്മ പരിഹരിക്കുകയാണ്," കൂടിക്കാഴ്ചയിൽ മിഥുൻ പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ.

കളിയിൽ നിന്ന് വിരമിച്ച ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതിവീണ പന്തുകളിക്കാരുടെ ക്ഷേമത്തിനായി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബെനഫിറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതും മിഥുന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു

ബംഗാൾ ഫുട്‍ബോൾ അക്കാദമി എന്ന പേരിൽ മിഥുന്റെയും സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകളോടെ നിലവിൽ വന്ന ആ പരിശീലനകേന്ദ്രം പക്ഷേ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റിയോ എന്ന് സംശയം. ബംഗാൾ ഫുട്‍ബോളിൽ നാമമാത്ര സാന്നിധ്യമാണ് ഇന്ന് ബി എഫ് എ. വൻ പ്രതീക്ഷകളോടെ അക്കാദമിക്ക് രൂപം നൽകുമ്പോൾ തന്നെ കാത്തിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാനായിരുന്നില്ല മിഥുൻ. ഫുട്ബോൾ സംഘടനയുടെ അധികാരകേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് അദ്ദേഹത്തിന് നേരെ ഏറ്റവുമധികം "പാരകൾ" നീണ്ടുവന്നത്. സുബ്രതോ ഭട്ടാചാർജി, പ്രശാന്ത ബാനർജി, അതനു ഭട്ടാചാർജി തുടങ്ങിയ പഴയ പടക്കുതിരകളോടൊപ്പം ബംഗാളിന്റെ മുക്കിലും മൂലയിലും പ്രദർശന മത്സരങ്ങൾ കളിച്ചുകൊണ്ടാണ് അക്കാദമിക്ക് വേണ്ടി മിഥുൻ ഫണ്ട് കണ്ടെത്തിയത്. പക്ഷേ അങ്ങനെ സമ്പാദിച്ച പണം ഫുട്‍ബോളിന്റെ വളർച്ചക്ക് ഫലപ്രദമായി വിനിയോഗിക്കപ്പെടാതെ പോയി. ആ തുക എങ്ങനെ പാഴായിയെന്ന് മിഥുന് പോലുമറിയില്ല എന്നതാണ് സത്യം.

മിഥുന്റെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ മൊണാർക്ക് എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചുള്ള കൂടിക്കാഴ്ച മറക്കാനാവില്ല. മിഥുൻ കൂടി വേഷമിടുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട് അന്നവിടെ. പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് മിഥുൻ. "കുറച്ചു കാലമായി ഈ യൂണിഫോം ആണ് മിക്ക സിനിമയിലും എനിക്ക്. നെയിം പ്ലേറ്റ് മാത്രം മാറ്റേണ്ട കാര്യമേയുള്ളൂ," കളിയും കാര്യവും ഇടകലർത്തി മിഥുൻ പറഞ്ഞു.

അറിയുമോ 'ഗോളടിക്കുന്ന' മിഥുൻ ചക്രവർത്തിയെ?
നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ

പുഴമീനുകളുടെ രാജാവെന്ന് ബംഗാളികൾ വാഴ്ത്തുന്ന ഹിൽസ മൽസ്യം ഉച്ചഭക്ഷണ വേളയിൽ നിർബന്ധിച്ചു കഴിപ്പിച്ചത് മറ്റൊരു രസികൻ ഓർമ്മ. "ഞങ്ങൾ ബംഗാളികളെപ്പോലെ നിങ്ങൾ മലയാളികളും മൽസ്യപ്രേമികളാണ് എന്നറിയാം. ഹിൽസ നിങ്ങൾക്കവിടെ കിട്ടില്ല. അതുകൊണ്ട് സുഭിക്ഷമായി കഴിച്ചോളൂ," മിഥുൻ പറഞ്ഞു. ഉച്ചഭക്ഷണത്തിന് ഒപ്പം ചേർന്ന മിഥുന്റെ ഭാര്യയും നടിയുമായ യോഗീതാ ബാലിയുടെ വാക്കുകളും മറന്നിട്ടില്ല. "സിനിമയേക്കാൾ മിഥുന് കമ്പം ഫുട്ബോളിനോടാണ് എന്ന് തോന്നും ചിലപ്പോൾ. ടെലിവിഷനിൽ കളി കണ്ടു നേരം വെളുപ്പിക്കുന്നതാണ് ഏറ്റവും വലിയ ഹോബി." നാഗിൻ, ജാനി ദുശ്മൻ, സിന്ദഗി ഔർ തൂഫാൻ, ചാച്ചാ ഭതീജ തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ യോഗീതയെ മിഥുൻ ജീവിത പങ്കാളിയാക്കിയത് 1979ൽ. അതിനു മുൻപ് കിഷോർ കുമാറിന്റെ പത്നിയായിരുന്നു അവർ. മിഥുൻ, യോഗീത ദമ്പതികളുടെ നാല് മക്കളിൽ മഹാക്ഷയ് ചക്രവർത്തി (മിമോ) അറിയപ്പെടുന്ന നടനാണ്.

എഴുപത്തിമൂന്നാം വയസിലും സിനിമയോടും ഫുട്‍ബോളിനോടുമുള്ള സ്നേഹം ഉപേക്ഷിച്ചിട്ടില്ല മിഥുൻ

കളിയിൽ നിന്ന് വിരമിച്ച ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതിവീണ പന്തുകളിക്കാരുടെ ക്ഷേമത്തിനായി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബെനഫിറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതും മിഥുന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. മുൻ ഇന്ത്യൻ താരം ഗൗതം സർക്കാറിന് വേണ്ടി നടത്തിയ പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടിയത് മിഥുൻ ഇലവനും സൗരവ് ഗാംഗുലി ഇലവനും. എന്നാൽ അത്തരം മത്സരങ്ങൾക്ക് ഒരു തുടർച്ചയുണ്ടായില്ല. പിൽക്കാലത്ത് ഹൗറ യൂണിയൻ എന്നൊരു ക്ലബ്ബ് ഏറ്റെടുക്കുകയും ചെയ്തു മിഥുൻ. സിനിമാ ജീവിതത്തോളം തന്നെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു മിഥുന്റെ രാഷ്ട്രീയ കളംമാറ്റങ്ങളും. തൃണമൂൽ കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം. രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടതും അക്കാലത്തു തന്നെ. മൂന്ന് വർഷമായി ബി ജെപിയിലാണ് മിഥുൻ.

എഴുപത്തിമൂന്നാം വയസിലും സിനിമയോടും ഫുട്‍ബോളിനോടുമുള്ള സ്നേഹം ഉപേക്ഷിച്ചിട്ടില്ല മിഥുൻ. പദ്‌മഭൂഷൺ പ്രഖ്യാപന വാർത്ത വരുമ്പോൾ ബംഗളൂരുവിൽ ഒരു പടത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു അദ്ദേഹം. ആദ്യ സമാഗമത്തിന് ശേഷം മൊണാർക്ക് ഹോട്ടലിന്റെ പൂമുഖം വരെ അനുഗമിച്ചു യാത്രയാക്കവേ മിഥുൻ പറഞ്ഞ വാക്കുകളാണ് ഓർമ്മയിൽ: "ബംഗാളികളും മലയാളികളും പൂർവ്വജന്മ സഹോദരങ്ങളാണ് എന്നറിയുമോ? സിനിമയിലായാലും ഫുട്‍ബോളിലായാലും രാഷ്ട്രീയത്തിലായാലും നമുക്ക് വിഡ്ഢികളെ സഹിക്കാൻ പറ്റില്ല"

logo
The Fourth
www.thefourthnews.in