പണത്തിന് മീതെ പരുന്ത് പറക്കില്ല, പക്ഷേ പന്തുരുളും; കാശെറിഞ്ഞിട്ടും കളം പിടിക്കാനാകാതെ വമ്പന്മാര്‍

പണത്തിന് മീതെ പരുന്ത് പറക്കില്ല, പക്ഷേ പന്തുരുളും; കാശെറിഞ്ഞിട്ടും കളം പിടിക്കാനാകാതെ വമ്പന്മാര്‍

ട്രാൻസ്‌ഫറിലെ കണക്കുകൂട്ടലുകള്‍ പലപ്പോഴും പിഴയ്ക്കുന്ന കാഴ്ചയാണ് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ദൃശ്യമായിട്ടുള്ളത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെല്‍സി
Updated on
3 min read

ക്ലബ്ബ് ഫുട്ബോളില്‍ പന്തുരുളുന്നതിനോടൊപ്പം കോടികളും കിലുങ്ങും, അതിപ്പോള്‍ യൂറോപ്പിലാണെങ്കിലും അറേബ്യൻ മണ്ണിലാണെങ്കിലും. ഓരോ സീസണ്‍ തുടങ്ങുമ്പോഴും പ്രമുഖ ടീമുകളെല്ലാം പണം വാരിയെറിഞ്ഞ് ടീമിനെ പുതുക്കിപ്പണിയും. ലക്ഷ്യം ഒന്നുമാത്രമാണ്, കിരീടങ്ങള്‍ തങ്ങളുടെ ട്രോഫി ക്യാബിനെറ്റിലെത്തിക്കുക.

എന്നാല്‍, ട്രാൻസ്‌ഫറിലെ കണക്കുകൂട്ടലുകള്‍ പലപ്പോഴും പിഴയ്ക്കുന്ന കാഴ്ചയാണ് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ദൃശ്യമായിട്ടുള്ളത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെല്‍സി. വിലയിരുത്തല്‍ അല്‍പം നേരത്തെയായിപ്പോയെന്ന് തോന്നിയേക്കാം, പക്ഷേ ചെല്‍സിയുടെ സ്ക്വാഡ് ഡെപ്‌ത്ത് പരിശോധിക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ സ്ഥാനം നയിക്കുന്നത് നിരാശയിലേക്ക് മാത്രമാണ്. ചെല്‍സിയോട് ചേർത്തുവെക്കാനാകില്ലെങ്കിലും റയല്‍ മാഡ്രിഡിനും കടലാസിലെ വേഗതയും ചടുലതയും ഗോള്‍വലയിലേക്ക് എത്തിക്കാനായിട്ടില്ല.

ചെൽസി: പുതിയ 13 താരങ്ങള്‍- സ്ഥാനം 11

ലെസ്റ്റർ സിറ്റിയില്‍ നിന്ന് ചുവടുമാറ്റിയ എൻസൊ മരെസ്കോ എന്ന ഇറ്റാലിയൻ പരിശീലകന് കീഴില്‍ അടിമുടി പുതിയൊരു ടീമായാണ് ചെല്‍സി പന്തുതട്ടാനിറങ്ങിയത്. സമ്മർ ട്രാൻസ്‌ഫറില്‍ ടീമിലെത്തിയത് 13 താരങ്ങളാണ്.

പെഡ്രൊ നെറ്റൊ (വോള്‍വ്സ് - 480 കോടി), യാവൊ ഫെലിക്‌സ് (അത്‌ലറ്റിക്കൊ മാഡ്രിഡ് - 416 കോടി), കീർനാൻ ഹാള്‍ (ലെസ്റ്റർ - 283 കോടി), ഫിലിപ്പ് ജോർഗൻസൻ (വിയ്യാറയല്‍ - 196 കോടി), മൈക്ക് പെൻഡേഴ്‌സ് (കെ ആർ സി ജെങ്ക് - 160 കോടി), ആരോണ്‍‌ അൻസെല്‍മിനൊ (ബോക്ക ജൂനിയേഴ്‌സ് - 132 കോടി), റെനെറ്റൊ വെയ്‌ഗ (എഫ്‌സി ബേസല്‍ - 112 കോടി), കാലേബ് വൈലി (അറ്റ്‌ലാന്റ - 80 കോടി), മാർക്ക് ഗ്യൂ (ബാഴ്‌സലോണ - 48 കോടി), ജേഡൻ സാഞ്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ് - ഫ്രീ ട്രാൻസ്‌ഫർ), ടോസിൻ അഡറാബിയോയൊ (ഫുള്‍ഹാം), എസ്റ്റാവൊ വില്യൻ (പാള്‍മെയിറാസ്), ഒമാരി കെല്ലിമാൻ (ആസ്റ്റണ്‍ വില്ല) എന്നിവരാണ് ചെല്‍സിയിലേക്ക് ചേക്കേറിയ താരങ്ങള്‍.

 യാവൊ ഫെലിക്‌സ്
യാവൊ ഫെലിക്‌സ്
പണത്തിന് മീതെ പരുന്ത് പറക്കില്ല, പക്ഷേ പന്തുരുളും; കാശെറിഞ്ഞിട്ടും കളം പിടിക്കാനാകാതെ വമ്പന്മാര്‍
ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ; 900 ഗോളുകള്‍ നേടുന്ന ആദ്യ താരം

ട്രാൻസ്‌ഫർ മാർക്കെറ്റിന്റെ കണക്കുകള്‍ പ്രകാരം താരങ്ങളെ ടീമിലെത്തിക്കാൻ മാത്രം ചെല്‍സി ഈ സമ്മറില്‍ ചെലവാക്കിയത് 1908 കോടി രൂപയാണ്. ടീമിലെത്തിച്ച താരങ്ങളുടെ വിപണിമൂല്യം 3,680 കോടി രൂപയുമാണ്.

ചെല്‍സിയുടെ പ്രീമിയർ ലീഗിന് കിക്കോഫ് വീണതിന്റെ 18-ാം മിനുറ്റില്‍ തന്നെ മരെസ്കോയുടെ സംഘം പിന്നിലായി. എർലിങ് ഹാളണ്ടിന്റേയും മുൻ ചെല്‍സി താരം മാറ്റെയൊ കൊവാസിച്ചിന്റേയും ഗോളില്‍ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. താരതമ്യേന ശക്തരല്ലാത്ത വോള്‍വ്‌സിനെ 6-2 എന്ന സ്കോറില്‍ പരാജയപ്പെടുത്തി തിരിച്ചുവരവ് നടത്തി. ടീമിലെത്തിയ ഫെലിക്‌സുള്‍പ്പടെയുള്ളവർ ലക്ഷ്യം കാണുകയും ചെയ്തു. പക്ഷേ, മൂന്നാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് സമനിലയിലും കുരുങ്ങി. മൂന്ന് കളികളില്‍ നിന്ന് ഒന്നുവീതം ജയവും സമനിലയും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്താണ് ചെല്‍സി നിലവില്‍.

2004-05 ആവർത്തിക്കാൻ ചെല്‍സിക്ക് സാധിക്കുമോ?

അബ്രമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥത ഏറ്റെടുത്തതിന്റെ രണ്ടാം സീസണ്‍, 2004-05. റയല്‍ മാഡ്രിഡിനേയും മാഞ്ചസ്റ്റർ യുണൈറ്റഡിനേയുമൊക്കെപ്പോലെ ഒരു ആഗോള ബ്രാൻഡാകുക എന്ന പദ്ധതിയിലേക്ക് ചെല്‍സി ചുവടുവെച്ചകാലം കൂടിയായിരുന്നു അത്. ട്രാൻസ്‌ഫർ വിൻഡോയില്‍ ചെല്‍സി വിപ്ലവം സൃഷ്ടിച്ച സീസണായിരുന്നു ഇത്. ഹോസെ മൗറിഞ്ഞ്യോയുടെ കീഴിലെ സുവർണകാലത്തിന് തുടക്കമായ സീസണും ഇതുതന്നെ.

അന്ന് ദിദിയർ ദ്രോഗ്‌ബ (265 കോടി), പീറ്റർ ചെക്ക് (78 കോടി), റിക്കാഡൊ കാർവാലൊ (219 കോടി), പൗലൊ ഫെരെയ്‌ര (146 കോടി), ആര്യൻ റോബൻ (132 കോടി), തിയാഗൊ (110 കോടി), മറ്റെജ കെസ്‍മാൻ (58 കോടി) എന്നിവരായിരുന്നു ടീമില്‍ അന്നെത്തിയ പ്രമുഖ താരങ്ങള്‍. 2004-05 സീസണില്‍ കിരീടം നേടുക മാത്രമല്ല അടുത്ത സീസണില്‍ കിരീടം നിലനിർത്താനും ചെല്‍സിക്ക് സാധിച്ചു. പ്രീമിയർ ലീഗിന്റെ ചരിത്രത്തില്‍ കിരീടം നിലനിർത്തുന്ന അഞ്ചാമത്തെ മാത്രം ടീമായി മാറാനും ചെല്‍സിക്ക് സാധിച്ചു.

എംബാപ്പെ എഫക്ടില്ലാതെ റയലിന്റെ തുടക്കം

ചെല്‍സിയെപ്പോലെ ചുരുക്കം ചില സീസണുകളില്‍ മാത്രം സൂപ്പർ താരങ്ങളെ പണമെറിഞ്ഞ് ജേഴ്‌സി നല്‍കുന്ന ശീലമല്ല റയലിന്റേത്. കാലങ്ങളായി റയലിന്റെ ഒരു ശീലമാണിത്, അത് റയലിന്റെ തൂവെള്ളക്കുപ്പായമണിഞ്ഞവരുടെ പട്ടികയിലേക്ക് നോക്കിയാല്‍ വ്യക്തമാകും. ക്രിസ്റ്റിയാനൊ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, സിനദിൻ സിദാൻ, ഗാരത് ബെയില്‍, റൊണാള്‍ഡൊ, ലൂയിസ് ഫിഗൊ, റൊബെർട്ടൊ കാർലോസ്, കസിയസ്...എന്നിങ്ങനെ നീളുന്ന പട്ടിക അവസാനിച്ചിരിക്കുന്നത് കിലിയൻ എംബാപ്പെയിലും എൻഡ്രിക്കിലുമാണ്.

എൻഡ്രിക്കിനെ 380 കോടി രൂപയ്ക്കാണ് റയല്‍ സ്വന്തമാക്കിയത്. എംബാപ്പെയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് ഫ്രീ ട്രാൻസ്‌ഫറിലാണെങ്കിലും താരത്തിന്റെ വിപണിമൂല്യം 1400 കോടിയിലധികമാണ്. പക്ഷേ, പകിട്ടിനൊത്ത് പന്തുതട്ടാൻ എംബാപ്പെയ്ക്കും സാധിച്ചിട്ടില്ല ഇത്തവണ.

പണത്തിന് മീതെ പരുന്ത് പറക്കില്ല, പക്ഷേ പന്തുരുളും; കാശെറിഞ്ഞിട്ടും കളം പിടിക്കാനാകാതെ വമ്പന്മാര്‍
മെസിയും പിള്ളേരും മലയാളമണ്ണില്‍ പന്ത് തട്ടും; മത്സരം അടുത്ത വര്‍ഷം ഒക്‌ടോബറില്‍, എഎഫ്എയുമായി ചർച്ച നടത്തി കായികമന്ത്രി

ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രിഗൊ എന്നിവരടങ്ങിയ മുന്നേറ്റനിരയിലേക്കാണ് കാർലോസ് ആഞ്ചലോട്ടി എംബാപ്പെയേയും എൻഡ്രിക്കിനേയും എത്തിച്ചത്. ബെല്ലിങ്‌ഹാമിന്റെ പരുക്ക് തിരിച്ചടിയായി നിലനില്‍ക്കുമ്പോഴും കൃത്യമായി മുൻനിരയെ ഉടച്ചുവാർക്കാൻ ആഞ്ചലോട്ടിക്ക് സാധിച്ചിട്ടില്ല. ഗോളടിച്ചും അടിപ്പിച്ചും ലാ ലിഗയില്‍ കളം വാണിരുന്ന വിനീഷ്യസിന് രണ്ട് പട്ടികയിലും ഇത്തവണ ഇടം നേടാനായിട്ടില്ല.

റയലിന്റെ ജേഴ്‌സിയില്‍ ലാ ലിഗയില്‍ ആദ്യ ഗോള്‍ നേടാൻ നാലാം മത്സരം വരെ എംബാപ്പെയ്ക്ക് കാത്തിരിക്കേണ്ടതായി വന്നു. ടോപ് സ്കോറർമാരുടെ പട്ടികയിലുള്ള ഏക റയല്‍ താരവും എംബാപ്പെയാണ്. സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഷോട്ടുതിർത്ത (10) താരമായിട്ടും രണ്ട് തവണമാത്രമാണ് എംബാപ്പെയ്ക്ക് പന്ത് ഗോള്‍വര കടത്താനായിട്ടുള്ളത്.

എംബാപ്പെയെ ഗോളടിപ്പിക്കുക, വിമർശകരുടെ വായടപ്പിക്കുക എന്നതാണ് നയമെന്ന തരത്തിലാണ് റയല്‍ പന്തുതട്ടുന്നത്. ഇത് ബാധിക്കുന്ന റയലിന്റെ ടീം ഗെയിമിനെയാണ്. കഴിഞ്ഞ സീസണില്‍ വിനീഷ്യസ് (15 ഗോള്‍, ആറ് അസിസ്റ്റ്), റോഡ്രിഗൊ (10 ഗോള്‍, അഞ്ച് അസിസ്റ്റ്), ബെല്ലിങ്ഹാം (19 ഗോള്‍, ആറ് അസിസ്റ്റ്) ത്രയത്തിലൂന്നിയായിരുന്നു റയല്‍ കിരീടങ്ങള്‍ വാരിക്കൂട്ടിയത്. എംബാപ്പെയെന്ന ഗോള്‍ സ്കോററെ കേന്ദ്രീകരിച്ചാണ് റയല്‍ ഇനി കളിമെനയുന്നതെങ്കില്‍ കിരീടസ്വപ്നങ്ങള്‍ എത്രത്തോളം സാധ്യമാകുമെന്ന് കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു. മറുവശത്ത് യുവതാരങ്ങളും ടീം ഗെയിമുമായി ബാഴ്സ അനായാസം വിജയവഴിയില്‍ തുടരുകയാണ്.

logo
The Fourth
www.thefourthnews.in