ഉഷ മറന്നു പോയ മെഡലുകൾ
ഏഷ്യൻ ഗെയിംസിൽ ഏറ്റവും മൂല്യമുള്ള താരത്തിന് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയത് 1998 മുതൽക്കാണ്. 1986 ൽ സോൾ ഏഷ്യൻ ഗെയിംസിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിൽ അതു തീർച്ചയായും പി.ടി. ഉഷയ്ക്കു ലഭിക്കുമായിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ മെഡലുകളുടെ സെഞ്ചുറിക്ക് ഉടമയായ പി.ടി. ഉഷ തന്റെ ദേശീയ വിജയങ്ങൾ എല്ലാം ഓർക്കണമെന്നില്ല. 2015 ൽ കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ തനിക്ക് ദേശീയ ഗെയിംസിൽ മെഡൽ കിട്ടിയിരുന്ന കാര്യം ചില അഭിമുഖങ്ങളിൽ ഉഷ ഓർത്തില്ല.
1987 ൽ കേരളത്തിൽ ഗെയിംസ് നടന്നപ്പോൾ ഉഷയായിരുന്നു നായിക. എന്നാൽ, കാലിൽ വിഷക്കല്ല് കൊണ്ടു പരുക്കേറ്റതിനാൽ ഉഷയ്ക്കു മൽസരിക്കാനായില്ല. 1990 ൽ ഉഷ ആദ്യ വിടവാങ്ങൽ പ്രഖ്യാപിച്ചു. 94 ൽ മടങ്ങി വന്നെങ്കിലും ദേശീയ ഗെയിംസിൽ മത്സരിച്ചില്ല. 97ൽ ബെംഗളുരുവിൽ മൽസരിച്ചെങ്കിലും ഫോമിലല്ലായിരുന്നു. ഈ ഓർമകളിലാകണം 1985 ൽ ഡൽഹിയിലെ നേട്ടങ്ങൾ മറന്നുപോയത്.
1985 ൽ ഉഷ, 100 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ റെക്കോഡോടെ സ്വർണം നേടി. 200 മീറ്ററിൽ ഉഷ മത്സരിച്ചില്ല. പക്ഷേ, ഷൈനിയിലൂടെ കേരളം സ്വർണമണിഞ്ഞു. 87 ലും 200 മീറ്ററിൽ ഉഷയുടെ അസാന്നിധ്യത്തിൽ ഷൈനി കേരളത്തിൻ്റെ രക്ഷകയായി. മത്സരിച്ചപ്പോഴെല്ലാം തന്റെ ഇഷ്ട ഇനമായ 800 മീറ്ററിലും ഷൈനി പൊന്നണിഞ്ഞിരുന്നു.
ഷൈനി - വിൽസണ്‍ ദമ്പതികൾ ദേശീയ ഗെയിംസിൽ നേട്ടങ്ങളുടെ കാര്യത്തിൽ തുല്യത പാലിച്ചു എന്നതും ശ്രദ്ധേയമാണ്. ജോലി ചെന്നൈയിൽ ആയിരുന്നപ്പോഴും കേരളത്തിനായി മാത്രം മത്സരിച്ച ഈ താരദമ്പതികൾ 11 സ്വർണം വീതം നേടി. ഷൈനി 94 ൽ പുനെയിലും മത്സരിച്ചപ്പോൾ വിൽസണ്‍ വിവാഹശേഷം ദേശീയ ഗെയിംസിൽ മത്സരിച്ചില്ല. പക്ഷേ, പരിശീലകനായി സഹായിച്ചു. നീന്തൽ താരമായ വിൽസണ്‍ 1985 ൽ അഞ്ചു സ്വർണവും 87 ൽ ആറു സ്വർണവും ഒരു വെള്ളിയും നേടി.
85 ൽ 200 മീറ്ററിൽ ഷൈനിക്കായിരുന്നു സ്വർണമെന്ന് ഓർമിപ്പിച്ചപ്പോൾ ഉഷ അറിയാതെ സംശയിച്ചു പോയി. " അപ്പോൾ എനിക്കെന്തു പറ്റി ?" ഉഷ മത്സരിച്ചില്ല; അതു തന്നെ സംഭവിച്ചത്. ഉഷയുടെ ആശങ്കയിൽ കാര്യമുണ്ട്. 200 മീറ്ററിൽ ഉഷയെ തോൽപിക്കുക ഷൈനിക്ക് എളുപ്പമല്ല. മറിച്ച് 800 മീറ്ററിൽ ഷൈനിയെ തോൽപിക്കുക ഉഷയ്ക്കും എളുപ്പമല്ല. 400 മീറ്ററിൽ നല്ലൊരു മത്സരം സാധ്യമാകുമെങ്കിലും മുൻതൂക്കം ഉഷയ്ക്കു തന്നെ. പക്ഷേ, ഉഷ തിരിച്ചു വന്ന ശേഷം രാജ്യാന്തര മീറ്റുകളിൽ ഇന്ത്യൻ റിലേ ടീമിൽ ആങ്കർ റോൾ പലപ്പോഴും ഷൈനിക്കായിരുന്നു. അത് ഷൈനി ഭംഗിയായി നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ ഗെയിംസ് ഓർമകളിൽ ഒരു ബോക്സിങ് താരത്തിന്റെയും മുഖം തെളിയുന്നു. വ്യക്തിഗത ഇനങ്ങളിൽ കേരളത്തിൻ്റെ ഏക ലോക ചാമ്പ്യൻ കെ സി ലേഖ. 2007 ൽ ഗുവാഹത്തിയിലാണു സംഭവം. 80 കിലോ വിഭാഗം ഫൈനലിൽ അസമിൻ്റെ പോളി സോൻവാൾ ആണ് എതിരാളി. കാണികൾ സോൻവാളിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയവരും. ഇരുവരും റിങ്ങിൽ ഇറങ്ങി. കാണികൾ സോൻവാലിനായി ആർപ്പുവിളിയും തുടങ്ങി. പക്ഷേ, ആദ്യ ആരവം ഉച്ചസ്ഥായിയിൽ എത്തും മുൻപ് വിസിൽ മുഴങ്ങി, സോൻവാൽ നിലത്ത് മാറ്റില്‍ കിടക്കുന്നു. കേവലം 30 സെക്കൻഡിൽ ലേഖ എതിരാളിയെ ഇടിച്ചിട്ടു സ്വർണം നേടി.