'ഇതെല്ലാം കാണേണ്ടി വന്നതില്‍ സങ്കടമുണ്ട്', ഗുസ്തി താരങ്ങള്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് നീരജ് ചോപ്ര
ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര. പോലീസ് നടപടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു നിരജ് ചോപ്രയുടെ പ്രതികരണം. 'ഈ വീഡിയോ എന്നെ സങ്കടപ്പെടുത്തുന്നു. താരങ്ങളുടെ പരാതി പരിഹരിക്കാന്‍ മാര്‍ഗം ഉണ്ടാകണം,'' സാക്ഷി മാലിക്കിന്റെ ട്വീറ്റ് പങ്കുവച്ച് പ്രതികരിച്ച് നീരജ് ട്വിറ്ററില്‍ കുറിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘടിപ്പിച്ച ഗുസ്തി താരങ്ങളെ തടയുന്നതിനിടെ ആയിരുന്നു സമരക്കാര്‍ക്ക് നേരെ പോലീസ് നടപടി ഉണ്ടായത്. പിന്നാലെ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് എതിരെയാണ് നീരജിന്റെ പ്രതികരണം.
ഗുസ്തി താരങ്ങളും സമരത്തിന് പിന്തുണയുമായെത്തിയവരും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തിയത്. ജന്തര്‍ മന്തറില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തി. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റങ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ, ജന്തര്‍മന്തറിലെ സമരക്കാരുടെ ടെന്റുകളും പോലീസ് നീക്കം ചെയ്തു.
പാര്‍ലമെന്റ് ഉദ്ഘാടനം തടസമുണ്ടാകാതിരിക്കാന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ നിലവിലിരിക്കെയാണ് താരങ്ങള്‍ മാര്‍ച്ച് സംഘടിപ്പിച്ചത. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച പാര്‍ലമെന്റ് അംഗമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ അശോക റോഡിലെ വസതിക്ക് മുന്നില്‍ ഗുസ്തിക്കാരെ തടഞ്ഞുവച്ചു.